Skip to main content

മീസാന്‍ അഥവാ തുലാസ്

വിചാരണ കഴിഞ്ഞ് മനുഷ്യന്റെ കര്‍മങ്ങള്‍ - നന്മയാകട്ടെ തിന്മയാകട്ടെ - ക്ലിപ്തപ്പെടുത്തി അതിന്റെ ഫലം അവന് അനുഭവിക്കാനുള്ള പ്രതിഫലവേദിയാണ് ഒരുങ്ങുന്നത്. കര്‍മങ്ങളോരോന്നും അത്യധികം സൂക്ഷ്മതയോടെയും കണിശതയോടെയും അളന്നു തിട്ടപ്പെടുത്താന്‍ അല്ലാഹു തുലാസ് സ്ഥാപിക്കുന്നു. മീസാന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈ തുലാസാണ്. അല്ലാഹു പറയുന്നു: ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ നീതിപൂര്‍ണമായ തുലാസ്സുകള്‍ നാം സ്ഥാപിക്കുന്നതാണ്. അപ്പോള്‍ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. അത് (കര്‍മം) ഒരു കടുക് മണിത്തൂക്കമുള്ളതാണെങ്കിലും നാമതു കൊണ്ടുവരുന്നതാണ്. കണക്ക് നോക്കുവാന്‍ നാം തന്നെ മതി (21:47).

വിശുദ്ധ ഖുര്‍ആനില്‍ 21:47, 101:6,8 എന്നീ വചനങ്ങളിലും തുലാസുകള്‍ എന്ന് ബഹുവചന പ്രയോഗം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും വേറെവേറെ തുലാസുകള്‍ ഉണ്ടായിരിക്കുമെന്നും, അതല്ല മനോവ്യാപാരങ്ങള്‍ക്ക് ഒന്നും കൈകാലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റൊന്നും സംസാരങ്ങള്‍ക്ക്  വേറെയും അങ്ങനെ ഓരോരുത്തരുടെയും കര്‍മങ്ങള്‍ക്കും വെവ്വേറെ തുലാസുകള്‍ ഉണ്ടായിരിക്കുമെന്നും അഭിപ്രായപ്പെട്ട പണ്ഡിതന്മാരുമുണ്ട്. മനുഷ്യന്റെ കര്‍മങ്ങള്‍ തൂക്കിക്കണക്കാക്കുവാന്‍ അല്ലാഹു തുലാസുസ്ഥാപിക്കുക തന്നെ ചെയ്യുമെന്ന കാര്യത്തില്‍ സംശമില്ല.

അബൂഹുറയ്‌റ(റ) പറയുന്നു. നബി(സ) പറഞ്ഞിരിക്കുന്നു. അല്ലാഹുവിന്റെ കൈ നിറഞ്ഞിരിക്കുന്നു. ഇടതടവില്ലാതെ രാപ്പകല്‍ ചെലവഴിച്ചാലും അതിലുള്ളത് കുറയുകയില്ല. ആകാശ ഭൂമികള്‍ സൃഷ്ടിച്ചത് മുതല്‍ അവന്‍ ചെലവഴിച്ചുകൊണ്ടേയിരിക്കുകയാണ്. നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ? എന്നിട്ടും അവന്റെ പക്കലുള്ളത് കുറയുന്നില്ല. നബി(സ) തുടര്‍ന്നു. അവന്റെ അര്‍ശ് വെള്ളത്തിന് മുകളിലാണ്. അവന്റെ മറുകയ്യില്‍ മീസാന്‍ ഉണ്ട്. അതവന്‍ താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്നു. (ബുഖാരി, തിര്‍മുദി, അഹ്മദ്). 

