Skip to main content

ഹദീസ് റിപ്പോര്‍ട്ടര്‍മാര്‍ (11-20)

11. ഇയാസുബ്‌നു സഅ്‌ലബ (അബൂഉമാമ)

അന്‍സ്വാരി. ഹാരിസ് ഗോത്രക്കാരന്‍. നബി(സ്വ)യില്‍നിന്ന് മൂന്ന് ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്.

12. ബറാഉബ്‌നു ആസിബ് (അബൂഉമാമ)

ഖസ്‌റജ് ഗോത്രക്കാരന്‍. ബാല്യത്തില്‍ തന്നെ ഇസ്‌ലാം സ്വീകരിച്ചു. ഖന്‍ദഖ് മുതല്‍ എല്ലാ യുദ്ധങ്ങളിലും നബി(സ്വ)യോടൊപ്പം പങ്കെടുത്തു. ഉസ്മാനിന്റെ(റ) ഭരണകാലത്ത് പേര്‍ഷ്യയിലെ റയ്യ് പ്രദേശത്തെ ഗവര്‍ണറായി നിയമിക്കപ്പെട്ടു. ഹിജ്‌റ 71ആം  വര്‍ഷം മൃതിയടഞ്ഞു. ബുഖാരിയിലും മുസ്‌ലിമിലുമായി 305 ഹദീസുകള്‍.

13. ബുറൈദുബ്‌നു ഹുസ്വയ്ബ്

അസ്‌ലം ഗോത്രക്കാരന്‍. ബദ്‌റിന് മുമ്പ് ഇസ്‌ലാം സ്വീകരിച്ചു. അതിനു ശേഷമാണെന്ന അഭിപ്രായവുമുണ്ട്. ഖൈബറില്‍ പങ്കെടുത്തു. ഹി: 62 ല്‍ മര്‍വില്‍ മരണപ്പെട്ടു. ഖുറാസാനില്‍ മരിച്ച സ്വഹാബിമാരില്‍ അവസാനത്തവരില്‍പ്പെടുന്നു. 177 ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

14. ബശീറുബ്‌നു അബ്ദില്‍മുന്‍ദിര്‍

ഔസ്‌ഗോത്രം. അബൂലുബാബ എന്ന പേരില്‍ പ്രശസ്തന്‍. 15 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

15. ബിലാലുബ്‌നു റബാഹ്

എത്യോപ്യന്‍. അബൂബക്ര്‍(റ) മോചിപ്പിച്ച അടിമ. നബിയുടെ(സ്വ) ബാങ്കു വിളിക്കാരന്‍. ആദ്യകാലത്തുതന്നെ ഇസ്‌ലാം ആശ്ലേഷിച്ചു. ബദ്‌റും ഉഹ്ദും അടക്കം എല്ലാ യുദ്ധങ്ങളിലും പങ്കുവഹിച്ചു. നബി(സ്വ)യുടെ വിയോഗാനാനന്തരം ശാമില്‍ താമസിച്ചു. ഹിജ്‌റ 20 ല്‍ മരണം. 44 ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

കൂടുതല്‍ അറിയാന്‍ 

16. ബിലാലുബ്‌നു ഹാരിസ് (അബൂഅബ്ദിര്‍ റഹ്മാന്‍)

മുസൈനഗോത്രം. ഹിജ്‌റ അഞ്ചാം വര്‍ഷം മുസൈന ഗോത്രത്തിന്റെ ദൗത്യസംഘത്തോടൊപ്പം നബിയെ(സ്വ) സന്ദര്‍ശിച്ചു. മക്കാവിജയത്തില്‍ പങ്കെടുത്തു. ബസ്വറില്‍ താമസിച്ചു. ഹി: 40 ല്‍ അവിടെ മരണപ്പെട്ടു. 8 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

17. അമീമുബ്‌നു ഔസ് അദ്ദാരി (അബൂറുഖിയ്യ)

ലഖ്മ് ഗോത്രത്തിലെ ദാറുബ്‌നു ഹാനിഇലേക്ക് ചേര്‍ത്ത് അദ്ദാരി എന്നറിയപ്പെട്ടു. മദീനയില്‍ താമസിച്ചിരുന്ന അദ്ദേഹം ഉസ്മാന്റെ(റ) വധത്തിനുശേഷം ശാമില്‍ ബൈത്തുല്‍ മുഖദ്ദസിനടുത്ത് താമസിച്ചു. ഹിജ്‌റ 40 ല്‍ ഫലസ്തീനില്‍ മൃതിയടഞ്ഞു. ബുഖാരിയിലും മുസ്‌ലിമിലും 18 ഹദീസുകള്‍.

18.  അമീമുബ്‌നു ഉസൈദ് (അബൂറിഫാഅ)

ഖുസാഅ: ഗോത്രം. മക്കാവിജയാനന്തരം ഹറമിന്റെ അതിരുകള്‍ പുതുക്കാന്‍ നബി(സ്വ) ഇദ്ദേഹത്തെയാണ് ചുമതലപ്പെടുത്തിയത്. മക്കയില്‍ താമസിച്ചു. 18 ഹദീസുകള്‍.

19.     സാബിതുബ്‌നു അസ്‌ലം അല്‍ബനാനി

 പ്രമുഖ താബിഅ്. അനസി(റ)ല്‍ നിന്ന് ധാരാളമായി ഹദീസ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇബ്‌നു ഉമര്‍, അബ്ദുല്ലാഹിബ്‌നു മുഗഫ്ഫല്‍ എന്നിവരില്‍നിന്നും ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഹി: 127 ല്‍ മരണം. നബി(സ്വ)യില്‍ നിന്നായി 250 ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

20.     സാബിതുബ്‌നു ഇസ്ഹാഖ് (അബൂസൈദ്)

അന്‍സ്വാരി, ഹിജ്‌റ ആറാം വര്‍ഷം ഹുദൈബിയാ സന്ധിയില്‍ പങ്കെടുത്തു. രിദ്വ്‌വാന്‍ ഉടമ്പടിയില്‍ പങ്കുചേര്‍ന്നു. ഹിജ്‌റ 70നോടടുത്തു മരണം.

Feedback