Skip to main content

ശൂറാ

കൂടിയാലോചന എന്നര്‍ഥമുള്ള അറബി പദമാണ് ശൂറാ. ജനങ്ങള്‍ക്കിടയില്‍ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കൂടിയാലോചനയിലൂടെ ആവണമെന്നാണ് ഇസ്‌ലാമിന്റെ കല്പന. ഖുര്‍ആനില്‍ ശൂറാ എന്ന പേരില്‍ ഒരു അധ്യായം തന്നെയുണ്ട്. കാര്യങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ കൂടിയാലോചന ചെയ്യണമെന്നാണ് അതില്‍ പറയുന്ന ഒരു വചനത്തിന്റെ താത്പര്യം (വി.ഖു 42:38). ഖുര്‍ആനിലെ മറ്റൊരു അധ്യായമായ ആലു ഇംറാനില്‍ കൂടിയാലോചനയുടെ പ്രസക്തി സൂചിപ്പിക്കുന്ന ഒരു വചനമുണ്ട് (വി.ഖു 3:159). അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുമ്പോള്‍ അത് കൂടിയാലോചന നടത്തണമെന്നും എന്നിട്ട് ഒരു തീരുമാനമെടുത്താല്‍ അതില്‍ ഉറച്ചു നില്‍ക്കണമെന്നും ദൈവത്തില്‍ ഭരമേല്‍പിച്ചുകൊണ്ട് മുന്നോട്ട് പോകണമെന്നും ഈ വചനം അറിയിക്കുന്നു. ഹിജ്‌റ മൂന്നാമത്തെ വര്‍ഷം മദീനയെയും മുസ്‌ലിംകളെയും ഉന്‍മൂലനാശം വരുത്താന്‍ ഖുറൈശികള്‍ ഒരുങ്ങിപ്പുറപ്പെട്ട വാര്‍ത്തയറിഞ്ഞ നബി(സ്വ) സ്വഹാബിമാരുമായി കൂടിയാലോചന (ശൂറാ) നടത്തി. ഹിജ്‌റ ആറാം വര്‍ഷത്തില്‍ ഉണ്ടായ നിര്‍ണായകമായ ഹുദൈബിയാ സംഭവത്തില്‍ നബി(സ്വ) സ്വഹാബികളുമായി കൂടിയാലോചന നടത്തി.

സാമൂഹിക ജീവിതത്തില്‍ പാലിക്കേണ്ട അനിവാര്യമായ ഒരു കാര്യമായാണ് ഇസ്‌ലാം ശൂറായെ കാണുന്നത്. ഭരണ നിര്‍വഹണ രംഗത്തും സാമൂഹിക നേതൃ രംഗത്തും ശൂറാ അത്യന്താപേക്ഷിതമാണ്. ഇന്ന് ലോകത്ത് ഭരണ നിര്‍വഹണ രംഗങ്ങളില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയുടെ മൂലകാരണം കൂടിയാലോചനയുടെ അഭാവമാണെന്ന് നിരീക്ഷിക്കാവുന്നതാണ്. ശൂറയും ജനാധിപത്യവും ഒന്നല്ല. എന്നാല്‍, ജനാധിപത്യം അഥവാ ഡെമോക്രസി എന്ന ആശയത്തിന്റെ അടിസ്ഥാനം കൂടിയാലോചനയാണ്. ഡെമോക്രസി രൂപപ്പെടുന്നത് ആധുനിക കാലത്ത് മാത്രമാണ്.

ശൂറാ എന്ന ആശയത്തിന് വളരെയധികം പ്രാധാന്യം ഇസ്‌ലാമിക ചരിത്രത്തില്‍ കാണാവുന്നതാണ്. തനിക്കു ശേഷം പിന്‍ഗാമിയെ നിശ്ചയിക്കാതെയാണ് നബി(സ്വ) വിടവാങ്ങിയത്. ആര് പിന്‍ഗാമി ആകണമെന്ന കാര്യം കൂടിയാലോചനക്കായി വിശ്വാസികള്‍ക്ക് വിട്ടു നല്‍കിക്കൊണ്ടാണ് അദ്ദേഹം വിടപറഞ്ഞത്. ഏറ്റവും പ്രധാനപ്പെട്ട, വിശ്വാസി സമൂഹത്തിന്റെ നേതൃരംഗം പോലും ഇത്തരത്തില്‍ ശൂറായ്ക്ക് വിട്ടു നല്‍കുന്നതിലൂടെ കൂടിയാലോചനക്ക് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യം മനസ്സിലാക്കാവുന്നതാണ്.

ജനാധിപത്യത്തിന്റെ അടിത്തറ കൂടിയാലോചനകളും ജനപങ്കാളിത്തവും ആണെങ്കിലും നബി(സ്വ) പഠിപ്പിച്ചു തന്ന ശൂറായും ജനാധിപത്യവും പര്യായങ്ങളല്ല. പ്രായപൂര്‍ത്തി എന്നതു മാത്രം മാനദണ്ഡമാക്കി വോട്ടവകാശം നിശ്ചയിക്കുകയും സാങ്കേതിക ഭൂരിപക്ഷം കൊണ്ട് ഭരണാധികാരം ലഭിക്കുകയും ചെയ്യുന്ന രീതിയല്ല ഇസ്‌ലാമിലുള്ളത്. കൂടിയാലോചനയ്ക്ക് യോഗ്യരായ(അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദി) വരുടെ ഉപദേശ നിര്‍ദേശങ്ങള്‍ തേടുക എന്ന രീതിയാണത്. എന്നാല്‍ ഈ യോഗ്യരെന്നു പറഞ്ഞവര്‍ ഏകാധിപതികളുടെ ഉപജാപക സംഘങ്ങള്‍ പോലെയോ പൗരോഹിത്യത്തിന്റെ 'സുനഹദോസ്' പോലെയോ അല്ല. അതേസമയം പ്രായപൂര്‍ത്തി വോട്ടവകാശം നിഷിദ്ധമോ തദടിസ്ഥാനത്തിലുള്ള ഭരണക്രമത്തില്‍ പങ്കാളികളാകുന്നത് പാപമോ അല്ല. 

Feedback