Skip to main content

ജനാസയോടൊപ്പം പാടില്ലാത്തവ

വാദ്യമേളങ്ങളുടെയും ഗാനാലാപനത്തിന്റെയും ബഹളവും കരിമരുന്നിന്റെയും ജ്യോതികളുടെയുമൊക്കെ അഗ്നി പ്രഭയുമായി ആര്‍ഭാടപൂര്‍വം സംഘടിപ്പിക്കുന്ന ഒരു ഘോഷയാത്രയല്ല ഇസ്‌ലാമിലെ ജനാസ സംസ്‌കരണം. പ്രത്യുത ജനാസയെ അനുഗമിക്കുമ്പോള്‍ പരലോകചിന്തയാണ് ഉണ്ടാവേണ്ടത്. നബി(സ്വ) പറഞ്ഞു: ''നിങ്ങള്‍ ജനാസയെ അനുഗമിക്കുക. അത് നിങ്ങള്‍ക്ക് പരലോക സ്മരണയുണ്ടാക്കും'' (അഹ്മദ്).

അതിനനുയോജ്യമായത് മൗനമാണ്. ഖുര്‍ആന്‍ പാരായണം ചെയ്തും ദിക്‌റുകള്‍, ബുര്‍ദ, ദലാലുല്‍ഖൈറാത്ത് തുടങ്ങിയവ ചൊല്ലിയും നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞും ശബ്ദമുണ്ടാക്കുന്നതും അഗ്നിയുമായി അനുഗമിക്കു ന്നതും നിഷിദ്ധമാണ്. നബി(സ്വ) പറഞ്ഞു: ''ജനാസയെ ശബ്ദവും അഗ്നിയുംകൊണ്ട് പിന്തുടരരുത്'' (അബൂദാവൂദ്).

സൈദുബ്‌നു അര്‍ഖമില്‍ നിന്ന് ത്വബ്‌റാനി ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു: ''മൂന്ന് സന്ദര്‍ഭങ്ങളില്‍ മൗനമാണ് അല്ലാഹുവിന് തൃപ്തി... ജനാസയെ അനുഗമിക്കുമ്പോള്‍.'' സ്വഹാബികള്‍ മൗനം പാലിച്ചിരുന്നു.

ഖയ്‌സുബ്‌നു ഉബാദ പറഞ്ഞു: ''നബി(സ്വ)യുടെ അനുചരന്മാര്‍ ജനാസയുടെ അരികില്‍വെച്ച് ശബ്ദമുയര്‍ ത്തുന്നത് വെറുത്തിരുന്നു'' (അബൂദാവൂദ്, ഹാകിം, ബൈഹഖി).

ഹസനില്‍നിന്ന് മുസ്വന്നഫ് ഉദ്ധരിക്കുന്നു: ''ജനാസയുടെ അരികിലും ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോഴും യുദ്ധവേളയിലും ശബ്ദം ഗോപ്യമാക്കുന്നത് ഇഷ്ടപ്പെടുന്നവരായിട്ടാണ് സ്വഹാബികളെ ഞാന്‍ കണ്ടിരിക്കു ന്നത്. നാം ഇതാണ് സ്വീകരിക്കുന്നത്.''

നല്ലതാണെന്ന നിലയില്‍ ദിക്‌റുകള്‍ ചൊല്ലുന്നതിനെക്കുറിച്ച് ഇമാം നവവി പറയുന്നു: ''ജനാസയോടൊപ്പം പോകുമ്പോള്‍ മൗനം പാലിക്കുകയാണ് ശരിയായ മാതൃക. അതിനാല്‍ ഖുര്‍ആന്‍ പാരായണം ചെയ്‌തോ ദിക്‌റു കള്‍ ചൊല്ലിയോ അതല്ലാതെയോ ശബ്ദം ഉയര്‍ത്താവതല്ല. ഇതിന്റെ തത്വം വളരെ വ്യക്തമാണ്. മനസ്സിന് ശാന്ത തയും ജനാസയോട് ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള ഏകാഗ്രതയും അത് നല്കുന്നു. ഈ സന്ദര്‍ഭത്തില്‍ ആവശ്യമായതും അത്തന്നെ. ഇതാണ് സത്യം. ഇതിനെ എതിര്‍ക്കുന്നവരുടെ ആധിക്യം നിങ്ങളെ വഞ്ചിതരാക്കരുത്. ആ സത്യമാര്‍ഗത്തില്‍ പ്രവേശിച്ചവര്‍ കുറവായതുകൊണ്ട് നിനക്ക് ഒരു പ്രയാസവും വരുക യില്ല. പിഴച്ച മാര്‍ഗത്തെ നീ സൂക്ഷിക്കുക. ദുര്‍മാര്‍ഗികളുടെ ആധിക്യത്തില്‍ നീ വഞ്ചിതനാകേണ്ടതില്ല'' (അല്‍ അദ്കാര്‍:136).

ജനാസയെ അനുഗമിക്കുമ്പോള്‍ പ്രത്യേക ദിക്‌റുകള്‍ പഠിപ്പിക്കപ്പെടുകയോ നബിയും സ്വഹാബത്തും അപ്ര കാരം വല്ലതും ചൊല്ലുകയോ ഉണ്ടായിട്ടില്ല. പ്രത്യുത, അത് പില്‍ക്കാലത്ത് നിര്‍മിതമായ ഒരു ദുരാചാരമാണ്. മാത്ര മല്ല, ഇതര മതസ്ഥരെ അനുകരിക്കലുമുണ്ടതില്‍. ക്രൈസ്തവര്‍ ശവമഞ്ചത്തോടൊപ്പം ബൈബിള്‍ വചനങ്ങളും വിലാപകാവ്യങ്ങളും സ്‌തോത്രങ്ങളും ചൊല്ലാറുണ്ടല്ലോ.

അഗ്നിയും നെരിപ്പോടുമായി ജനാസയെ അനുഗമിക്കുന്ന സമ്പ്രദായം ജാഹിലിയ്യാ സമൂഹത്തിലുണ്ടായിരുന്നു. സ്വഹാബികള്‍ സഗൗരവം ഇത് ശ്രദ്ധിച്ചിരുന്നു. അബൂമൂസല്‍ അശ്അരി മരണാസന്നനായപ്പോള്‍ ഉപദേശിച്ചു: ''നിങ്ങള്‍ നെരിപ്പോടുമായി എന്നെ അനുഗമിക്കരുത്'' (ഇബ്‌നുമാജ). എന്നാല്‍ രാത്രിയാണ് മറവുചെയ്യു ന്നതെങ്കില്‍ ആവശ്യത്തിന് തീ ഉപയോഗിക്കാവുന്നതാണ്. ''നബി(സ്വ) ഒരു രാത്രി ഖബ്‌റിടത്തില്‍ പ്രവേശിച്ചു. തിരുമേനിക്കുവേണ്ടി അന്ന് വിളക്ക് കത്തിച്ചു'' എന്ന ഹദീസ് ഇബ്‌നു അബ്ബാസില്‍നിന്ന് തിര്‍മിദി ഉദ്ധരിക്കുകയും ഇതിന്റെ പരമ്പര ഹസനാണെന്ന് പറയുകയും ചെയ്തിരിക്കുന്നു.

 

Feedback