Skip to main content

സുമയ്യ ബിന്‍ത് ഖയ്യാത്ത്(റ)

മക്കയില്‍ ഇസ്‌ലാം പ്രഖ്യാപിച്ച ഏഴാമത്തെയാള്‍ ഒരു വനിതയായിരുന്നു. ഇസ്‌ലാമില്‍ ആദ്യത്തെ രക്തസാക്ഷിയും ഇതേ സ്ത്രീരത്‌നം തന്നെയായിരുന്നു. അത്, അടിമയായി ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്യേണ്ടിവന്ന ദൗര്‍ഭാഗ്യത്തെ സ്വര്‍ഗമുണ്ടെന്ന പ്രവാചകവാഗ്ദാനം കേട്ട് സ്വര്‍ഗത്തിലേക്ക് യാത്രയാവുകയെന്ന മഹാസൗഭാഗ്യം കൊണ്ട് തോല്പിച്ച മാതൃകാ മഹിളയാണ് സുമയ്യ ബിന്‍ത് ഖയ്യാത്ത്.

തിരുനബി(സ്വ)യുടെ ഇഷ്ട ശിഷ്യന്‍ അമ്മാറിന്റെ ഉമ്മ, യാസിറുബ്‌നു ആമിറിന്റെ സഹധര്‍മിണി. മഖ്‌സൂം ഗോത്രക്കാരുടെ അബൂജഹലുള്‍പ്പെടെയുള്ള പൈശാചിക പ്രതീകങ്ങളുടെയും അസഹ്യമായ പീഡനമുറകള്‍ക്ക് മുന്നില്‍ വിശ്വാസക്കരുത്തില്‍ തലയുയര്‍ത്തി നിന്ന അബലയായ വൃദ്ധ.

തോന്നുന്നതെല്ലാം ചെയ്തിട്ടും സുമയ്യയുടെ ഒരിറ്റു കണ്ണീര്‍ കാണാന്‍ അവര്‍ക്കായില്ല. മുഹമ്മദിനെ പഴിക്കാനും ലാത്തയെ വാഴ്ത്താനും കുഫ്‌റിന്റെ പദങ്ങള്‍ മൊഴിയാനുമുള്ള പീഡകരുടെ ആവശ്യം കേട്ടഭാവംപോലും നടിച്ചില്ല ഈ കറുത്ത രത്‌നം!

ഇസ്‌ലാമിലേക്ക്

നഷ്ടപ്പെട്ട സഹോദരനെത്തേടി യമനില്‍ നിന്ന് മക്കയിലെത്തിയതാണ് യാസിറുബ്‌നു ആമിര്‍. മക്കയുടെ സൗന്ദര്യം യാസിറിനെ അവിടെ സ്ഥിരവാസിയാക്കി. അഭയം നല്‍കിയ മഖ്‌സും കുടുംബാംഗം അബൂഹുദൈഫ, ഒപ്പം ഒരു പെണ്ണിനെയും നല്‍കി; തന്റെ അടിമ സുമയ്യയെ. യാസിര്‍ അവളെ ജീവിതപ്പാതിയാക്കി. ആ ബന്ധത്തില്‍ മൂന്നു മക്കള്‍ പിറന്നു - അമ്മാര്‍, അബ്ദുല്ല, ഹുറയ്‌സ്.

അമ്മാര്‍ യുവാവായി. മുഹമ്മദ് നബി(സ്വ)യെയും പുതിയ മതത്തെയുംപറ്റി കേട്ടറിഞ്ഞ അമ്മാറിന്, ദൂതരെ കാണാന്‍ അതിയായ ആഗ്രഹം ജനിച്ചു. രഹസ്യമായി ദാറുല്‍അര്‍ഖമിലെത്തി. ഖുര്‍ആന്‍ വചനങ്ങളും സമത്വവും സാഹോദര്യവും നീതിയും അടിസ്ഥാനമാക്കിയുള്ള ആ മതവും അമ്മാറിന് പുതിയ വെളിച്ചം നല്‍കി.പിന്നെ സന്ദേഹിച്ചില്ല, സാക്ഷ്യവാക്യം ഏറ്റുചൊല്ലി, ആ യുവാവ്.

