Skip to main content

ദുഃഖാചരണം

മരണവാര്‍ത്ത ലഭിച്ചാല്‍ 'ഇസ്തിര്‍ജാഅ്' നടത്തുകയും പ്രാര്‍ഥിക്കുകയുംവേണം. ഉമ്മുസലമയില്‍ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ''വിപത്തുകള്‍ നേരിടുമ്പോള്‍ 'ഇന്നാലില്ലാഹിവഇന്നാഇലയ്ഹി റാജിഊന്‍' (ഞങ്ങള്‍ അല്ലാഹുവിന്റേതാണ്. അവനിലേക്ക് മടങ്ങുന്നവരുമാണ്) എന്ന് ചൊല്ലുകയും അല്ലാഹുവേ, ഈ വിപത്തില്‍നിന്ന് എനിക്ക് നീ അഭയം നല്‌കേണമേ, അതിനെക്കാള്‍ ഉത്തമമായത് പകരം പ്രദാനം ചെയ്യേണമേ' എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഏതൊരു അടിമക്കും അല്ലാഹു ആപത്തില്‍ അഭയം നല്കുകയും അതിനേക്കാള്‍ നല്ലത് നല്കുകയും ചെയ്യാതിരിക്കില്ല'' (മുസ്‌ലിം).

മരണവിവരം അറിയുമ്പോള്‍ അല്ലാഹുവിന്റെ വിധിയില്‍ സമാധാനിച്ചുകൊണ്ട് ശുഭാപ്തി വിശ്വാസത്തോടെ ക്ഷമിക്കണമെന്ന് പ്രസ്തുതവചനം വ്യക്തമാക്കുന്നു.

എന്നാല്‍ ബന്ധുക്കളുടെ വേര്‍പാടുണ്ടാക്കുന്ന താങ്ങാനാവാത്ത ദുഃഖത്താല്‍ കരഞ്ഞുപോവുക സ്വാഭാവി കമാണ്. പ്രകൃതിമതമായ ഇസ്‌ലാം ഇത് നിഷിദ്ധമാക്കുന്നില്ല. ബഹളങ്ങളില്ലാതെ കരയാവുന്നതാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ മകന്‍ മരിച്ചപ്പോള്‍ നബി(സ്വ) കരയുകയുണ്ടായി. എന്നിട്ട് പറഞ്ഞു: നേത്രങ്ങള്‍ കണ്ണീര്‍ പൊഴിക്കുന്നു. ഹൃദയം ദുഃഖിക്കുന്നു. എന്നാല്‍ നമ്മുടെ നാഥന്‍ ഇഷ്ടപ്പെടുന്നതല്ലാതെ നാം പറയുന്നില്ല. ഇബ്‌റാഹീമേ, നിന്റെ വേര്‍പാടില്‍ ഞങ്ങള്‍ ദുഃഖിതരാണ്'' (ബുഖാരി).

പ്രവാചകപുത്രി സൈനബിന്റെ മകള്‍ ഉമയ്മ മരിച്ചപ്പോള്‍ അവിടുന്ന് കരഞ്ഞു. അപ്പോള്‍ സഅ്ദുബ്‌നു ഉബാദ ചോദിച്ചു: ''തിരുദൂതരേ, അങ്ങ് കരയുകയാണോ? കരയല്‍ അങ്ങ് നിരോധിച്ചതല്ലേ?'' പ്രവാചകന്‍ പറഞ്ഞു: ''ഇത് അല്ലാഹു തന്റെ ദാസന്മാരുടെ ഹൃദയങ്ങളില്‍ നിക്ഷേപിച്ച കാരുണ്യം മാത്രമാണ്. കരുണയുള്ളവരോട് മാത്രമേ അല്ലാഹു കരുണ കാണിക്കൂ.''

എന്നാല്‍ മാറത്തടിച്ചും അലമുറകൂട്ടിയും ബഹളംവെച്ചും കൊണ്ടുള്ള വിലാപപ്രകടനം ഇസ്‌ലാം നിഷിദ്ധ മാക്കിയിട്ടുണ്ട്. അബൂമൂസാ(റ) പറയുന്നു: ''അല്ലാഹുവിന്റെ ദൂതര്‍ ആരുമായി ബന്ധം ഒഴിവാക്കിയിരി ക്കുന്നുവോ അവരുമായി ഞാനുമിതാ ബന്ധം ഒഴിവാക്കിയിരിക്കുന്നു. മരിച്ചവരുടെ പേരില്‍ അലമുറകൂട്ടുന്ന വളുമായും തലമൊട്ടയടിക്കുന്നവളുമായും വസ്ത്രം വലിച്ചുകീറുന്നവളുമായും നബി(സ്വ) ബന്ധം വിച്ഛേ ദിച്ചിരിക്കുന്നു'' (ബുഖാരി).

