Skip to main content

അല്‍ മര്‍വാസി

ഗണിതശാസ്ത്ര ലോകത്ത് ആദ്യമായി ത്രിമാനഗണിത അനുപാതം നിര്‍വചിച്ചത് അല്‍ മര്‍വാസി എന്ന ഗണിതശാസ്ത്ര പണ്ഡിതനാണ്. അബ്ബാസിയ കാലഘട്ടത്തില്‍ ബഗ്ദാദിലെ ഖലീഫമാരായിരുന്ന സുല്‍ത്താന്‍ മഅ്മൂനിന്റെയും മുഅ്ത്തസിമിന്റെയും ഭരണകാലത്ത് ജീവിച്ചിരുന്ന പേര്‍ഷ്യന്‍ മുസ്‌ലിം ജ്യോതി ശാസ്ത്രജ്ഞനും ഭൂമിശാസ്ത്ര പണ്ഡിതനും ഗണിതശാസ്ത്രജ്ഞനുമായിരുന്നു അല്‍ മര്‍വാസി.  മുഴുവന്‍ പേര് ഹബാഷ് അല്‍ ഹാസിബ് അല്‍ മര്‍വാസി. 

എ ഡി 770ല്‍ തുര്‍ക്ക്‌മെനിസ്താനിലെ മെര്‍വ് എന്ന സ്ഥലത്ത് ജനിച്ചു. ജ്യോതിശാസ്ത്രത്തില്‍ അതീവ തത്പരനായിരുന്ന സുല്‍ത്താന്‍ മഅ്മൂന്‍ തന്റെ കൊട്ടാരത്തില്‍ ധാരാളം ജ്യോതിശാസ്ത്രജ്ഞരെ നിയമിക്കുകയും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ വാനലോകത്തെ നിഗൂഢതകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അനന്തര ഫലമെന്നോണമാണ് എ ഡി 825ല്‍ അല്‍ മര്‍വാസിയെ പോലുള്ള ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയ 'ജ്യോതിശാസ്ത്ര പട്ടിക' (അസ്‌ട്രോണമിക്കല്‍ ടേബ്ള്‍സ്). മുംതഹിന്‍ എന്ന് പേരിട്ട ഈ പട്ടികയുടെ നിര്‍മാണത്തില്‍ ധാരാളം ജ്യോതിശാസ്ത്രജ്ഞരുടെ പ്രയ്തനവും ഉള്‍പ്പെടുന്നുണ്ടെന്നത് വിസ്മരിച്ചുകൂടാ. മൂന്ന് രീതിയിലുള്ള പട്ടികകളാണ് ഇവര്‍ നിരീക്ഷണത്തിലുടെ കണ്ടെത്തിയത്. ആദ്യത്തേത് ഹിന്ദു വിശ്വാസ പ്രകാരമുള്ള പട്ടികകളാണ്. രണ്ടാമത്തേത് ടെസ്റ്റഡ് ടേബിള്‍സ് എന്നാണ് അറിയപ്പെടുന്നത്. ഇത് പരീക്ഷണ പട്ടിക എന്ന നിലയില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് പറയാം. പരീക്ഷണത്തിലൂടെയാണ് പട്ടികയുടെ സ്ഥിരീകരണം നടത്തിയിരിക്കുന്നത്. മഅ്മൂണിക് ടേബിള്‍ എന്നും അറബിക് ടേബിള്‍ എന്നും ഈ പട്ടിക അറിയപ്പെടുന്നുണ്ട്. മൂന്നാമത്തേത് ടേബിള്‍സ് ഓഫ് ഷാ എന്നാണ് അറിയപ്പെടുന്നത്. ഇത് വളരെ ചെറിയ പട്ടികയായിരുന്നു. 

സൂര്യ ഗ്രഹണത്തിന്റെ ദൈര്‍ഘ്യം എത്ര എന്നത് സംബന്ധിച്ച് 829ല്‍ അല്‍ മര്‍വാസി നല്‍കിയ വിശദീകരണം പിന്നീട് അറബ് ലോകത്തെ ജ്യോതിശാസ്ത്ര പണ്ഡിതന്‍മാര്‍ സ്വീകരിച്ചുപോന്നിരുന്നുവെന്നത് ശ്രദ്ധേയമാണ്. ത്രിമാനഗണിതത്തില്‍ 'കണ്ടാന്‍ജന്റ്' കണ്ടെത്തുന്നതും അതിനായി ഒരു പട്ടിക തയ്യാറാക്കുന്നതും അദ്ദേഹമാണ്. ബഗ്ദാദില്‍ അശ്ശംസിയ്യ ഒബ്‌സര്‍വേറ്ററി സ്ഥാപിക്കുന്നതും അല്‍ മര്‍വാസിയാണ്. ജ്യോതിശാസ്ത്രത്തിലും ഭൂമിശാസ്ത്രത്തിലും അമൂല്യങ്ങളായ നിരവധി കണ്ടുപിടിത്തങ്ങള്‍ക്ക് സാക്ഷിയായിരുന്നു ഈ നിരീക്ഷണാലയം പിന്നീട്. അവിടെ വെച്ച് അദ്ദേഹം കണ്ടെത്തിയ നിരീക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി എഴുതിയ ഗ്രന്ഥമാണ് ദി ബുക്‌സ് ഓഫ് ബോഡീസ് ആന്റ് ഡിസ്റ്റന്‍സസ്. 

ഭൂമി, സൂര്യന്‍, ചന്ദ്രന്‍ എന്നിവയുടെ വൃത്ത പരിധി, വ്യാസം തുടങ്ങി വാനലോകത്തെ ഒട്ടനേകം അത്ഭുതാവഹമായ കണ്ടുപിടിത്തങ്ങള്‍ വിശ്വാസയോഗ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്താന്‍ അല്‍മര്‍വാസിക്ക് ബഗ്ദാദിലെ വാനനിരീക്ഷണാലയത്തിലൂടെ സാധിച്ചു. എ ഡി 874ല്‍ ഇറാഖിലെ സമറയില്‍ വെച്ച് 104 ാം വയസ്സിലാണ് അല്‍ മര്‍വാസി ഈ ലോകത്തോട് വിടപറയുന്നത്.

Read More

 

 

Feedback