മകന്റെ മുഖത്തെ തെളിച്ചം കണ്ട സുമയ്യ കാരണം അന്വേഷിച്ചു. അമ്മാര്‍ ആ സ്വകാര്യം ഉമ്മയുമായി പങ്കുവെച്ചു. 'നിങ്ങളെ ഒരാണില്‍നിന്നും ഒരു പെണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചിരിക്കുന്നത്'' എന്നാരംഭിക്കുന്ന ഖുര്‍ആന്‍ വചനം (ഹുജുറാത്ത് 13) അദ്ദേഹം പാരായണം ചെയ്തു.

അടിമത്വത്തിന്റെ നോവ് മാത്രം അനുഭവിച്ച് അടഞ്ഞുപോയ ആ ഹൃദയം പൊടുന്നനെ തുറന്നു. ജീവിതത്തിലാദ്യമായി കേട്ട ആ ദിവ്യവചനം അവരുടെ ഹൃദയത്തെ തൊടുകയും മനസ്സിനെ കുളിര്‍പ്പിക്കുകയും കണ്ണിനെ സജലമാക്കുകയും ചെയ്തു. അവര്‍ നബി(സ്വ)യെ കാണാന്‍ തിരക്കുകൂട്ടി.

രണ്ടുനാള്‍ കഴിഞ്ഞ് മാതാവിന്റെ നിര്‍ബന്ധം കൂടിയപ്പോള്‍ അമ്മാര്‍ അവരെയും കൂട്ടി സ്വകാര്യമായി ദാറുല്‍ അര്‍ഖമിലെത്തി. നബി(സ്വ) അവരെ സ്വീകരിച്ചു. ശഹാദത്തിന്റെ വചനങ്ങള്‍ ചൊല്ലിക്കൊടുത്തു. പുതുജന്മത്തിലേക്ക് കാലെടുത്തുവെക്കുന്ന വെമ്പലോടെ സുമയ്യ ആ വചനങ്ങള്‍ മന്ത്രിച്ചു. ദാറുല്‍ അര്‍ഖമിന്റെ പടിയിറങ്ങുമ്പോള്‍ അവരുടെ ഹൃദയം സന്തോഷത്താല്‍ വീര്‍പ്പുമുട്ടുകയായിരുന്നു. വീട്ടിലെത്തിയ അവരില്‍ നിന്ന് യാസിറും സാക്ഷ്യവാക്യങ്ങള്‍ ഏറ്റുചൊല്ലി.

ഇസ്‌ലാമിനെ ഒരു വര്‍ഷം മനസ്സില്‍ കൊണ്ടുനടന്ന അവര്‍ ഒടുവില്‍ അത് വിളിച്ചുപറഞ്ഞു. അത് കേട്ട് മഖ്‌സൂം കുലം സ്തംഭിച്ചുപോയി. അതിന് മുമ്പ് അഞ്ചുപേര്‍ക്കേ ഇസ്‌ലാം പ്രഖ്യാപിക്കാന്‍ ചങ്കുറപ്പുണ്ടായിരുന്നുള്ളൂ. നബി(സ്വ), അബൂബക്ര്‍, ബിലാല്‍, ഖബ്ബാബ്, സുഹൈബ്.