നബി(സ്വ) പറഞ്ഞു: ''മുഖത്തടിക്കുകയും മാറുകീറുകയും ജാലിഹിയ്യാ കാലത്തെപ്പോലെ വിളിച്ചു പറഞ്ഞ് വിലപിക്കുകയും ചെയ്യുന്നവര്‍ നമ്മുടെ സമുദായത്തില്‍ പെട്ടവരല്ല'' (ബുഖാരി).

ജാഹിലിയ്യാ സമൂഹം തലമുണ്ഡനം ചെയ്തിരുന്ന സ്ഥാനത്ത്, താടിയും തലമുടിയും നീട്ടിവളര്‍ത്തിയും വസ്ത്രം കീറുന്നതിന് പകരം പ്രത്യേക വസ്ത്രം ധരിച്ചുകൊണ്ടും ഇന്ന് ചിലര്‍ ദുഃഖം പ്രകടിപ്പിക്കുന്നു. ഇത് ഇസ്‌ലാമിക സംസ്‌കാരത്തിന് അന്യമാണെന്ന് സ്പഷ്ടമാണല്ലോ.

മരിച്ച വ്യക്തിയോടുള്ള സ്‌നേഹാദരവുകള്‍ക്ക് അനുസൃതമായിരിക്കുമല്ലോ ബന്ധുക്കള്‍ക്കുണ്ടാകുന്ന ദുഃഖം. എന്നാല്‍ മൂന്ന് ദിവസത്തില്‍ കൂടുതല്‍ ദുഃഖമാചരിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല; കുടുംബത്തിലും സമൂഹത്തിലും അയാള്‍ക്കുള്ള പദവി എത്ര ഉന്നതമായാലും. എന്നാല്‍ വിധവ നാലുമാസവും പത്ത് ദിവസവും 'ഇദ്ദ' ആചരിക്കേണ്ടതാണ്. ഉമ്മു ഹബീബ(റ) പറയുന്നു: ''നബി(സ്വ) ഇപ്രകാരം പറഞ്ഞതായി ഞാന്‍ കേട്ടു. ''അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്കും ഒരു മയ്യിത്തിന് വേണ്ടി മൂന്ന്ദിവസ ത്തിലധികം ദുഃഖമാചരിക്കാവതല്ല. മരിച്ചത് ഭര്‍ത്താവാണെങ്കില്‍ അവള്‍ നാലുമാസവും പത്ത് ദിവസവും ദീക്ഷാകാലം ആചരിക്കേണ്ടതാണ്'' (ബുഖാരി).

ജഹ്ശിന്റെ മകള്‍ സൈനബ്(റ) തന്റെ സഹോദരന്റെ മരണശേഷം സുഗന്ധംതേച്ചുകൊണ്ട് പറഞ്ഞു: 'എനി ക്കിതിന്റെ ആവശ്യമില്ല. എന്നാല്‍ നബി(സ്വ) ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു'വെന്ന് പറഞ്ഞുകൊണ്ട് അവര്‍ പ്രസ്തുതവചനം ഉദ്ധരിച്ചു.

മരണപ്പെട്ട വ്യക്തിയോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ ഇക്കാലത്ത് പുതിയരീതികള്‍ സ്വീകരിച്ചുവരുന്നുണ്ട്. അതില്‍ വിശ്വാസപരവും സാംസ്‌കാരികവുമായി ഇസ്‌ലാമിനോട് വിയോജിക്കുന്നവയും കുറവല്ല. ഇന്ന് സര്‍വസാധാരണമായിക്കൊണ്ടിരിക്കുന്ന റീത്ത് (പുഷ്പചക്രം) സമര്‍പ്പണം അതിലൊന്നാണ്. പഴയ ഗ്രീക്ക്- റോമന്‍ സംസ്‌കാരത്തിന്റെ അവശേഷിക്കുന്ന ആചാരങ്ങളില്‍ ഒന്നാണിത്. ലോറല്‍ മരത്തിന്റെ ഇലകൊ ണ്ടുണ്ടാക്കുന്നവയെ അപ്പോളോ ദേവനോടും ഓക്ക് മരത്തിന്റേത്‌കൊണ്ടുള്ളവയെ സ്യൂദേവനോടും ബന്ധപ്പെടുത്തിയിരുന്ന അവര്‍ രാജാക്കന്മാര്‍ക്ക് 'ക്രൗണാ'യും പ്രഭുക്കള്‍ക്ക് 'ക്രോണറ്റാ'യും അത് അണിയിച്ചിരുന്നു. ഈജിപ്തില്‍ മമ്മികള്‍ക്കും ഇത്തരം കിരീടം ധരിപ്പിച്ചിരുന്നു. പരലോകത്തേക്ക് വിജയികളായി പ്രവേശിക്കാന്‍ ഇതുമൂലം സാധിക്കുമെന്ന് അവര്‍ വിശ്വസിച്ചുപോന്നു.

