Skip to main content

മാസപ്പിറവി എവിടെയെങ്കിലും ദൃശ്യമായാല്‍

എല്ലാ രാജ്യങ്ങളിലുമുള്ള മുസ്‌ലിംകള്‍ക്ക് എവിടെയെങ്കിലും മാസപ്പിറവി ദര്‍ശനമുണ്ടായാല്‍ അതു സ്വീകരിച്ചു കൂടേ? ഗവണ്‍മെന്റ് പ്രഖ്യാപനം നടക്കാത്ത അമുസ്‌ലിം രാജ്യത്ത് എങ്ങനെയാണ് നോമ്പനുഷ്ഠിക്കുക?

മറുപടി : ഏതെങ്കിലും ഒരു പ്രദേശത്ത് മാസപ്പിറവി ദര്‍ശനമുണ്ടായാല്‍ ലോകത്തുള്ള എല്ലാ മുസ്‌ലിംകള്‍ക്കും അത് ബാധകമാണോ? ഇത് മുസ്‌ലിം പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള വിഷയമാണ്. ഒരു പ്രദേശത്തെ കാഴ്ച എല്ലാവര്‍ക്കും ബാധകമാണെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ആ മാസത്തിന് സാക്ഷിയാകുന്നവരൊക്കെ നോമ്പനുഷ്ഠിക്കട്ടെ എന്ന ഖുര്‍ആന്‍ വാക്യവും മാസപ്പിറവി ദര്‍ശനമുണ്ടായാല്‍ നിങ്ങള്‍ നോമ്പനുഷ്ഠിക്കുക എന്ന നബിവചനവുമാണ് അവര്‍ക്ക് തെളിവ്. ഇത് ലോകത്തുള്ളവര്‍ക്കെല്ലാം ബാധകമായ കല്പനയാണ്. ഓരോ മനുഷ്യനും മാസപ്പിറവി കാണണമെന്ന് ഇവിടെ ഉദ്ദേശ്യമില്ല. ഇത് സാധ്യവുമല്ല. മാസം ആരംഭിച്ചു എന്ന് കാഴ്ച കൊണ്ട് സ്ഥിരീകരിക്കുക മാത്രമേ ഇവിടെ ഉദ്ദേശ്യമുള്ളൂ. 

എന്നാല്‍ മറ്റുചില പണ്ഡിതന്‍മാരുടെ വീക്ഷണത്തില്‍ ഉദയവ്യത്യാസമുണ്ടാവുകയാണെങ്കില്‍ ഓരോ സ്ഥലത്തും അവിടുത്തെ കാഴ്ച മാത്രമേ സ്വീകാര്യമാകുകയുള്ളൂ. ഉദയവ്യത്യാസമില്ലെങ്കില്‍ ഉദയത്തില്‍ യോജിപ്പുള്ള പ്രദേശങ്ങളിലുള്ളവര്‍ക്കെല്ലാം അത് ബാധകമാണ്. ഇവര്‍ക്കും തെളിവ് നേരത്തെ ഉദ്ധരിച്ച വാക്യങ്ങള്‍ തന്നെ. ''നിങ്ങള്‍ മാസപ്പിറവി കണ്ടാല്‍ നോമ്പനുഷ്ഠിക്കുക; മാസപ്പിറവി കണ്ടാല്‍ നോമ്പ് അവസാനിപ്പിക്കുക''.

അപ്പോള്‍ മാസപ്പിറവി ദര്‍ശനം സംഭവിക്കാത്ത സ്ഥലത്തുള്ളവര്‍ യഥാര്‍ഥത്തില്‍ മാസം കണ്ടിട്ടില്ല. അതിന്റെ വിധി അവര്‍ക്കു ബാധകവുമല്ല. ദിവസവും നോമ്പ് തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന സമയത്തില്‍ വ്യത്യാസമുള്ളതു പോലെ നോമ്പു തുടങ്ങുന്ന മാസാരംഭത്തിന്റെ സമയത്തിലും വ്യത്യാസം അനിവാര്യമാണെന്നാണ് അവരുടെ വാദം. പൗരസ്ത്യര്‍ പാശ്ചാത്യരേക്കാള്‍ മുമ്പ് നോമ്പ് ആരംഭിക്കുന്നു. അപ്പോള്‍ ഉദയവ്യത്യാസം ദിവസവും നോമ്പ് ആരംഭിക്കുന്നതിലും അവസാനിപ്പിക്കുന്നതിലും ബാധകമാണെങ്കില്‍ മാസത്തിന്റെ വിഷയത്തിലും അത് ബാധകമാണ്. ഈ വാദഗതിക്കാണ് കൂടുതല്‍ പ്രാബല്യം. ചില പണ്ഡിതന്‍മാരുടെ അഭിപ്രായത്തില്‍ ഈ വിഷയത്തില്‍ ഭരണാധികാരി എന്താണോ തീരുമാനിക്കുന്നതെങ്കില്‍ അത് എല്ലാവര്‍ക്കും ബാധകമായിരിക്കും എന്നാണ്.

ഈ വിഷയത്തില്‍ വേറെയും അഭിപ്രായങ്ങളുണ്ട്. എന്നാല്‍ സര്‍ക്കാര്‍ മാസപ്പിറവി പ്രഖ്യാപിക്കാത്ത ഇസ്‌ലാമികേതര രാജ്യങ്ങളില്‍ ശര്‍ഇയ്യായ മാര്‍ഗത്തിലൂടെ അവര്‍ക്ക് മാസപ്പിറവി നിര്‍ണയിക്കാന്‍ കഴിയും. അതായത് മാസപ്പിറവി നോക്കി സ്ഥിരീകരിക്കുക. അതിനു കഴിയാതെ വന്നാല്‍ ഏറ്റവുമടുത്ത മുസ്‌ലിം രാജ്യത്തിലെ മാസപ്പിറവി സ്ഥിരീകരിക്കുക. 
 

Feedback