Skip to main content

മാസപ്പിറവി

ചാന്ദ്രമാസങ്ങളാണ് ഇസ്‌ലാമിലെ ആരാധനാ കര്‍മങ്ങളുടെ കാലം നിശ്ചയിക്കുന്നതിനുള്ള നിദാനം. അല്ലാഹു പറയുന്നു: ''(നബിയേ), നിന്നോടവര്‍ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ത്ഥാടനത്തിനും കാലനിര്‍ണയത്തിനുള്ള ഉപാധികളാകുന്നു അവ''(2:189).
    
ചാന്ദ്രമാസദിനങ്ങള്‍  ഇരുപത്തിഒന്‍പതോ മുപ്പതോ ആയിരിക്കും. ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ്വ) അരുളി: മാസം ചിലപ്പോള്‍ ഇരുപത്തൊന്‍പത് ദിവസമായിരിക്കും. മാസപ്പിറവി കാണുന്നതു വരെ നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്. മേഘം കാരണം ചന്ദ്രപ്പിറവി (ഹിലാല്‍) കാണാന്‍ കഴിയാതെ വന്നാല്‍ മുപ്പതുദിവസം പൂര്‍ത്തിയാക്കുക (ബുഖാരി).


    
ഇബ്‌നുഉമര്‍(റ) പറയുന്നു: നബി(സ്വ) അരുളി: മാസം ഇപ്രകാരം ഉണ്ടാവും. രണ്ടു കൈകളും മൂന്നു പ്രാവശ്യം ആംഗ്യം കാണിച്ചു. മൂന്നാമത്തെ പ്രാവശ്യം നബി(സ്വ) പെരുവിരല്‍ താഴ്ത്തിപ്പിടിച്ചു (29 എന്ന് പറയാന്‍) (ബുഖാരി 1908). ശഅ്ബാന്‍ 29ന് സൂര്യാസ്തമയ ശേഷം പുതുചന്ദ്രപ്പിറവി ദൃശ്യമായാല്‍ റമദാന്‍ നോമ്പ് ആരംഭിക്കുന്നു. അന്ന് ദൃശ്യമായില്ലെങ്കില്‍ പിറ്റെ ദിവസം ശഅ്ബാന്‍ 30 ആയി കണക്കാക്കുന്നു. മാസപ്പിറവി ഉറപ്പായതിനുശേഷം മാത്രമേ വ്രതം ആരംഭിക്കാന്‍ പാടുള്ളൂ. മാസം പിറക്കുംമുമ്പ് നോമ്പെടുക്കുന്നതും മാസം പിറന്നതിനുശേഷം നോമ്പെടുക്കാതിരിക്കുന്നതും ഒരുപോലെ കുറ്റകരമാണ്. മാസാരംഭം സംശയിക്കപ്പെടുന്ന ദിവസങ്ങളില്‍ നോമ്പെടുക്കുന്നതും നിഷിദ്ധമാണ്.

അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) അരുളി: "റമദാന്‍ നോമ്പിന് ഒന്നോരണ്ടോ ദിവസം മുന്‍കൂട്ടി നിങ്ങള്‍ നോമ്പു തുടങ്ങരുത്. വല്ലവനും അതിനുമുമ്പ് തന്നെ നോമ്പ് പിടിച്ചുവരികയാണെങ്കില്‍ അവന് അങ്ങനെ നോമ്പ് അനുഷ്ഠിക്കാം" (ബുഖാരി. 1914).

അമ്മാര്‍(റ) പറയുന്നു: "മാസപ്പിറവി (ഹിലാല്‍ ദര്‍ശനം) സംശയിക്കാറുള്ള ദിവസം (വ്യക്തമായ തെളിവില്ലാതെ) വല്ലവനും നോമ്പനുഷ്ഠിച്ചാല്‍ അബുല്‍ഖാസിമിനോട് അവന്‍ വിപരീതം പ്രവര്‍ത്തിച്ചു" (തിര്‍മിദി).