പ്രഥമ രക്തസാക്ഷി

അടിമക്കുടുംബം ഇസ്‌ലാം പരസ്യമായി പ്രഖ്യാപിച്ചത് ഖുറൈശികളെ അത്യന്തം പ്രകോപിതരാക്കി. മഖ്‌സൂം ഗോത്രത്തിനായിരുന്നു പീഡകരുടെ റോള്‍ നല്‍കിയിരുന്നത്. സുമയ്യയെയും യാസിറിനെയും കൈയാമങ്ങളണിയിച്ച് തൂണില്‍ കെട്ടിയിട്ട് അവര്‍ അരിശം തീര്‍ത്തു. അവരുടെ മുന്നിലിട്ട് അമ്മാറിനെ വിവസ്ത്രനാക്കി ചൂടുമണലില്‍ കിടത്തി. ചാട്ടവാറുകള്‍ സുമയ്യയുടെ പച്ചമാംസം തിന്ന് കൊതിതീര്‍ത്തു. രക്തം ചിന്തി ദാഹം ശമിപ്പിച്ചു. എന്നാല്‍ പ്രവാചകന്‍ ചൊല്ലിക്കൊടുത്ത ശഹാദത്ത് കലിമകള്‍ ഞൊടിയിടയില്‍ ഏറ്റുചൊല്ലിയ സുമയ്യ എന്ന വൃദ്ധ അബൂജഹ്‌ലിന്റെ ചാട്ടവാറിനു മുന്നില്‍ വാ തുറന്നില്ല. ഒരിറ്റ് കണ്ണീര്‍പോലും പൊഴിച്ചില്ല.

''യാസിര്‍ കുടുംബമേ, നിങ്ങള്‍ക്ക് സ്വര്‍ഗമാണ് പ്രതിഫലം. ക്ഷമിക്കുക'' - നിസ്സഹായനായ തിരുനബി നനഞ്ഞ കണ്ണുകളോടെ അവരെ നോക്കി പറഞ്ഞപ്പോള്‍ സുമയ്യയുടെ മനം കുളിരണിഞ്ഞു.

നൊന്തുപെറ്റ അമ്മാറിനെ, ചുട്ടുപഴുപ്പിച്ച ഇരുമ്പുദണ്ഡ്‌കൊണ്ട് പൊള്ളിച്ച് ബോധരഹിതനാക്കിയപ്പോള്‍ മാത്രമാണ് അത് കാണാനിടയായ ആ മാതാവ് കണ്ണീരണിഞ്ഞത്.

സുമയ്യയുടെ വിശ്വാസദാര്‍ഢ്യത്തിന് മുന്നില്‍ ഒടുവില്‍ അബൂജഹല്‍ പതറി. സ്വബോധം നഷ്ടപ്പെട്ട അയാള്‍ മൃഗമായി മാറി. പഴുപ്പിച്ചെടുത്ത ഇരുമ്പുദണ്ഡ് ആ മഹതിയുടെ അടിവയറ്റിലേക്ക് കുത്തിക്കയറ്റി അയാള്‍ അവസാന അരിശവും തീര്‍ത്തു. അങ്ങനെ, മുസ്‌ലിമായതിന്റെ പേരില്‍ രക്തസാ ക്ഷ്യം സ്വീകരിച്ച് സുമയ്യ എന്ന അടിമപ്പെണ്ണ് ചരിത്രത്തില്‍ അമരത്വം നേടി.

സുമയ്യക്ക് തൊട്ടുപിന്നാലെ ഭര്‍ത്താവ് യാസിറും യാത്രയായി. പീഡനമുറകള്‍ ഏറ്റുവാങ്ങാന്‍ അമ്മാര്‍ മാത്രം ബാക്കിയായി.

ഹിജ്‌റ വര്‍ഷം രണ്ട്. ബദ്ര്‍ സമരഭൂമിയില്‍ മരിച്ചുവീണ അബൂജഹ്‌ലിന്റെ മൃതശരീരം നോക്കി നബി(സ്വ) അമ്മാറിനോട് പറഞ്ഞു: ''താങ്കളുടെ മാതാവിനെ വധിച്ചവനെ അല്ലാഹു ഇതാ വകവരുത്തിയിരിക്കുന്നു''
 

Feedback