Skip to main content

അബ്ബാസി ഖിലാഫത്ത് ചിതറുന്നു

അബ്ബാസീ ഖിലാഫത്ത് മൂന്നു ഘട്ടങ്ങളടങ്ങിയതാണ്. ക്രി. വ. 750 (ഹി.132)ല്‍ അബുല്‍ അബ്ബാസ് അസ്സഫ്ഫാഹ് അടിത്തറയിട്ടതു മുതല്‍ പത്താമത്തെ ഖലീഫ മുതവക്കില്‍ അലല്ലാഹ് മരിക്കുന്നതുവരെ-ക്രി.861 (ഹി.247) ഒന്നാം ഘട്ടം. ഈ ഒരു നൂറ്റാണ്ടുകാലം പ്രവിശാലമായ ഇസ്്‌ലാമിക സാമ്രാജ്യം അബ്ബാസീ ഖലീഫമാര്‍ തന്നെ അടക്കി വാണു.

എന്നാല്‍ മുഅ്തസിം ബില്ലാ (ഹി. 218-227) തന്റെ ഭരണകാലത്ത് രൂപീകരിച്ച തുര്‍ക്കി സേന പിന്നീട് വന്ന ഖലീഫമാര്‍ക്ക് വിനയായി. അറബികളേയും പേര്‍ഷ്യക്കാരേയും അകറ്റി നിര്‍ത്താനായിരുന്നു പുതിയ സേനയും അവര്‍ക്കായി പുതിയ തലസ്ഥാനവും (സാമിര്‍റാ) ഉണ്ടാക്കിയത്.

വാസിഖ് ബില്ലായുടെ ഭരണാന്ത്യം-ക്രി. 847 (ഹിജ് റ. 232) മുതല്‍ 21-ാമത്തെ ഖലീഫ മുത്തഖി ബില്ലായുടെ അന്ത്യം വരെ-ക്രി.944 (ഹി. 333)യാണ് രണ്ടാം അബ്ബാസീ യുഗം. കൃത്യം ഒരു ദശകം മാത്രം. തുര്‍ക്കി സ്വാധീനമുള്ള ഈ ഘട്ടത്തില്‍ ഖലീഫമാര്‍ക്ക് അര്‍ധ സ്വാതന്ത്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഖലീഫക്കുപുറമെ ആദ്യം അമീറുല്‍ ഉമറാഉം പിന്നീട് സുല്‍ത്താനും ഉണ്ടായി. മൂന്ന് അധികാരകേന്ദ്രങ്ങള്‍ വന്നതോടെ ഖലീഫ നോക്കുകുത്തിയായി. അമീറുല്‍ ഉമറാഉം സുല്‍ത്താനും ഖലീഫയെ നിശ്ചയിക്കുന്നതിലെത്തി കാര്യങ്ങള്‍.

മൂന്നാം ഘട്ടം ആരംഭിച്ചത് അല്‍ മുസ്തക്ഫീയുടെ ഖിലാഫത്തോടെ (ക്രി. 944, ഹി. 333) യാണ്. ഇക്കാലത്ത് ബുവൈഹികളാണ് ഖലീഫക്കു പുറമേ സുല്‍ത്താനായി വന്നത്. മുഇസ്സുദ്ദൗലയാണ് പ്രഥമ സുല്‍ത്താന്‍. 125ലാണ് ഈ ഘട്ടം അവസാനിച്ചത്.

ഖിലാഫത്ത് ചിന്നിചിതറുകയും പ്രവിശ്യകള്‍ സ്വതന്ത്ര രാജ്യങ്ങളായി മാറുകയും ചെയ്തു. അബ്ബാസി ഖിലാഫത്ത് ബഗ്ദാദില്‍ മാത്രം ഒതുങ്ങി. സ്‌പെയിന്‍ അമവികളുടെയും ഉത്തരാഫ്രിക്ക ഇദ്‌രീസികളുടെയും ടുണീഷ്യ അഗ്‌ലബികളുടെയും ഈജിപ്ത് ആദ്യം തൂലൂനികളുടെയും പിന്നീട് ഫാത്വിമികളുടെയും പൗരസ്ത്യ നാടുകള്‍ സഫാരിയ്യ, സമാനിയ്യ, ബുവൈഹിയ്യ, ഗസ്‌നവിയ്യ, ഹംദാനിയ്യ എന്നിവരുടെയും കൈകളിലായി.

പ്രവിശാലമായി കിടന്നിരുന്ന മുസ്്‌ലിം ഖിലാഫത്ത് വിവിധ പ്രവിശ്യകളായി പിരിഞ്ഞ് മുസ്്‌ലിം ലോകത്തിന് വന്‍ നഷ്ടങ്ങള്‍ വരുത്തി.

രാഷ്ട്രീയ രംഗത്ത് മുസ്്‌ലിംകള്‍ക്ക് തിരിച്ചടി നേരിട്ടെങ്കിലും സാംസ്‌കാരികമായി മുസ്്‌ലിംകള്‍ ഉത്തേജിക്കപ്പെട്ടതായി ചരിത്രം വിലയിരുത്തുന്നു. കാരണമിതാണ്. അബ്ബാസികളുടെ കാലത്ത് ബാഗ്ദാദ് മാത്രമാണ് തിളങ്ങിയത്. എന്നാല്‍ നിരവധി സ്വതന്ത്ര ഭരണകൂടങ്ങള്‍ വന്നതോടെ അത്രയും തലസ്ഥാന നഗരികളും ഉണ്ടായി. കോര്‍ദോവ, കെയ്‌റോ, ബുഖാറ, നിസാപൂര്‍, ഗസ്‌ന, ഹലബ് എന്നിവ. ഈ നഗരങ്ങളിലെല്ലാം ഇസ്്‌ലാമിക സംസ്‌കാരം പൂത്തുലഞ്ഞു.

ശാസ്ത്രവും സാഹിത്യവും വളര്‍ന്നു. ഖലീഫമാരുടെ ദര്‍ബാറുകളിലേക്ക് ലോകത്തിന്റെ വിവിധ മൂലകളില്‍ നിന്നുള്ള പണ്ഡിതരെത്തി. ബൗദ്ധിക ചര്‍ച്ചകള്‍ നടന്നു. ഗ്രന്ഥങ്ങള്‍ വിരചിതമായി. ഈ നഗരങ്ങളെല്ലാം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളുമായി.


 

Feedback