പിന്നീട് അത്‌ലറ്റുകളെയും യുദ്ധത്തില്‍ വിജയിച്ച പട്ടാളക്കാരെയും ഇത്തരം കിരീടം ധരിപ്പിക്കാറുണ്ടായിരുന്നു. ക്രൈസ്തവരും മരിച്ചവരെ അതു ധരിപ്പിച്ചുപോന്നു. ക്രിസ്തുമതത്തില്‍ രക്തസാക്ഷികളെ ഇത് ധരിപ്പിക്കല്‍ സാധാരണമായിരുന്നു. ഇത് ധരിക്കുന്നത്മൂലം അത്യുത്തമമായ ഒരു ശക്തിയുമായി അവര്‍ ബന്ധപ്പെട്ടുകൊണ്ടി രിക്കുമെന്ന് അവര്‍ ധരിച്ചുപോന്നു (The Encyclopedia of Relegion 4:167).

ചുരുക്കത്തില്‍ ഇസ്‌ലാമിന് നിരക്കാത്ത ഒരു മതാചാരമാണിതെന്നു വ്യക്തമാണ്. പുറമെ മരണമടഞ്ഞ വ്യക്തിയുടെ വ്യക്തിപ്രഭാവവും പ്രൗഢിയും പ്രകടിപ്പിക്കുകയും അമിതമായി ആദരിക്കുകയും ചെയ്യല്‍ ഇതില്‍ പ്രകടമാണ്. ഇക്കാരണങ്ങളാലൊക്കെ ഇത് ഉപേക്ഷിക്കുകയാണ് ഉചിതമെന്ന് ഗ്രഹിക്കാന്‍ പ്രയാസമുണ്ടാവില്ല. പ്രമുഖ ഹദീസ് പണ്ഡിതനായ നാസ്വിറുദ്ദീന്‍ അല്‍ബാനി ബൊക്കെയും പുഷ്പചക്രവും ഇതുപോലുള്ളതും സമര്‍പ്പിക്കുന്നത് ബിദ്അത്താണെന്ന് പറഞ്ഞിട്ടുണ്ട് (തല്‍ഖീസ്അഹ്കാമില്‍ ജനാഇസ്: 99). ഒരു വ്യക്തിയുടെ മരണത്തെത്തുടര്‍ന്ന് ഒരു രാജ്യത്തെ വിദ്യാഭ്യാസ-വ്യവസായസ്ഥാപനങ്ങളൊക്കെ പൂര്‍ണ മായും നിശ്ചലമാക്കുന്ന രൂപത്തിലുള്ള ഹര്‍ത്താലുകളും അവധികളുമൊക്കെ ഇന്ന് ദുഃഖാചരണത്തിന്റെ മാതൃകകളായിരിക്കുന്നു. സംസ്‌കരണക്രിയകളില്‍ പങ്കെടുക്കേണ്ടവരുടെ സൗകര്യത്തിന്നായി അവധി നല്കു ന്നതും കടകമ്പോളങ്ങള്‍ അടയ്ക്കുന്നതും മതദൃഷ്ട്യാ അനുവദനീയമാണ്. എന്നാല്‍ ഇത് പരേതനോടുള്ള ബഹുമാനം പ്രകടിപ്പിക്കലും ദുഃഖമാചരിക്കലുമാണെങ്കില്‍ അത് മയ്യിത്തിനോ സമൂഹത്തിനോ ഒരു ഗുണവും ചെയ്യില്ല. അതുതന്നെ മൂന്ന്ദിവസത്തിലേറെ നീണ്ടുനില്ക്കുന്നതാണെങ്കില്‍ മതദൃഷ്ട്യാ നിഷിദ്ധവുമാണ്. മാത്രമല്ല, അത് ദുഃഖത്തെ വര്‍ധിപ്പിക്കുകയും ജനങ്ങളെ ക്ലേശിപ്പിക്കുകയും ചെയ്യുമല്ലോ. ദുഃഖിക്കണമെന്നോ അത് വര്‍ധിപ്പിക്കണമെന്നോ ഇസ്‌ലാം ആഗ്രഹിക്കുന്നില്ല. പ്രത്യുത ദുഃഖമുള്ളവരുടേതുകൂടി ലഘൂകരിക്കുകയാണ് വേണ്ടത്. അതുകൊണ്ടാണ് പണ്ഡിതന്മാര്‍ പറഞ്ഞത്; പരേതന്റെ ബന്ധുക്കള്‍ ദുഃഖാകുലരായി വീട്ടിലിരിക്കാതെ തങ്ങളുടെ ജോലികളില്‍ പ്രവേശിക്കണമെന്ന്. അപ്പോള്‍ മറ്റുള്ളവര്‍ ഏതായാലും ജോലികളില്‍ ഏര്‍പ്പെടുക യാണല്ലോ വേണ്ടത്.

Feedback