Skip to main content

തെരഞ്ഞെടുപ്പിലെ പ്രവാചക മാതൃക

അന്തിമദൂതന്‍ മുഹമ്മദ് നബി മരണപ്പെടുന്നത് മദീന കേന്ദ്രമായ ഒരു രാജ്യത്തിന്റെ ഭരണാധികാരി കൂടി ആയിക്കൊണ്ടാണ്. വ്യക്തി മുതല്‍ അന്താരാഷ്ട്ര കാര്യങ്ങള്‍ വരെ മുഹമ്മദ് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട് എന്ന് സാമാന്യമായി പറയാം. പൂര്‍ണ മതകാര്യങ്ങള്‍ ഇനിയൊരു തിരുത്താവശ്യമില്ലാത്ത വിധം സമ്പൂര്‍ണമായി അദ്ദേഹം മാതൃക കാണിച്ചു. എന്നാല്‍ ഭൗതിക കാര്യങ്ങളിലും മാറ്റം വരാവുന്ന കാര്യങ്ങളിലും മൗലിക തത്ത്വങ്ങള്‍ പഠിപ്പിക്കുകയായിരുന്നു മുഹമ്മദ് നബി ചെയ്തത്. നമസ്‌കാരം, സകാത്ത് പോലെ മതകാര്യമല്ലാത്തതിനാല്‍ ഭരണ-രാഷ്ട്രീയ കാര്യങ്ങളില്‍ അടിസ്ഥാന തത്ത്വങ്ങളും കാലാതിവര്‍ത്തിയായ മൂല്യങ്ങളും പഠിപ്പിച്ചു. മറ്റു കാര്യങ്ങള്‍ ജനങ്ങള്‍ക്ക് സ്വതന്ത്രമായി വിട്ടുകൊടുത്തു. ഇങ്ങനെയുള്ള കാര്യങ്ങളിലൊന്നാണ് ഭരണം.

വിശുദ്ധ ഖുര്‍ആനും നബിചര്യയും മുറുകെപ്പിടിച്ചാല്‍ ആരും വഴി പിഴക്കില്ലെന്ന് അന്ത്യോപദേശം നല്കിയ നബി(സ്വ) തനിക്കു ശേഷം ഭരണകാര്യങ്ങള്‍ നിര്‍വഹിക്കേണ്ടത് ആരാണെന്ന് പറഞ്ഞില്ല. അതൊരു വീഴ്ചയായിരുന്നില്ല. അത്തരം ഭൗതിക കാര്യങ്ങള്‍ മനുഷ്യരുടെ കൂടിയാലോചന(ശൂറാ)യ്ക്കും ചിന്താശേഷിക്കും വിട്ടുകൊടുക്കുകയായിരുന്നു നബി. നബി(സ്വ) മരണപ്പെട്ട് ഏറെ വൈകാതെ സ്വഹാബികളിലെ പ്രമുഖര്‍ യോഗം ചേര്‍ന്ന് അബൂബക്ര്‍(റ)നെ ഭരണാധികാരിയായി തെരഞ്ഞെടുത്തു. ഈ നടപടിക്ക് സ്വഹാബികളുടെ ഇജ്മാഅ് ഉണ്ടായിരുന്നു. ആ നടപടി ഒരു പ്രമാണം പോലെ സ്വീകര്യമായി എന്നര്‍ഥം. 

അബൂബക്ര്‍(റ)നെ ആരും ഖലീഫ എന്നു വിളിച്ചിട്ടില്ല. യാഥാര്‍ഥ 'ഖലീഫ' (പിന്‍ഗാമി)അദ്ദേഹമാണല്ലോ. അബൂബക്ര്‍(റ) തന്റെ പിന്‍ഗാമിയെ കണ്ടെത്തി അതു പ്രഖ്യാപിച്ച ശേഷമാണ് വിടവാങ്ങിയത്. മുതിര്‍ന്ന സ്വഹാബികളുമായി ദീര്‍ഘമായി കൂടിയാലോചന നടത്തിയ ശേഷം അദ്ദേഹം ഉമര്‍(റ)നെ തന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കുകയായിരുന്നു. 'അന ഖലീഫത്തു ഖലീഫത്തി റസൂലില്ലാഹ്' എന്നു പറഞ്ഞതു ഉമര്‍(റ) ആണ്. (ഞാന്‍ റസൂലിന്റെ പിന്‍ഗാമിയുടെ പിന്‍ഗാമായാണ് എന്നര്‍ഥം). ഖലീഫ എന്നാല്‍ പിന്‍ഗാമി എന്നാണ് അവരെല്ലാം മനസ്സിലാക്കിയത്. 

