Skip to main content

ഉമ്മുസുലൈം ബിന്‍ത് മില്‍ഹാന്‍(റ)

ഖസ്‌റജ് ഗോത്രത്തിലെ ബനൂനജ്ജാര്‍ വംശാംഗം. അബൂത്വല്‍ഹത്തുല്‍ അന്‍സാരിയുടെ കണ്ണുകളില്‍ നിന്ന് ഉമ്മുസുലൈം മാഞ്ഞുപോകുന്നേയില്ല. തന്റെ കുടുംബാംഗം തന്നെയാണ്. ഒരു കുട്ടിയുടെ മാതാവാണ്. ഇപ്പോള്‍ വിധവയുമാണ്. എന്നിട്ടുമെന്തേ പണക്കാരനായ അബൂത്വല്‍ഹക്ക് അവളില്‍ മോഹമുദിച്ചത്? അത് അല്ലാഹുവിന്റെ തീരുമാനമാവാം.

ഏറെ ആലോചിച്ച് ധൈര്യം സംഭരിച്ച അബൂത്വല്‍ഹ ഉമ്മുസുലൈമിനെ കണ്ട് വിവാഹ കാര്യം പറഞ്ഞു. ''വിഗ്രഹങ്ങളെ ദൈവമാക്കി പൂജിക്കുന്ന താങ്കളും ഏകദൈവത്തെ മാത്രം ആരാധിക്കുന്ന ഞാനും തമ്മില്‍ ചേരില്ല''. ഉമ്മുസുലൈം തുറന്നുപറഞ്ഞു. ഹിജ്‌റ ചെയ്ത് മദീനയണഞ്ഞ ദൂതരുടെ വിവരമറിയാന്‍ പത്തുവയസ്സു തികയാത്ത മകന്‍ അനസിനെ കാതങ്ങള്‍ക്കപ്പുറത്തേക്കയച്ചവളാണ് ഉമ്മുസുലൈം. ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഭര്‍ത്താവ് മാലിക്കുബ്‌നു നദ്‌റിനെ വകവെക്കാതെ ഇസ്‌ലാം സ്വീകരിച്ചവളുമാണ്.

നിരാശനായ അബൂത്വല്‍ഹ പക്ഷേ, ആഗ്രഹം കൈയൊഴിഞ്ഞില്ല. വീണ്ടും അവരെ സമീപിച്ചു. ''ആവശ്യപ്പെടുന്നത്ര മഹ്ര്‍ തരാം, സ്വര്‍ണവും വെള്ളിയും എന്തും.'' അദ്ദേഹം വാഗ്ദാനങ്ങള്‍ നിരത്തി.

'തീയിലിട്ടാല്‍ കത്തിക്കരിയുന്ന ദൈവത്തെ ഉപേക്ഷിച്ച് താങ്കള്‍ ഇസ്‌ലാമിലേക്ക് വന്നാല്‍ പിന്നെ എനിക്ക് മഹ്‌റായി മറ്റൊന്നും വേണ്ട.'' ഉമ്മുസുലൈം തീര്‍ത്തു പറഞ്ഞു. ഉമ്മുസുലൈമിന്റെ താരുണ്യം മാത്രം ശ്രദ്ധിച്ചിരുന്ന അബൂത്വല്‍ഹ ഒരു നിമിഷം ആ വാക്കുകളില്‍ വീണു.

''കത്തിക്കരിയുന്ന ദൈവം...'' ശരിയാണ് ഞാന്‍ ഇന്നുവരെ പൂജിച്ചുകൊണ്ടിരിക്കുന്ന ദൈവം തീയിലിട്ടാല്‍ കരിഞ്ഞുപോകുന്നതാണല്ലോ എത്ര അര്‍ഥ ശൂന്യം ഇത്.''

വീണ്ടുവിചാരം നല്‍കിയ വാക്കുകള്‍ക്ക് നന്ദിയോതി അബൂത്വല്‍ഹ സാക്ഷ്യവാക്യം ചൊല്ലി. ഉമ്മുസുലൈം അത്യധികം ആഹ്ലാദിച്ചു. ഇസ്‌ലാം പ്രവേശം മഹ്‌റാക്കി സാക്ഷികള്‍ക്ക് മുമ്പാകെ ധനാഢ്യനായ അബൂത്വല്‍ഹ ഉമ്മുസുലൈമിനെ വധുവായി സ്വീകരിച്ചു. ഒരു മാതൃകാ കുടുംബത്തിന്റെ പിറവിയായിരുന്നു അത്.

