Skip to main content

ഹിന്ദ് ബിന്‍ത് ഉത്ബ(റ)

ഇസ്‌ലാമിന്റെ കഠിനശത്രു ഉത്ബതുബ്‌നു റബീഅയുടെ മകള്‍. ഖുറൈശികളുടെ രണവീരന്‍ അബൂസുഫ്‌യാന്റെ ഭാര്യ, ഉമയ്യ ഭരണസ്ഥാപകന്‍ മുആവിയയുടെ ഉമ്മ, സ്വഫിയ്യ ബിന്‍ത് ഉമയ്യയുടെ പുത്രി -ഇതെല്ലാമായിരുന്നു ഹിന്ദ് എന്ന സ്ത്രീ. ഇസ്‌ലാമിലെത്തും മുമ്പ് ഉമര്‍(റ) എങ്ങനെയായിരുന്നുവോ അതിന്റെ സ്ത്രീ രൂപമായിരുന്നു ഹിന്ദ്. ഇസ്‌ലാമിന്റെ വെളിച്ചം ഉമറി(റ)നെ മാറ്റിയതുപോലെത്തന്നെ ഹിന്ദിനെയും പരിവര്‍ത്തിപ്പിച്ചു.

മക്കാ കാലഘട്ടത്തില്‍ പ്രവാചകനെയും മുസ്‌ലിംകളെയും ദ്രോഹിക്കുന്നതില്‍ അബൂസുഫ്‌യാനോടൊപ്പം ഹിന്ദുമുണ്ടായിരുന്നു. ബദ്ര്‍ യുദ്ധത്തില്‍ പിതാവും പിതൃവ്യനും ഉള്‍പ്പെടെയുള്ളവര്‍ വധിക്കപ്പെട്ടത് ഹിന്ദിനെ പ്രതികാരദാഹിയാക്കി. മുസ്‌ലിംകള്‍ക്കുനേരെ മൃഗീയത തുടര്‍ന്ന് അവര്‍ 'കരള്‍ കടിക്കുന്നവള്‍' (ആക്കിലത്തുല്‍കബ്ദ്) എന്ന പേരില്‍ വരെ അറിയപ്പെട്ടു.

ഇസ്‌ലാമിലേക്ക്

മക്കാ വിജയദിനം. കഅ്ബ ലക്ഷ്യമാക്കി തിരുനബിയും സൈന്യവും തക്ബീര്‍ മുഴക്കി മുന്നേറുന്നത് അടച്ചിട്ട സ്വന്തം വീട്ടിലിരുന്ന് ഹിന്ദ് കാണുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആട്ടിപ്പുറത്താക്കപ്പെട്ടവര്‍ തിരിച്ചുവരുന്നതിന്റെ അഹങ്കാരമോ അമിതാഹ്ലാദമോ അവരില്‍ ഹിന്ദ് കണ്ടില്ല. നബി (സ്വ)യാകട്ടെ, താടിരോമങ്ങള്‍ ഒട്ടകപ്പുറത്ത് തട്ടുംവിധത്തില്‍ വിനയത്താല്‍ തല താഴ്ത്തിയാണ് ഇരിക്കുന്നത്.

ഇതിനിടെ ഭര്‍ത്താവ് അബൂസുഫ്‌യാന്‍ വീട്ടിലെത്തി. 'മുഹമ്മദ് നമ്മെയെല്ലാം വെറുതെ വിട്ടിരിക്കുന്നു. പ്രതികാര നടപടികളൊന്നുമില്ല. മാത്രമല്ല, നമുക്ക് പൊറുത്തുതരാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്തിരിക്കുന്നു' - അബൂസുഫ്‌യാന്‍ പറഞ്ഞു.

നേരത്തെ കണ്ട കാഴ്ചയും പിന്നീട് കേട്ട വാക്കുകളും ചേര്‍ന്നുനിന്നപ്പോള്‍ ഹിന്ദിന്റെ ഹൃദയത്തിലെ ഇസ്‌ലാം വെറുപ്പ് മെല്ലെമെല്ലെ നീങ്ങിത്തുടങ്ങി.

അവര്‍ അല്പനേരം ആലോചനയിലാണ്ടു. മുസ്‌ലിംകളെ ഉപദ്രവിച്ചതും അവരോട് യുദ്ധം ചെയ്ത തും ഹംസ(റ)യെ കൊന്നതുമെല്ലാം ഈ ദൈവങ്ങള്‍ക്കുവേണ്ടിയായിരുന്നല്ലോ. സ്വന്തം നിലനില്പുപോലും ഭദ്രമാക്കാന്‍ കഴിയാത്ത ഈ ദുര്‍ബല ദൈവങ്ങളെ ഇനി വേണ്ട-ഹിന്ദ് തീരുമാനിച്ചുറച്ചു.

