Skip to main content

ജിസ്‌യ

മുസ്‌ലിം ഭരണത്തിന് കീഴില്‍ ജീവിക്കുന്ന മുസ്‌ലിമേതര ജനങ്ങള്‍ നല്‍കേണ്ട നികുതിയുടെ പേരാണ് ജിസ്‌യ. വിശ്വാസികള്‍ പൊതുഖജനാവിലേക്ക് സകാത്തും ആവശ്യമെങ്കില്‍ സ്വദഖകളും (ദാനധര്‍മങ്ങള്‍) നല്‍കുകയാണ് വേണ്ടത്. എന്നാല്‍ വിശ്വാസികളല്ലാത്തവര്‍ക്ക് സകാത്ത് ബാധകമല്ല. പൊതു ഖജനാവിലേക്ക് അവരുടെ വിഹിതം ശേഖരിക്കുന്നത് ജിസ്‌യ വഴിയാണ്. ഇസ്‌ലാമിക രാജ്യങ്ങളിലെ മുസ്‌ലിമേതര പൗരന്മാര്‍ക്ക് ദിമ്മി അഥവാ സംരക്ഷിത പൗരന്മാര്‍ എന്നാണ് പറയുക. ദിമ്മികളാണ് ജിസ്‌യ നല്‍കേണ്ടത്. വേദക്കാരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവരില്‍ നിന്ന് ജിസ്‌യ ശേഖരിക്കട്ടെ(9:29) എന്നാണ് ഖുര്‍ആനിലെ ആഹ്വാനം. ഹദീസുകളിലും ജിസ്‌യ സംബന്ധിച്ച നിര്‍ദേശങ്ങള്‍ കാണാവുന്നതാണ്. (ബുഖാരി 2925, മുസ്‌ലിം 3261). 

ജിസ്‌യ എന്ന നിലയില്‍ എത്രയാണ് സ്വീകരിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് ഭരണാധികാരികളാണ്. വേദക്കാരില്‍ നിന്നും മജൂസികളില്‍ (അഗ്‌നിയാരാധകര്‍) നിന്നുമാണ് ജിസ്‌യ സ്വീകരിക്കേണ്ടത്. എന്നാല്‍ വേദക്കാരല്ലാത്ത ബഹുദൈവ വിശ്വാസികള്‍, ബിംബാരാധകര്‍ എന്നിവരില്‍ നിന്ന് ജിസ്‌യ സ്വീകരിക്കാന്‍ പാടുണ്ടോ എന്ന കാര്യത്തില്‍ ഭിന്നവീക്ഷണങ്ങളുണ്ട്. ഇസ്‌ലാമിക ചരിത്രം പരിശോധിച്ചാല്‍ ഓരോ കാലത്തും വ്യത്യസ്ത രീതിയിലാണ് ഇത് നടപ്പിലാക്കിയിരുന്നത്. അമവീ-അബ്ബാസി ഭരണ കാലത്ത് സൈനിക സേവനം അനുഷ്ഠിക്കുന്ന മുസ്‌ലിമേതര പൗരന്മാരില്‍ നിന്ന് ജിസ്‌യ ഈടാക്കിയിരുന്നില്ല. ജിസ്‌യ എന്നാല്‍ മതനികുതി എന്ന പ്രയോഗം ശരിയല്ല. പിന്നീട്, ഇസ്‌ലാമിക രാജ്യങ്ങളിലെ നികുതി സംവിധാനവുമായി ചേര്‍ത്തുവെച്ചുകൊണ്ടും ഇത് നടപ്പിലാക്കിയിരുന്നു. നികുതിക്ക് ഖറാജ് എന്നാണ് പറയുക. ജിസ്‌യ എന്ന പേരിന് പകരം ഖറാജ് എന്ന പേരിലും ഇതിന്റെ ശേഖരണം നടന്നിട്ടുണ്ട്. ഖിലാഫത്തുകള്‍ക്കും സാമ്രാജ്യങ്ങള്‍ക്കും പകരം ദേശ രാഷ്ട്രങ്ങള്‍ രൂപപ്പെട്ട പുതിയ കാലത്ത് സ്റ്റേറ്റ് ടാക്‌സ് എന്ന നിലയിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്. അതാകട്ടെ, മുസ്‌ലിംകള്‍ അടക്കം എല്ലാ പൗരന്മാര്‍ക്കും ബാധകവുമാണ്.

 

Read More

അധിക വായനക്ക്; അഹ്കാമു അഹ്‌ലിദ്ദിമ്മ, ഇബ്‌നുല്‍ ഖയ്യിം.

Feedback