Skip to main content

ഉമ്മുഹാനിഅ്(റ)

മക്ക വിജയ ദിനം മുസ്‌ലിംകളുടെ അധീശത്വം അംഗീകരിച്ച് പലരും ഇസ്‌ലാം സ്വീകരിച്ചു. ചിലര്‍ ഓടിപ്പോവുകയും ചെയ്തു. അതിലൊരാളായിരുന്നു ഹുബൈറത്തുബ്‌നു വഹബ്. രക്ഷപ്പെടുമ്പോള്‍ അയാള്‍ ഭാര്യ ഫാഖിത്തയെയും വിളിച്ചു. അവള്‍ പോയില്ല. ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.

വിജയാഘോഷങ്ങള്‍ കഴിഞ്ഞതിനു പിന്നാലെ അലി(റ) സഹോദരി കൂടിയായ ഫാഖിത്തയുടെ വീട്ടിലെത്തി. അപ്പോഴുണ്ട് അവിടെ ഹാരിസുബ്‌നു ഹിശാം. തിരുനബി വധിക്കാനുത്തരവിട്ട നിഷേധി! നബി(സ്വ)യുടെ പിതൃവ്യപുത്രി എന്ന നിലക്ക് അഭയം തേടി വന്നതാണ്.

അയാളെ കണ്ടതും അലി(റ) വാളൂരി ഹാരിസിനു നേരെ കുതിച്ചു. എന്നാല്‍ ഫാഖിത ഇടയില്‍ ചാടിവീണ് പറഞ്ഞു. ''സഹോദരാ, അയാള്‍ക്ക് ഞാന്‍ അഭയം നല്‍കിയിരിക്കുന്നു, കൊല്ലരുത്.''

അലി കുതറി, പക്ഷേ, ഫാഖിത്ത വിട്ടില്ല. മല്‍പ്പിടുത്തം നടക്കുന്നതിനിടെ തിരുദൂതരെത്തി.

''നോക്കൂ പ്രവാചകരേ, ഞാന്‍ അഭയം നല്‍കിയ വ്യക്തിയെ അലി കൊല്ലാന്‍ ശ്രമിക്കുന്നു'' അവള്‍ പരാതിപ്പെട്ടു. ദൂതര്‍(സ്വ) ഇടപെട്ടു. ''നീ അഭയം നല്‍കിയവര്‍ക്ക് ഞാനും അഭയം നല്‍കിയി രിക്കുന്നു. അലീ, അവനെ വെറുതെ വിടുക.''

അലി(റ) തിരുനിര്‍ദേശം അംഗീകരിച്ചു.

ഫാഖിത്ത, അബൂത്വാലിബിന് ഫാത്വിമയില്‍ പിറന്ന ഏകമകള്‍. അലി(റ), ജഅ്ഫര്‍(റ) എന്നിവരുടെ സഹോദരി. ഹിന്ദ്, ആതിഖ, ഫാത്തിമ എന്നീ പേരുകളുമുണ്ടെങ്കിലും ചരിത്രത്തില്‍ അറിയപ്പെടുന്നത് ഇതൊന്നുമല്ലാത്ത മറ്റൊരു പേരില്‍ ആണ്. അതാണ് ഉമ്മുഹാനിഅ്.

നബി(സ്വ) അവരെ വിവാഹം ചെയ്യണമെന്നാശിച്ചിരുന്നു. എന്നാല്‍ മുമ്പ് വാക്കുകൊടുത്തതിനാല്‍ അബൂത്വാലിബ് ഹുസൈറത്തുബ്‌നുവഹബിനു ഇണയാക്കി നല്‍കി. പിന്നീടാണ് നബി(സ്വ) ഖദീജയെ വിവാഹം ചെയ്യുന്നത്.

വര്‍ഷങ്ങള്‍ കഴിഞ്ഞു. തിരുനബിക്ക് പ്രവാചകത്വം കിട്ടി. അലി(റ), ജഅ്ഫര്‍, മാതാവ് ഫാത്വിമ എന്നിവരെല്ലാം നബി(സ്വ)യില്‍ വിശ്വസിച്ചു. ഉമ്മുഹാനിഉം മാനസികമായി നബിയോടൊപ്പം ചേര്‍ന്നു. എന്നാല്‍ ഹുസൈറ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. അതേസമയം അദ്ദേഹം തിരുദൂതരോട് നല്ല അടുപ്പത്തിലുമായിരുന്നു.

ഭര്‍ത്താവ് വിശ്വാസിയാവാത്തതിനാല്‍ കൂടുംബത്തിലെ മറ്റുള്ളവരെല്ലാം മദീനയിലേക്ക് ഹിജ്‌റ പോയപ്പോഴും ഉമ്മുഹാനിഇനും മകള്‍ക്കും പോകാനായില്ല. സ്‌നേഹസമ്പന്നനായ ഹുസൈറയെ ഉപേക്ഷിക്കാനും മനസ്സു വന്നില്ല. ഇത് അവരെ ഏറെ സങ്കടപ്പെടുത്തി. നബി(സ്വ) ഇവരുടെ വീട്ടില്‍ അന്തിയുറങ്ങിയ രാത്രിയാണ് നിശാപ്രയാണം സംഭവമുണ്ടായതെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്.

മക്കവിജയനാളില്‍ സമ്പൂര്‍ണമായി ഇസ്‌ലാമില്‍ പ്രവേശിച്ച അവര്‍ പിന്നീട് മക്കളെ ആ വഴിയില്‍ വളര്‍ത്തി വലുതാക്കി. ജഅ്ദത്തുല്‍ മഖ്‌സൂരി, യഹ്‌യബ്‌നു ജഅ്ഫര്‍ എന്നിവരെപ്പോലെ അവരില്‍ പലരും പണ്ഡിതരും ഹദീസ് നിവേദകരുമായി.

തിരുനബിയുടെ വിയോഗത്തിന് ശേഷം ഏറെക്കാലം ജീവിച്ച ഉമ്മുഹാനിഅ് സഹോദരന്‍ അലി(റ) ഖിലാഫത്ത് പദവിയിലെത്തുന്നതും കണ്ടതിന് ശേഷം ഹിജ്‌റ 40ലാണ് മരണമടഞ്ഞത്.

Feedback