Skip to main content

ഹൗദുല്‍ കൗസര്‍

ഉയിര്‍ത്തെഴുന്നേല്‍പ്പ്, മഹ്ശറിലുള്ള ദുസ്സഹമായ നിറുത്തം, വിചാരണ, കര്‍മങ്ങള്‍ തൂക്കി കണക്കാക്കല്‍ എന്നിവയൊക്കെ കഴിയുമ്പോഴേക്കും ജനങ്ങളെല്ലാം ക്ഷീണിച്ചും ദാഹിച്ചും പരവശരായിത്തീരുന്നു. ദാഹജലം ലഭിക്കാനായി മനുഷ്യര്‍ കേഴുന്ന അത്യധികം ഭയാനകവും ഗൗരവ പൂര്‍ണവുമായ ഈ ഒരു സാഹചര്യത്തില്‍ പ്രവാചക തിരുമേനിക്ക് അല്ലാഹു സമ്മാനിക്കുന്നതാണ് ഹൗദുല്‍കൗഥര്‍  എന്ന സര്‍വാനുഗ്രഹ സമ്പന്നമായ ജലസംഭരണി. 

അല്ലാഹു പറയുന്നു: നിശ്ചയമായും നാം നിനക്ക് ധാരാളം (നന്മകള്‍) നല്‍കിയിരിക്കുന്നു. ആകയാല്‍ നിന്റെ റബ്ബിന് നീ നമസ്‌കരിക്കുകയും (ബലി) അറുക്കുകയും ചെയ്യുക (108:1,2). ആഇശ (റ)യോട് നിനക്ക് നാം 'കൗഥര്‍' നല്‍കിയിരിക്കുന്നു എന്ന വചനത്തെപ്പറ്റി ചോദിച്ചപ്പോള്‍ അതു നിങ്ങളുടെ നബിക്ക് (സ്വര്‍ഗത്തില്‍) നല്‍കപ്പെട്ടിട്ടുള്ള അരുവിയാണ് എന്ന് മറുപടി പറഞ്ഞതായി ഇമാം ബുഖാരി(റ) രേഖപ്പെടുത്തുന്നു. റസൂല്‍(സ) പറഞ്ഞതായി ഇബ്‌നു ഉമര്‍(റ) പറയുന്നു: എന്റെ 'ഹൗദ്' ഒരു മാസത്തെ വഴി അകലമുള്ളതാണ്. അതിന്റെ ഭാഗങ്ങള്‍ സമമാണ് (സമ ചതുരത്തിലാണ്). അതിലെ വെള്ളം പാലിനേക്കാള്‍ വെളുത്തതും വാസന കസ്തുരിയേക്കാള്‍ നല്ലതും അതിലെ പാനപാത്രങ്ങള്‍(കൂജ) ആകാശത്തെ നക്ഷത്രങ്ങള്‍ കണക്കെയുള്ളതുമാണ്. അതില്‍ നിന്ന് ആരെങ്കിലും കുടിക്കുന്ന പക്ഷം അവന് ഒരു കാലത്തും ദാഹം ഉണ്ടാകുകയില്ല (ബുഖാരി, മുസ്‌ലിം). 

മറ്റു ചില റിപ്പോര്‍ട്ടുകളില്‍ തേനിനേക്കാള്‍ മധുരമുള്ളതാണെന്നും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കോപ്പകളെന്നും സ്വര്‍ഗത്തിലെ നദിയില്‍ നിന്ന് സ്വര്‍ണത്തിന്റേയും വെള്ളിയുടേയും പാത്തിയില്‍ അതിലേക്ക് ജലം വന്നുകൊണ്ടിരിക്കുമെന്നും പറഞ്ഞിരിക്കുന്നു (മുസ്‌ലിം). അന്‍പതിലേറെ സ്വഹാബികളില്‍ നിന്ന് ഈ വിഷയകമായ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു (ഫത്ഹുല്‍ബാരി,11/468).