ഖുറൈശി നേതാക്കളുടെ ഭാര്യമാരില്‍ ചിലരെയും കൂട്ടി ഹിന്ദ് നബി(സ്വ)യുടെ മുന്നിലെത്തി. ഇസ്‌ലാം സ്വീകരിക്കുകയായിരുന്നു ലക്ഷ്യം.

മുഖം മറച്ചെത്തിയ അവര്‍ക്ക് നബി(സ്വ) ഉപദേശങ്ങള്‍ നല്‍കി. ''അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്, മോഷ്ടിക്കരുത്, വ്യഭിചരിക്കരുത്, നിങ്ങളുടെ മക്കളെ കൊല്ലരുത്, നന്മയില്‍ അനുസരണക്കേട് കാണിക്കരുത്....''

ഇതിനിടയിലെല്ലാം ഹിന്ദ് ചില സംശയങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. ഒടുവില്‍ നബി(സ്വ) ചോദിച്ചു: ''നീ ഹിന്ദാണോ?''

''അതേ നബിയേ, അങ്ങ് അല്ലാഹുവിന്റെ ദൂതന്‍ തന്നെ. എനിക്ക് മാപ്പുതന്നാലും'' - മുഖാവരണം നീക്കി നനഞ്ഞ കണ്ണുകളോടെ അവര്‍ പറഞ്ഞു.

''അല്ലാഹു നിനക്ക് പൊറുത്തുതരട്ടെ'' - നബി(സ്വ) മറുപടിയായി പറഞ്ഞു.

പുതിയ മനസ്സുമായി വീട്ടിലെത്തിയ അവര്‍ ആദ്യം കണ്ടത് തൂണില്‍ പ്രതിഷ്ഠിച്ച വിഗ്രഹത്തെയാണ്. കോപത്തോടെ അതെടുത്ത് കഷ്ണം കഷ്ണങ്ങളാക്കി ദൂരെയെറിഞ്ഞു ഉത്ബയുടെ മകള്‍!

ഹിന്ദ് ഇസ്‌ലാമില്‍

ഇസ്‌ലാമിന്റെ തുടക്കം മുതല്‍ മക്ക വിജയജദിനംവരെ അതിനെ വെറുക്കുകയും നബി(സ്വ)യുടെ പിതൃവ്യന്‍ ഹംസ(റ)യെ കൊല്ലാന്‍ വഹ്ശിയെ ചുമതലപ്പെടുത്തുകയും ശഹീദായ ഹംസ(റ)യുടെ കരളെടുത്ത് കടിച്ചുതുപ്പുകയും അവയവങ്ങള്‍ മുറിച്ചെടുത്ത് ഹാരമാക്കി കഴുത്തിലണിയുകയും ചെയ്ത ഹിന്ദ്, മുസ്‌ലിമായപ്പോള്‍ മാറ്റം അങ്ങേയറ്റമായിരുന്നു.

''അങ്ങും അങ്ങയുടെ കുടുംബവും നശിച്ചുകാണണമെന്ന് അതിയായി ആഗ്രഹിച്ചവളാണ് ഞാന്‍. എന്നാല്‍ ഇന്ന്, താങ്കളും താങ്കള്‍ കൊണ്ടുവന്ന മതവും വിജയിക്കണമെന്ന് എന്നെപ്പോലെ കൊതിക്കുന്നത്ര മറ്റൊരാള്‍ ഈ ഭൂമിയിലുണ്ടാവില്ല'' - ഹിന്ദ് നബി(സ്വ)യോട് പറഞ്ഞു.

മുസ്‌ലിമായതിനുശേഷം പാപങ്ങളില്‍ നിന്നകന്ന് ആരാധനകളുമായി ഹിന്ദ് കഴിഞ്ഞുകൂടി. മുസ്‌ലിംകള്‍ ഏറെ പരീക്ഷിക്കപ്പെട്ട യര്‍മൂക്ക് രണഭൂമിയില്‍ മുസ്‌ലിം വനിതകളെ നയിച്ച് ഹിന്ദും പങ്കെടുത്തു. കടുത്ത പരീക്ഷണങ്ങള്‍ നേരിട്ട് വിശ്വാസം കൂടുതല്‍ വിശുദ്ധമാക്കിയെടുത്തു അവര്‍. 

ഹിജ്‌റ 14(ക്രി.വ 635)ല്‍ അവര്‍ വിടവാങ്ങി.
 

Feedback
  • Tuesday Sep 17, 2024
  • Rabia al-Awwal 13 1446