Skip to main content

അസ്മാഅ് ബിന്‍ത് ഉമൈസ്(റ)

റോമന്‍ സൈന്യത്തെ നേരിടാന്‍ മുസ്‌ലിം സൈന്യത്തിന്റെ ഉപനായകനായി മുഅ്ത്ത രണാങ്കണത്തിലേക്ക് പോയതാണ് ജഅ്ഫര്‍ ബിന്‍ അബീത്വാലിബ്. ദിവസങ്ങള്‍ കഴിഞ്ഞു. സൈന്യം മടങ്ങിവരുന്നു എന്ന വിവരം മദീനയില്‍ പരന്നു.

ഭര്‍ത്താവ് ജഅ്ഫറി(റ)നെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളിലലിഞ്ഞു അസ്മാഅ്(റ). മക്കളായ മുഹമ്മദ്, അബ്ദുല്ല, ഔന്‍ എന്നിവരെ കുളിപ്പിച്ച് വസ്ത്രങ്ങളണിയിച്ചു. ചപ്പാത്തിക്കായി മാവ് കുഴച്ചുവെച്ചു. കുളിച്ച് സുഗന്ധം പൂശി.

അല്പനേരം കഴിഞ്ഞപ്പോള്‍ തിരുനബി(സ്വ) ആ വീട്ടിലെത്തി. പതിവിന് വിപരീതമായി ആ മുഖം ദു:ഖസാന്ദ്രമായിരുന്നു.

മക്കളെ അന്വേഷിച്ച നബി(സ്വ)യുടെ മുന്നിലേക്ക് മൂന്നുപേരും ഓടിയെത്തി. കൈകളില്‍ തൂങ്ങാന്‍ മത്സരിച്ച അവരെ മൂന്നുപേരെയും മാറോടണച്ച് ആ കവിളുകളില്‍ മുത്തങ്ങള്‍ നല്‍കി പ്രിയനബി. അപ്പോള്‍ ദൂതരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അസ്മാഅ് ശ്രദ്ധിച്ചു.

അസ്മാഇന് ആധിയായി. ''നബിയേ, ജഅ്ഫറിന് വല്ലതും..?'' അവര്‍ ചോദിച്ചു.

''അതെ, ജഅ്ഫര്‍ രക്തസാക്ഷിയായി. ചുവന്ന ചിറകുകളുമായി അവന്‍ സ്വര്‍ഗത്തില്‍ പറന്നുനടക്കുകയാണിപ്പോള്‍''-തിരുനബിയുടെ വാക്കുകള്‍ അസ്മാഇനെ നിശ്ചലയാക്കി. അവരുടെ കണ്ണുകള്‍ നിറഞ്ഞു. മക്കളെ ചേര്‍ത്തുപിടിച്ച് അവര്‍ തേങ്ങി.

ഖസ്അം ഗോത്രത്തിലെ ഉമൈസിന്റെ പുത്രിയായ അസ്മാഇന് ഇസ്‌ലാമിക ചരിത്രത്തില്‍ പ്രധാന പദവിയുണ്ട്. രഹസ്യപ്രബോധന ഘട്ടത്തില്‍ ദാറുല്‍അര്‍ഖമിലെത്തി തിരുനബിയില്‍നിന്ന് ശഹാദത്ത് ഏറ്റുചൊല്ലുമ്പോള്‍ ഇസ്‌ലാമിലെ 33-ാമത്തെ അംഗമായിരുന്നു അവര്‍.

ഇസ്‌ലാമിന്റെ പ്രാരംഭഘട്ടത്തില്‍ പീഡനങ്ങള്‍ സഹിച്ചുകൊണ്ടാണ് ഭര്‍ത്താവ് ജഅ്ഫറി(റ)നൊപ്പം അവര്‍ ജീവിച്ചത്. പീഡനപര്‍വങ്ങള്‍ക്ക് മുന്നില്‍ വഴിയടഞ്ഞപ്പോള്‍ അബ്‌സീനിയയിലേക്ക് ഹിജ്‌റപോയി. ചെങ്കടല്‍ തീരത്തെത്തിയ അവര്‍ അവിടെ കണ്ട കപ്പലില്‍ കയറുകയായിരുന്നു.

ദുരിതയാത്രയിലൂടെ അബ്‌സീനിയയിലെത്തി. ഉറ്റവരെയും ഉടയവരെയും വിട്ട് പത്തുവര്‍ഷം അവര്‍ അവിടെ മുസ്‌ലിംകളായി ജീവിച്ചു. അവിടുത്തെ രാജാവ് നജ്ജാശി അവര്‍ക്ക് അഭയവും നല്‍കി.

അബൂബക്ര്‍, അലി, ജഅ്ഫര്‍ എന്നിവരുടെ ഭാര്യ

ജഅ്ഫറി(റ)ന്റെ വിയോഗാനന്തരം ആരാധനകളില്‍ മുഴുകിയും മക്കളെ പരിചരിച്ചും ജീവിക്കാനായിരുന്നു അസ്മാഇ(റ)ന്റെ തീരുമാനം. എന്നാല്‍ ഇദ്ദകാലഘട്ടം കഴിഞ്ഞതിനു പിറകെ തിരുനബി അവരെ കാണാനെത്തി.