മാസപ്പിറവി കൃത്യത ഇത്രയും നിര്‍ബന്ധമായതിനാല്‍ സര്‍വകാലത്തെയും എല്ലാ മനുഷ്യര്‍ക്കും വളരെ ലളിതമായ നിലയില്‍ ഇത് നിര്‍ണയിക്കാനുതകുന്ന രീതിയാണ് ഇസ്‌ലാം മുന്നോട്ടുവെച്ചത്. അഥവാ ഉദയചന്ദ്ര ദര്‍ശനത്തിലൂടെ മാസനിര്‍ണയം നടത്തുന്ന രീതിയാണത്. എന്നാല്‍ ഈ ദര്‍ശനം കണ്ണിന്റെ നേര്‍ക്കാഴ്ചയിലൂടെ തന്നെ വേണ്ടതുണ്ടോ, അതല്ല സൂര്യചന്ദ്ര ചലനങ്ങളെല്ലാം വളരെ കൃത്യമായ കണക്കിന്റെ അടിസ്ഥാനത്തിലായതിനാലും അത് മനസ്സിലാക്കാന്‍ മനുഷ്യന്റെ ശാസ്ത്രജ്ഞാനം വളര്‍ന്നതിനാലും നേര്‍ക്കാഴ്ചയില്ലാതെ കണക്കിന്റെ അടിസ്ഥാനത്തില്‍ പിറ തീരുമാനിക്കാമോ എന്ന കാര്യത്തില്‍ മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഹദീസുകളുടെ പദാര്‍ഥത്തിനാണോ ആശയത്തിനാണോ പ്രാമുഖ്യം കല്പിക്കേണ്ടത് എന്നതാണ് ഈ അഭിപ്രായ വ്യത്യാസത്തിന് പ്രധാനകാരണം.

ഇബ്‌നുഉമര്‍(റ) പറയുന്നു: നബി(സ്വ) അരുളി: "അക്ഷരജ്ഞാനമില്ലാത്ത ജനതയാണ് നാം. നമുക്ക് എഴുതാനോ കണക്ക് കൂട്ടുവാനോ അറിയില്ല. മാസം ഇങ്ങനെയും അങ്ങനെയും വരും. ചിലപ്പോള്‍ ഇരുപത്തൊമ്പതും ചിലപ്പോള്‍ മുപ്പതും ദിവസങ്ങളുണ്ടായിരിക്കും" (ബുഖാരി 1913).

ഇബ്‌നു ഉമര്‍(റ) പ്രസ്താവിക്കുന്നു. "ആളുകള്‍ മാസപ്പിറവി നോക്കുകയുണ്ടായി. അങ്ങനെ ഞാന്‍ അത് കണ്ടുവെന്ന് റസൂല്‍(സ്വ)യെ അറിയിച്ചു. അതിനെ തുടര്‍ന്ന് അവിടുന്ന് നോമ്പനുഷ്ഠിക്കുകയും ജനങ്ങളോട് നോമ്പെടുക്കാന്‍ കല്പിക്കുകയും ചെയ്തു" (അബൂദാവൂദ് -2342).
    
"മാസപ്പിറവി കണ്ടാല്‍ നിങ്ങള്‍ വ്രതാനുഷ്ഠാനം തുടങ്ങുകയും അത് കണ്ടാല്‍ നിങ്ങള്‍ വ്രതം അവസാനിപ്പിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ക്കത് അവ്യക്തമായാല്‍ മുപ്പത് എണ്ണം പൂര്‍ത്തിയാക്കുക" (ബുഖാരി 1909).
    
ഹിലാല്‍ ദര്‍ശനം വിശ്വസ്തനായ രണ്ടുപേരോ, അല്ലെങ്കില്‍ ഒരാളോ തെളിവുകള്‍ സഹിതം സാക്ഷ്യപ്പെടുത്തിയാല്‍ അതുപ്രകാരം പ്രവര്‍ത്തിക്കുക എന്നതായിരുന്നു സലഫുകളുടെ രീതി. മാസപ്പിറവി കണ്ടാല്‍ നബി(സ്വ) ഇങ്ങനെ പ്രാര്‍ഥിക്കാറുണ്ടായിരുന്നു.

അല്ലാഹുമ്മ അഹില്ലഹു അലൈനാ ബില്‍യുംനി വല്‍ഈമാന്‍, വസ്സലാമത്തി വല്‍ ഇസ്‌ലാം, റബ്ബീ വറബ്ബുകല്ലാഹ് 

(അല്ലാഹുവേ! നിര്‍ഭയത്വത്തോടെയും നിലനില്ക്കുന്ന വിശ്വാസത്തോടെയും രക്ഷയോടെയും ഞങ്ങള്‍ക്കീമാസത്തെ നീ ആരംഭിക്കേണമേ! എന്റെയും നിന്റെയും സംരക്ഷകന്‍ അല്ലാഹുവാണ്. ഇത് നന്മയുടെയും സന്മാര്‍ഗത്തിന്റെയും മാസമായി മാറട്ടെ! (തിര്‍മിദി 3451).

 


 

Feedback