ഹൗദിനരികെ എത്തുന്ന സമയം എപ്പോഴാണ് എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമാണുള്ളത്. മഹ്ശറിലെ കാത്തിരിപ്പും പലവിധത്തിലുള്ള വിചാരണയും മറ്റുമെല്ലാം നടക്കുന്ന ഭയാനകമായ ഈ ഘട്ടത്തില്‍ ദാഹാര്‍ത്തരും പരിക്ഷീണിതരുമായ ജനങ്ങള്‍ക്ക് നബി(സ)യുടെ ഈ തടാകത്തില്‍ നിന്ന് വെള്ളം കുടിക്കാനാവുക എന്നത് അത്യധികം ആശ്വാസ ദായകവും ആനന്ദമുണ്ടാക്കുന്നതുമാണ്. സ്വഹാബികള്‍ക്കും പില്‍ക്കാലത്ത് വരുന്ന വിശ്വാസികള്‍ക്കും ഇതിനവസരം ലഭിക്കും. തന്റെ അനുചരന്മാരെയും പില്‍ക്കാലക്കാരെയും പ്രതീക്ഷിച്ച് അവിടുന്ന് 'ഹൗദിന്' സമീപം കാത്തിരിക്കുന്നുണ്ടാവും. സ്വഹാബികള്‍ക്ക് ശേഷം വരുന്ന അനുയായികളെ വുദുവെടുത്തത് കാരണം മുഖവും കൈകാലുകളും പ്രശോഭിതരായിട്ട് വരുന്നത് കൊണ്ട് അവിടുന്ന് പെട്ടെന്ന് തിരിച്ചറിയുന്നു. പക്ഷേ, ഇവിടെവെച്ച് ചിലരെ ആട്ടിയകറ്റുന്നു.

ഇവരെ കാണുമ്പോള്‍, 'എന്റെ അനുയായികള്‍, എന്റെ അനുയായികള്‍' എന്ന് തിരുമേനി(സ) വിളിച്ചു പറയുന്നു. ഈ സന്ദര്‍ഭത്തില്‍ ഇങ്ങനെ വിളംബരമുണ്ടാകുന്നു: താങ്കളുടെ കാലശേഷം അവര്‍ മതത്തില്‍ പുതുതായുണ്ടാക്കിയതെന്താണെന്ന് താങ്കള്‍ക്കറിയില്ല. ഉടനെ നബി (സ) പറയുന്നു, 'എനിക്ക് ശേഷം മതത്തില്‍ മാറ്റങ്ങള്‍ വരുത്തിയവര്‍ അകലെ അകലെ' (ബുഖാരി, മുസ്‌ലിം). 

അത്യധികം ഗുരുതരവും വിധിനിര്‍ണായകവുമായ ഈ വിഷമഘട്ടത്തില്‍ ദാഹം ശമിപ്പിക്കാനായി എല്ലാ പ്രവാചകന്മാര്‍ക്കും ഹൗദുകള്‍ ഉണ്ടായിരിക്കും. എല്ലാവരും തങ്ങളുടെ സമുദായത്തെ വെള്ളം നല്‍കാന്‍ ക്ഷണിക്കുന്നതുമാണ്. ആ പ്രവാചകന്മാരില്‍ ചിലരുടെ ക്ഷണം സ്വീകരിക്കുന്നവരായി വലിയ വലിയ സംഘങ്ങള്‍ തന്നെയുണ്ടാകും. മറ്റു ചിലര്‍ക്ക് ചെറിയ സംഘങ്ങളും. അന്ന് തിരുമേനി തന്റെ സമുദായത്തിന്റെ പെരുപ്പത്താല്‍ മറ്റു സമുദായങ്ങളുടെ മുമ്പില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നതാണ്. ദീനില്‍ മാറ്റത്തിരുത്തലുകള്‍ വരുത്തുകയും വിവിധ മാര്‍ഗങ്ങളവലംബിച്ച് പരസ്പരം കലഹിക്കുകയും ചെയ്യുക നിമിത്തം എന്റെ ഹൗദിനെ സമീപിക്കാന്‍ കഴിയാതെ വരികയും അതുവഴി എന്റെ മുഖത്തെ അവിടെവെച്ച് കറുപ്പിക്കുകയും ചെയ്യരുതേ എന്ന് ഹൃദയസ്പര്‍ശിയായ ഭാഷയില്‍ തിരുമേനി ഉമ്മത്തിനെ ഉപദേശിച്ചത്  ഇവിടെ പ്രത്യേകം സ്മരിക്കുകയാണ്. സത്യവിശ്വാസികള്‍ ഈ അനുഗ്രഹ തടാകത്തില്‍ നിന്ന് വെള്ളം കുടിച്ച് സന്തുഷ്ടരായി കഴിയുന്നു. കുറ്റവാളികള്‍ കഠിന ദാഹത്താല്‍ കഷ്ടപ്പെടുകയും ചെയ്യുന്നു.
 

Feedback
  • Thursday Apr 18, 2024
  • Shawwal 9 1445