നബി(സ്വ)യുടെ സ്‌നേഹപാത്രങ്ങളില്‍ ഒരാളായിരുന്നു ജഅ്ഫര്‍(റ). നബി(സ്വ) ജീവിതത്തില്‍ അത്യധികം ആഹ്ലാദിച്ച വേളകളിലൊന്ന്, ജഅ്ഫറും കുടുംബവും അബ്‌സീനിയ ഹിജ്‌റ കഴിഞ്ഞ് മദീനയില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു. ജഅ്ഫറിന്റെ മുന്നു മക്കളും നബി(സ്വ)യുടെ 'കളിക്കൂട്ടുകാരാ'യിരുന്നു. അതുകൊണ്ടുതന്നെ, തന്റെ പിതൃവ്യസഹോദര പുത്രന്‍കൂടിയായ ജഅ്ഫറി(റ)ന്റെ മരണം അവിടുത്തെ വല്ലാതെ സങ്കടക്കടലിലാക്കിയിരുന്നു. ആ കുടുംബത്തിന് ഒരത്താണി നല്‍കാന്‍ അവിടുന്ന് അതിയായി ആഗ്രഹിക്കുകയും ചെയ്തിരുന്നു.

അങ്ങനെയാണ് അബൂബക്ര്‍ സ്വിദ്ദീഖി(റ)നെ ഭര്‍ത്താവായി സ്വീകരിക്കാന്‍ ദൂതര്‍ അസ്മാഇനോട് അഭ്യര്‍ഥിച്ചത്. അത് അവര്‍ സ്വീകരിച്ചു. അങ്ങനെ സ്വര്‍ഗപ്പക്ഷിയായ ജഅ്ഫറി(റ)ന്റെ വിധവ സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട അബൂബക്‌റി(റ)ന്റെ ജീവിതസഖിയായി. അദ്ദേഹത്തിന്റെ ഖിലാഫത്തില്‍ ഉപദേശങ്ങളും പരിചരണവുമായി അസ്മാഅ് കൂടെയുണ്ടായിരുന്നു. അബൂബക്‌റി(റ)ല്‍ മുഹമ്മദ് എന്ന മകനും പിറന്നു അസ്മാഇന്ന് (ഇതേ പേരില്‍ ഒരു മകന്‍ ജഅ്ഫറിലുമുണ്ട്).

ഭര്‍ത്താവിന്റെ വസ്വിയ്യത്ത് പ്രകാരം അദ്ദേഹത്തിന്റെ ജനാസ കുളിപ്പിച്ചതും അസ്മാഅ് ആയിരുന്നു.

വീണ്ടും വിധവയായ അവരെ പിന്നീട് വിവാഹാഭ്യര്‍ഥനയുമായി സമീപിച്ചത് ആദ്യഭര്‍ത്താവ് ജഅ് ഫറിന്റെ സഹോദരന്‍ കൂടിയായ അലി(റ)യായിരുന്നു. സ്വര്‍ഗപ്രവേശം മുന്‍കൂട്ടി വാഗ്ദാനം ചെയ്യപ്പെട്ട ദേഹമായിരുന്നല്ലോ അലി(റ)യും.

അലി(റ)യെ ഭര്‍ത്താവായി വരിച്ച അസ്മാഅ് പിന്നെയും വര്‍ഷങ്ങളോളം ജീവിച്ചു. അലിയില്‍ യഹ് യ, ഔന്‍ (ഔന്‍ എന്ന പേരില്‍ ജഅ്ഫറിലും അവര്‍ക്ക് ഒരു മകനുണ്ട്) എന്നീ മക്കളും അസ്മാഇന് പിറന്നു.

ശ്രേഷ്ഠ വ്യക്തിത്വം

ദാരിദ്ര്യത്തിലും പട്ടിണിയിലുമായിരുന്നു അസ്മാഇന്റെ ബാല്യവും കൗമാരവും. ജഅ്ഫറിന്റെ ജീവിതത്തിലേക്കെത്തിയപ്പോഴും അവസ്ഥ മാറിയില്ല. ഹിജ്‌റയും ജഅ്ഫറിന്റെ വിയോഗവും പരീക്ഷണങ്ങളായി അവര്‍ക്ക്. എന്നാല്‍ അബൂബക്‌റി(റ)ന്റെ ഭാര്യാപദത്തിലെത്തിയപ്പോള്‍ അവസ്ഥയില്‍ മാറ്റം വന്നു.

എന്നാല്‍ വറുതിയിലും ഐശ്വര്യത്തിലും അവര്‍ ദാനശീലയായിരുന്നു. സ്വയം പട്ടിണി കിടന്നും അവര്‍ മറ്റുള്ളവരെ ഊട്ടി. ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുന്നതില്‍ അവര്‍ ആനന്ദംകൊണ്ടു. പാവങ്ങളുടെ പിതാവ് (അബുല്‍മസാക്കീന്‍) എന്ന അപരനാമത്തിലറിയപ്പെട്ടിരുന്ന ജഅ്ഫറില്‍ നിന്നാണ് അവര്‍ ഈ ദീനാനുകമ്പ പകര്‍ത്തിയത്.

വിജ്ഞാന സമ്പാദനത്തിലും അവര്‍ മാതൃകയായി. നബി(സ്വ)യില്‍ നിന്ന് അറുപതോളം ഹദീസുകള്‍ അവര്‍ ഉദ്ധരിച്ചിട്ടുണ്ട്.
 

Feedback