ഉമ്മുസുലൈമിന്റെ യഥാര്‍ത്ഥ പേര് റുമൈസ എന്നായിരുന്നു. മദീനയിലെ ബനൂനജ്ജാര്‍ കുടുംബത്തിലെ മില്‍ഹാന്റെ പുത്രി. പിതൃവ്യപുത്രന്‍ മാലിക്കുബ്‌നു നദ്‌റുമായുള്ള വിവാഹത്തില്‍ പിറന്ന അനസുബ്‌നു മാലിക്(റ) നബി (സ്വ)യുടെ സേവകനും പ്രസിദ്ധ പണ്ഡിതനുമായിരുന്നു. ഉഹ്ദ്, ഹുനൈന്‍ രണാങ്കണങ്ങളില്‍ പൊരുതാനിറങ്ങി തിരുനബിയെപ്പോലും അമ്പരിപ്പിച്ച ഉമ്മുസുലൈം ചരിത്രത്തിലെ വീരാംഗനയായാണ് അറിയപ്പെടുന്നത്. ഹുനൈനില്‍ ഗര്‍ഭിണിയായിരിക്കെയാണ് പങ്കെടുത്തത്.

പട്ടിണി കിടന്ന് അതിഥിയെ സല്‍ക്കരിച്ച ഉമ്മുസുലൈമിന്റെയും ഭര്‍ത്താവ് അബൂത്വല്‍ഹയുടെയും കഥ പ്രസിദ്ധമാണ്. തിരുനബി ഏല്‍പിച്ചുതന്ന വിരുന്നുകാരനുമായി അന്ന് രാത്രി അബൂത്വല്‍ഹ(റ) വീട്ടിലെത്തി. ഭക്ഷണം കഷ്ടിച്ച് കുഞ്ഞുങ്ങള്‍ക്ക് മാത്രം തികയും. എങ്കിലും ഉമ്മുസുലൈം(റ) ഭര്‍ത്താവിനെ സമാധാനിപ്പിച്ചു. ഭക്ഷണം നല്‍കാതെ തന്നെ കുട്ടികളെ അവര്‍ ഉറക്കി. പിന്നീട് അതിഥിയെയും കൂട്ടി അവര്‍ ഭക്ഷണം കഴിക്കാനിരുന്നു. ഇരുന്ന ഉടനെ ഉമ്മുസുലൈം(റ) കേടുപാടുതീര്‍ക്കാനെന്ന് വരുത്തിത്തീര്‍ക്കുംവിധം വിളക്കണച്ചു. ഇരുട്ടില്‍ ഭാര്യയും ഭര്‍ത്താവും തിന്നുന്നതുപോലെ കാണിച്ചു. നബി(സ്വ)യുടെ വിരുന്നുകാരനെ വയറു നിറച്ചു.

ഈ സംഭവം നടക്കുമ്പോള്‍ തന്നെ തിരുനബിക്ക് ദിവ്യവചനങ്ങളിറങ്ങിയിരുന്നു. ''തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും''(59:9).


തന്റെ പരിചാരകന്‍ അനസി(റ)ന്റെ കുടുംബമായതിനാല്‍ ഉമ്മുസുലൈമി(റ)ന്റെ വീട്ടില്‍ പ്രവാചകര്‍ ഇടയ്ക്കിടെയെത്തും. ചിലപ്പോള്‍ ഭക്ഷണവും കഴിക്കും. ഉമ്മുസുലൈം നബിയില്‍നിന്ന് 14 ഹദീസുകള്‍ നിവേദനം ചെയ്തു. ഒരിക്കല്‍ നബി(സ്വ) പറഞ്ഞു.

''ഞാന്‍ സ്വര്‍ഗത്തില്‍ എന്റെ മുന്നില്‍ ഒരു കാല്‍പെരുമാറ്റം കേട്ടു. അത് മില്‍ഹാന്റെ മകള്‍ ഉമ്മുസുലൈമിന്റെതായിരുന്നു''
 

Feedback