ഉമര്‍(റ)ന് മരണം ആസന്നമായി എന്നറിഞ്ഞപ്പോള്‍ മുതിര്‍ന്ന സ്വഹാബികള്‍ ആരാഞ്ഞു: 'ആരെയാണ് താങ്കള്‍ പിന്‍ഗാമിയായി നിശ്ചയിക്കുന്നത്?' ഈ ചോദ്യത്തിന് ഉമര്‍(റ) പറഞ്ഞ സുചിന്തിതവും ചിന്താര്‍ഹവുമായ മറുപടിയുണ്ട്. ''ഞാന്‍ പിന്‍ഗാമിയായി ആരെയും നിശ്ചയിക്കാതിരുന്നാല്‍ എനിക്കതിനു മാതൃകയുണ്ട്. തനിക്കു ശേഷം സമുദായത്തിന്റെ നേതൃത്വം ആര്‍ക്കായിരിക്കണമെന്ന് നിശ്ചയിക്കുകയോ സൂചിപ്പിക്കുകയോ ചെയ്യാതെയാണ് റസൂലുല്ല വിട വാങ്ങിയത്. ഞാന്‍ ആരെയെങ്കിലും എന്റെ പിന്‍ഗാമിയായി പ്രഖ്യാപിക്കുകയാണെങ്കില്‍ അതിനും എനിക്കു മാതൃകയുണ്ട്. അബൂബക്ര്‍(റ) എന്നെ പിന്‍ഗാമി(ഖലീഫ)യായി നിശ്ചയിച്ച ശേഷമാണ് മരണപ്പെട്ടത്. ഇത്രയും പറഞ്ഞ ഉമര്‍(റ) മൂന്നാമതൊരു രീതി സ്വീകരിക്കുകയാണു ചെയ്തത്. ഏറ്റവും മുതിര്‍ന്ന സ്വഹാബിമാരില്‍ ആറുപേരുടെ ഒരു സമിതി രൂപീകരിച്ചു. ഈ സമിതിയില്‍ നിന്ന് ഒരാളെ ഖലീഫയായി നിങ്ങള്‍ തെരഞ്ഞെടുക്കണം. ഏഴാമനായി വോട്ടവകാശമില്ലാതെ തന്റെ മകന്‍ അബ്ദുല്ലയെയും ഉമര്‍(റ) നിശ്ചയിച്ചു. ആ സമിതിയാണ് മൂന്നാം ഖലീഫയായി ഉസ്മാന്‍(റ)നെ തെരഞ്ഞെടുത്തത്. ഉസ്മാന്‍(റ)ന്നാകട്ടെ ഇതിനൊന്നും അവസരം ലഭിച്ചില്ല. കലാപകലുഷിതമായ ഒരു സാഹചര്യത്തില്‍ അദ്ദേഹം വധിക്കപ്പെടുകയായിരുന്നു. സ്വഹാബിമാരില്‍ ചിലര്‍ മദീനയില്‍ യോഗം ചേര്‍ന്ന് അലി(റ)യെ ഖലീഫയായി ബൈഅത്ത് ചെയ്യുകയായിരുന്നു. 

ഭരണാധികാരിയെ തെരഞ്ഞെടുക്കാന്‍ നബി(സ്വ) നിയതമായ ഒരു രൂപം നിശ്ചയിച്ചിട്ടില്ല എന്നതാണ് ഈ വ്യതിരക്തയ്ക്കു കാരണം. തെരഞ്ഞെടുപ്പ് മതത്തിന്റെ ഭാഗമായിരുന്നെങ്കില്‍ അത് നബി(സ്വ) പറയാതെ വിട്ടുകളയില്ല. മതശാസനങ്ങള്‍ നിലനില്ക്കുന്ന ഭൗതിക കാര്യമാണ് ഭരണം എന്നര്‍ഥം. 
 

Feedback