ഈ തുലാസ്സില്‍ ഏറ്റവും കൂടതുല്‍ ഭാരംതൂങ്ങുന്ന സല്‍ക്കര്‍മം സല്‍സ്വഭാവമായിരിക്കുമെന്ന് നബി (സ) പറയുകയുണ്ടായി: പുനരുത്ഥാന നാളില്‍ ഒരടിമയുടെ തുലാസില്‍ വെക്കുന്ന ഏറ്റവും ഭാരമുള്ള വസ്തു സല്‍സ്വാഭവമായിരിക്കും. മ്ലേഛനേയും അസഭ്യം പറയുന്നവനെയും അല്ലാഹു വെറുക്കുന്നു. (തിര്‍മിദി).

അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു, പരമകാരുണികന് പ്രിയപ്പെട്ടതും പറയാന്‍ നാവിന് ലളിതമായതും പ്രതിഫലത്തിന്റെ തുലാസില്‍ ഘനമേറിയതുമായ രണ്ട് വചനങ്ങളാണ് 'അല്ലാഹു എത്ര പരിശുദ്ധന്‍ അവനാണ് സ്തുതി, മഹാനായ അല്ലാഹു വളരെ പരിശുദ്ധനാണ്' എന്ന കീര്‍ത്തനം (ബുഖാരി, മുസ്‌ലിം, തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ്). നബി(സ) പറയുകയുണ്ടായി: അല്ലാഹുവില്‍ വിശ്വസിച്ചും അവന്റെ വാഗ്ദാനം സത്യമായി അംഗീകരിച്ചും ആരെങ്കിലും ഒരു കുതിരയെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതനാക്കിയാല്‍ അതിന്റെ ഭക്ഷണവും വെള്ളവും കാഷ്ഠവും മൂത്രവുമെല്ലാം പരലോകത്ത് അവന്റെ തുലാസിലെ നന്മകളായി വരുന്നതാണ് (ബുഖാരി).

മനുഷ്യന്റെ കര്‍മങ്ങള്‍ക്കുള്ള കൃത്യമായ പ്രതിഫലം നല്‍കുക എന്നത് നീതിമാനായ അല്ലാഹുവിന്റെ വിധി തീര്‍പ്പിന്റെ ഭാഗമാണ്. അടിമകളോട് അവന്‍ ഒട്ടും അനീതി കാണിക്കാതിരിക്കാന്‍ വേണ്ടിയാണ് അണുഅളവ് നന്മയാവട്ടെ, തിന്മയാകട്ടെ പ്രവൃത്തിച്ചാല്‍ അതിന്റെ ഫലം അവന്‍ കാണുമെന്ന് പറഞ്ഞിരിക്കുന്നത്. സമ്പൂര്‍ണ നീതി നടപ്പിലാക്കാനായി അല്ലാഹു ഒരുക്കിയ സംവിധാനമാണ് മീസാന്‍. അതിലൊട്ടും യുക്തിഭംഗമോ അസംഭവ്യതയോ കാണേണ്ടതില്ല. എന്നാല്‍ തുലാസ് എന്നു കേള്‍ക്കുമ്പോള്‍  പദാര്‍ഥങ്ങള്‍ തൂക്കുന്ന ഭൗതിക തുലാസുമായി താരതമ്യം ചെയ്ത് സങ്കല്‍പിക്കാവതുമല്ല. അത് എങ്ങനെ, ഏതു രൂപത്തിലാണെന്ന് നമുക്കറിയില്ല. അദൃശ്യമായ കാര്യമായതിനാല്‍ നബി(സ) പഠിപ്പിച്ചുതന്നത്‌പോലെ വിശ്വസിക്കുക. അത് നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു:

ആരുടെ തുലാസുകള്‍ കനം തൂങ്ങുന്നുവോ അവര്‍ വിജയിച്ചു. ആരുടെ തുലാസുകള്‍ കനം കുറയുന്നുവോ അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളുടെ നേരെ അക്രമപരമായ നയം കൈക്കൊണ്ടതു നിമിത്തം അവരെത്തന്നെ സ്വയം നഷ്ടപ്പെടുത്തിക്കളഞ്ഞു (7:8,9).
 

Feedback
  • Friday Oct 4, 2024
  • Rabia al-Awwal 30 1446