Skip to main content

ഹംന ബിന്‍ത് ജുഹ്ശ്(റ)

അനുഗൃഹീത സൗന്ദര്യംകൊണ്ട് മക്കയുടെ അലങ്കാരമായിരുന്ന മുസ്അബുബ്‌നു ഉമൈറി(റ)ന്റെ ഭാര്യാപദത്തിലെത്തിയ ഭാഗ്യവതിയായിരുന്നു ജുഹ്ശിന്റെ മകള്‍ ഹംന. മുസ്അബി(റ)ന്റെ രക്തസാക്ഷിത്വത്തിനുശേഷം ധനാഢ്യനും സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ട പത്ത് ഭാഗ്യവാന്മാരിലൊരാളുമായ ത്വല്‍ഹതുബ്‌നു ഉബൈദില്ല(റ)യുടെ പത്‌നീപദമാണ് ഈ ഖുറൈശി ഗോത്രക്കാരിക്ക് ലഭിച്ചത്.

നബി(സ്വ)യുടെ അമ്മായി ഉമൈമ ബിന്‍ത് അബ്ദില്‍മുത്വലിബിന്റെ മകളും ഉമ്മുല്‍ മുഅ്മിനീന്‍ സൈനബ് ബിന്‍ത് ജഹ്ശിന്റെ സഹോദരിയുമായ ഹംന ഹിജ്‌റയുടെ മുമ്പുതന്നെ ഇസ്‌ലാം സ്വീകരിച്ചു. അടുത്ത ബന്ധു എന്നനിലയില്‍ നബി(സ്വ)യില്‍ നിന്ന് കൂടുതല്‍ ഇസ്‌ലാമിക പാഠങ്ങള്‍ ഗ്രഹിക്കാന്‍ കഴിഞ്ഞു.

ഇസ്‌ലാം സ്വീകരിച്ചതിനെത്തുടര്‍ന്ന് മാതാവ് ഖുനാസ് മുസ്അബിനെ വീട്ടില്‍നിന്ന് പുറത്താക്കിയപ്പോള്‍ അദ്ദേഹം ഒറ്റപ്പെട്ടു. സമ്പത്തും സുഖസൗകര്യങ്ങളും ഓര്‍മയായ മുസ്അബിന് ഹംനയെ ഇണയാക്കി നല്‍കിയത് നബി(സ്വ)യാണ്.

ഹിജ്‌റ വര്‍ഷം മൂന്നില്‍, ഭര്‍ത്താവ് മുസ്അബിന്റെ നായകത്വത്തില്‍ ഉഹ്ദിലേക്ക് നീങ്ങിയ മുസ്‌ലിം സൈന്യത്തില്‍ ഹംനയുമുണ്ടായിരുന്നു. പടയാളികള്‍ക്ക് ദാഹജലം നല്‍കലും മുറിവേറ്റവരെ ശുശ്രൂഷിക്കലുമായിരുന്നു അവരുടെ ചുമതല.

തന്റെ ചുമതല ഭംഗിയായി നിര്‍വഹിച്ചെങ്കിലും യുദ്ധം കഴിഞ്ഞുമടങ്ങുമ്പോള്‍ ഹംന മ്ലാനവതിയായിരുന്നു. നബി(സ്വ)യെപ്പോലും കരയിച്ചുകൊണ്ട് മുസ്അബ്(റ) ആ യുദ്ധത്തില്‍ രക്തസാക്ഷിയായിരുന്നു.

ദൈവഹിതത്തില്‍ തൃപ്തിപ്പെട്ടുകഴിയുമ്പോഴാണ് ത്വല്‍ഹതുബ്‌നു ഉബൈദില്ല(റ) വിവാഹാഭ്യര്‍ഥനയുമായി വന്നത്. അതവര്‍ സ്വീകരിക്കുകയും ചെയ്തു. ഇതില്‍ ജനിച്ച മക്കളാണ് മുഹമ്മദും ഇംറാനും.

ഇസ്‌ലാമിക പ്രബോധനം സേവന-യുദ്ധങ്ങളില്‍ നിറഞ്ഞുനിന്ന ഹംന(റ), ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ)ക്കെതിരെ ചിലര്‍ ഉന്നയിച്ച അപവാദപ്രവാചരണത്തില്‍ അകപ്പെടുകയുണ്ടായി. ആഇശ (റ)യുടെ നിരപരാധിത്വം തെളിയിച്ചുള്ള ഖുര്‍ആന്‍ വചനത്തിന്റെ അവതരണത്തോടെ പശ്ചാത്തപിക്കുകയും ചെയ്തു.
 

Feedback