Skip to main content

പരീക്ഷയില്‍ ക്രിതൃമം കാണിക്കല്‍

പരീക്ഷയില്‍ കൃത്രിമം കാണിക്കുന്നതിന്റെ മതവിധിയെന്ത്?

മറുപടി : റസൂല്‍(സ്വ) പറഞ്ഞു: ''വഞ്ചന നടത്തുന്നവന്‍ നമ്മുടെ കൂട്ടത്തില്‍ പെട്ടവനല്ല''. പരീക്ഷയിലെ വഞ്ചന കൂടുതല്‍ അപകടകരമാണ്. അത് ധനമിടപാടുകളിലെ കൃത്രിമത്തേക്കാള്‍ ഭയാനകമാണ്. കാരണം അത് സമൂഹത്തോട് മുഴുവന്‍ കാണിക്കുന്ന വഞ്ചനയാണ്. എന്തുകൊണ്ടെന്നാല്‍ കൃത്രിമം കാണിച്ചു വിജയിക്കുന്ന വിദ്യാര്‍ഥി അര്‍ഹതയില്ലാതെ അര്‍ഹതയുള്ളവര്‍ക്കു മാത്രം അവകാശപ്പെട്ട ഒരു സ്ഥാനത്തേക്ക് സ്വന്തത്തെ തയ്യാറാക്കുകയാണ്. 

അനര്‍ഹരായവര്‍ സ്ഥാനത്തേക്കുവരുന്നത് സമൂഹത്തിന് സാംസ്‌കാരികമായും ദോഷം ചെയ്യും. വിദ്യാസമ്പന്നര്‍ കൃത്രിമ മാര്‍ഗത്തിലൂടെ മാര്‍ക്ക് നേടുമ്പോള്‍ സമൂഹത്തിന്റെ സാംസ്‌കാരിക നിലവാരം വളരെ താഴ്ന്നുപോകും. കോപ്പിയടിച്ചു പരീക്ഷ പാസ്സായി അധ്യാപകരായി ത്തീരുന്നവര്‍ക്ക് വിദ്യാര്‍ഥികള്‍ക്കാവശ്യമായ അറിവും സംസ്‌കാരവും നല്കാന്‍ കഴിയുകയില്ല. ഇവര്‍ യഥാര്‍ഥത്തില്‍ രാഷ്ട്രത്തെയും വഞ്ചിക്കുകയാണു ചെയ്യുന്നത്. അതിനാല്‍ സൂപ്പര്‍വൈസര്‍മാര്‍ ഇത് സംഭവിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. വഞ്ചന നടത്തുന്നവന്‍ രാഷ്ട്രത്തിന്റെ ലക്ഷ്യം തകര്‍ക്കുകയാണു ചെയ്യുന്നത്. അല്ലാഹു പറയുന്നു: ''വിശ്വാസികളേ, അല്ലാഹുവിനെയും റസൂലിനെയും നിങ്ങള്‍ വഞ്ചിക്കരുത്. അറിഞ്ഞു കൊണ്ട് നിങ്ങളുടെ അമാനത്തുകളിലും നിങ്ങള്‍ വഞ്ചന കാണിക്കരുത്'' (അല്‍ അന്‍ഫാല്‍).

കോപ്പിയടിയുടെ കാര്യത്തില്‍ എല്ലാ വിഷയങ്ങളും തുല്യമാണ്. തഫ്‌സീറില്‍ ഹറാമും ഇംഗ്ലീഷില്‍ ഹലാലും എന്നില്ല. കാരണം വിദ്യാര്‍ഥിയുടെ ക്ലാസ് കയറ്റവും സര്‍ട്ടിഫിക്കറ്റുകളും എല്ലാ വിഷയങ്ങളെയും അടിസ്ഥാനമാക്കിയാണ്. അതിനാല്‍ എല്ലാം വഞ്ചനയില്‍പ്പെടുന്നു; എല്ലാം ഹറാമുമാണ്. 

Feedback