Skip to main content

ഉമ്മുഹറാം ബിന്‍ത് മില്‍ഹാന്‍(റ)

ഇസ്‌ലാമില്‍ ആദ്യം വിശ്വസിച്ചത് ഒരു വനിതയാണ്. ഖദീജ ബിന്‍ത് ഖുവൈലിദ്(റ). ആദ്യത്തെ രക്തസാക്ഷിയും വനിതയാണ് - സുമയ്യ ബിന്‍ത് ഖയ്യാത്വ്. ആദ്യ മുസ്‌ലിം നാവികപ്പടയില്‍ പങ്കെടുത്ത് പ്രഥമ രക്തസാക്ഷിത്വം നേടിയതും വനിത തന്നെ - ഉമ്മുഹറാം ബിന്‍ത് മില്‍ഹാന്‍.

കടല്‍ കടന്ന് റോമന്‍ ഹുങ്കിനെ തകര്‍ക്കുകയെന്ന മോഹം സിറിയന്‍ ഗവര്‍ണറായ മുആവിയ(റ) ഏറെക്കാലമായി കൊണ്ടുനടക്കുകയാണ്. ഉമര്‍(റ) സമ്മതിച്ചില്ല. എന്നാല്‍ മുആവിയ(റ)യുടെ സമ്മ ര്‍ദം കൂടിയപ്പോള്‍ ഖലീഫ ഉസ്മാന്‍(റ) നിബന്ധനകളോടെ അതംഗീകരിച്ചു. സ്വയം സന്നദ്ധരായി വന്ന മുസ്‌ലിം പടയാളികളെയും വഹിച്ച് ആദ്യകപ്പല്‍ സൈന്യം സൈപ്രസിലേക്ക് നീങ്ങി. ആ സംഘത്തില്‍ ഒരു ദമ്പതികളുമുണ്ടായിരുന്നു. ഉബാദത്തുബ്‌നുസ്വാമിത്തും ഭാര്യ ഉമ്മുഹറാം ബിന്‍ത് മില്‍ഹാനും.

സൈപ്രസിലെത്തിയ ഉമ്മുഹറാം കോവര്‍ കഴുതയുടെ പുറത്ത് യാത്ര ചെയ്യവെ വീണ് കഴുത്തൊടിഞ്ഞ് രക്തസാക്ഷിയാവുകയായിരുന്നു. ഹിജ്‌റ 27ലായിരുന്നു ഈ വേര്‍പാട്.

ധീരതയുടെ പ്രതീകമായ ഉമ്മഹറാമിന്റെ കടല്‍സഞ്ചാരം പ്രവാചകന്‍(സ്വ) പ്രവചിച്ചിരുന്നു. ആ സംഭവം ഇങ്ങനെ!

ഖുബാഇലേക്കുള്ള യാത്രാമധ്യേ തിരുനബി ഉബാദത്തുബ്‌നു സ്വാമിത്തിന്റെ വീട്ടിലെത്തി. ഭാര്യ ഉമ്മുഹറാം നബി(സ)യെ സല്‍ക്കരിച്ചു. അല്പനേരം വിശ്രമിക്കാനായി ചാരിയിരുന്നുറങ്ങിയ ദൂതര്‍, ഉടനെ ചിരിച്ചുകൊണ്ട് ഉണര്‍ന്നു.

''പ്രവാചകരേ, എന്താണ് അങ്ങയെ ചിരിപ്പിച്ചത്?'' - ഉമ്മുഹറാമിന് കൗതുകമായി. നബി(സ്വ) മൊഴിഞ്ഞു. ''എന്റെ ജനത, സിംഹാസനങ്ങളിലിരുന്ന് മെഡിറ്ററേനിയന്‍ കടലിലൂടെ ധര്‍മസമരത്തിനായി യാത്ര ചെയ്യുന്നത് ഞാന്‍ കാണുന്നു.''

''ദൂതരേ, ആ സംഘത്തില്‍ എന്നെക്കൂടി ഉള്‍പ്പെടുത്താന്‍ അങ്ങ് പ്രാര്‍ഥിക്കുമോ?''- ഉമ്മുഹറാം അപേക്ഷിച്ചു. നബി(സ്വ) പ്രാര്‍ഥിച്ചു. ''അല്ലാഹുവേ, ഉമ്മുഹറാമിനെ നീ ആ യാത്രാസംഘത്തില്‍ ഉള്‍പ്പെടുത്തേണമേ''. മില്‍ഹാന്റെ പുത്രി ആഹ്ലാദവതിയായി. (ഉമ്മുഹറാമിന്റെ സഹോദരീ പുത്രന്‍ കൂടിയായ അനസുബ്‌നുമാലിക് നിവേദനം ചെയ്ത ഈ ഹദീസ് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്).

ധീര കുടുംബത്തിലെ വീരാംഗന

മില്‍ഹാന്റെ രക്തത്തില്‍ പിറന്നവര്‍ക്ക് ധീരത കൂടപ്പിറപ്പായിരുന്നു; ആണായാലും പെണ്ണായാലും. ഉമ്മുഹറാമും സഹോദരി ഉമ്മുസുലൈമും ഇസ്‌ലാമിക ചരിത്രത്തിലെ വീരാംഗനകളാണ്.

തിരുനബി മദീനയണയും മുമ്പുതന്നെ ഇസ്‌ലാം വിശ്വസിക്കുകയും അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത അന്‍സ്വാരിയായ ഉമ്മുഹറാം. വിശുദ്ധ വചനങ്ങള്‍ കേള്‍ക്കാനിടയായതാണ് അവരെ സത്യമതത്തിലേക്കെത്തിച്ചത്.

അംറുബ്ന്‍ ഖൈസ്(റ) ആയിരുന്നു ആദ്യ ഭര്‍ത്താവ്. ഇദ്ദേഹം ബദ്ര്‍ യുദ്ധത്തില്‍ രക്തസാക്ഷിയായി. പിന്നീട് ഉബാദത്തുബ്‌നു സ്വാമിത്ത്(റ) വിവാഹം ചെയ്തു. അഖബ ഉടമ്പടിയിലും ബദര്‍, ഉഹ്ദ് എന്നിവ ഉള്‍പ്പെടെ തിരുനബിയോടൊപ്പം സമരനിലങ്ങളിലും ഉബാദയുടെ സാന്നിധ്യമുണ്ടായിരുന്നു.

നാവികയുദ്ധം പരിചയിക്കാത്ത കാലത്തുപോലും അതില്‍ അംഗമാവാന്‍ കൊതിച്ച ഈ വീരാംഗന ഉഹ്ദിലും ഖന്‍ദഖിലും ഹുനൈനിലും ഭര്‍ത്താവിനോടൊപ്പം യുദ്ധമുഖത്തുണ്ടായിരുന്നു.
 

Feedback