Skip to main content

അല്‍ ഫര്‍ഗാനി

ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശ്വവിഖ്യാതനായ  ജ്യോതി ശാസ്ത്രജ്ഞന്‍. അബുല്‍ അബ്ബാസ് അഹമ്മദ് ബ്‌നു മുഹമ്മദ് ബ്‌നു ഖാദിര്‍ അല്‍ ഫര്‍ഗാനി എന്നാണ് മുഴുവന്‍ പേര്. യൂറോപ്യന്‍മാര്‍ക്കിടയില്‍ അല്‍ഫ്രാഗനൂസ് എന്ന പേരിലും അറിയപ്പെടുന്നു. 

ഒമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉസ്‌ബെക്കിസ്താനിലെ സര്‍ദാരിയ നഗരത്തിലെ ഫര്‍ഗാന എന്ന സ്ഥലത്താണ് ജനനം. അബ്ബാസിയ ഖലീഫയായിരുന്ന മഅ്മൂന്റെ കാലത്താണ് ജീവിതവും മരണവും. ജ്യോതിശാസ്ത്രജ്ഞനായ ടോളമിയുടെ ഗ്രന്ഥങ്ങളും സിദ്ധാന്തങ്ങളും അല്‍ഫര്‍ഗാനൂസിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ബഗ്ദാദിലെ ഏഴാമത്തെ അബ്ബാസി ഖലീഫയായിരുന്ന അബു ജഅ്ഫര്‍ അബ്ദുല്ല അല്‍ മഅ്മൂനുബ്‌നു ഹാറൂന്‍ റശീദിന്റെ കീഴിലാണ് ജ്യോതി ശാസ്ത്ര പഠനങ്ങള്‍ ഏറെയും നടത്തിയത്. മെറീഡിയന്‍ ആര്‍ക് (ഒരേ നീളമുള്ള രണ്ട് വസ്തുക്കള്‍ക്കിടയിലെ വിസ്തീര്‍ണം കണ്ടെത്തുന്ന ഉപകരണം) ഉപയോഗിച്ച് ഭൂമിയുടെ വ്യാസം കണ്ടെത്താനുള്ള ഉദ്യമത്തില്‍ മറ്റ് ജ്യോതി ശാസ്ത്രജ്ഞരോടൊപ്പം ഫര്‍ഗാനൂസും പങ്കാളിയായിരുന്നു. 

സുല്‍ത്താന്‍ മഅ്മൂന്റെ രക്ഷാധികാരത്തിലായിരുന്നു ഇവരുടെ പരീക്ഷണം. പിന്നീട് ഇദ്ദേഹം ഈജിപ്തിലെ കെയ്‌റോവിലേക്ക് പോകുകയും എ ഡി 856ല്‍ നക്ഷത്രദൂര മാപക യന്ത്രത്തെ കുറിച്ച് പ്രബന്ധം തയ്യാറാക്കുകയും ചെയ്തു. ജ്യോതി ശാസ്ത്രജ്ഞന്‍ എന്നതിലുപരി അല്‍ഫര്‍ഗാനൂസ് ഒരു മികച്ച എന്‍ജിനീയര്‍ കൂടിയായിരുന്നു. എ ഡി 861ല്‍ അല്‍ റവദാ ദ്വീപില്‍ നൈലോ മീറ്റര്‍ (വെള്ളപ്പൊക്ക സമയങ്ങളില്‍ നൈല്‍ നദിയിലെ ജലത്തിന്റെ വ്യക്തതയും വെള്ളത്തിന്റെ അളവും വ്യക്തമാക്കുന്ന യന്ത്രം) നിര്‍മിക്കുന്നതിന് മേല്‍നോട്ടം വഹിച്ചത് ഇദ്ദേഹമാണ്. ഫര്‍ഗാനൂസിന്റെ ശ്രദ്ധേയമായ ഗ്രന്ഥമാണ് 833ല്‍ രചിച്ച കിതാബുന്‍ ഫീ ജവാമിഇ ഇല്‍മിന്നുജൂം' (നക്ഷത്ര ശാസ്ത്രത്തെക്കുറിച്ച് ഒരു സംക്ഷിപ്ത വിവരണം). ടോളമിയുടെ 'ആല്‍ഗമിസ്റ്റി'ന്റെ ഒരു സംക്ഷിപ്ത രൂപമെന്ന് ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്. 12ാം നൂറ്റാണ്ടില്‍ ഈ ഗ്രന്ഥം ലാറ്റിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. 

ജ്യോതിശാസ്ത്ര മേഖലയില്‍ ടോളമിയുടെ സിദ്ധാന്തങ്ങള്‍ റിജിയോമൊണ്ടാനസ്, ഡാന്റെ അലിഗറി തുടങ്ങിയ ജ്യോതിശ്ശാസ്ത്രജ്ഞര്‍ വ്യാഖ്യാനിക്കുന്നത് വരെ യൂറോപ്പില്‍ ഏറ്റവും പ്രശസ്തമായി നിലനിന്നത് ഈ ഗ്രന്ഥമായിരുന്നു. ജേക്കബ് ഗോലിയസ് അദ്ദേഹത്തിന് ലഭിച്ച കൈയെഴുത്ത് പ്രതികളെ അടിസ്ഥാനപ്പെടുത്തി ഈ ഗ്രന്ഥത്തിന്റെ അറബി ലിപികള്‍ പുതിയ ലാറ്റിന്‍ വിവര്‍ത്തനത്തോടുകൂടി പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ കൈയെഴുത്ത് കൃതികളും ഗ്രന്ഥങ്ങളും ഒക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ലൈബ്രറി, പാരിസ്, കൈയ്‌റോ എന്നിവിടങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കാലശേഷമാണ് ചന്ദ്രനിലെ ഗര്‍ത്തങ്ങളിലൊന്ന് അല്‍ഫ്രാഗനൂസ് ഗര്‍ത്തം എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. 870ല്‍ അന്ത്യം സംഭവിച്ചുവെന്നാണ് നിഗമനം.


 

Feedback