Skip to main content

കടം വീട്ടുക

മയ്യിത്തിന്റെ കടങ്ങള്‍ വീട്ടുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കേണ്ടതാണ്. പരേതന്റെ ഭാവിജീവിതത്തെ കടവുമായി പ്രവാചകന്‍(സ്വ) ബന്ധിപ്പിച്ചു. അബൂഹുറയ്‌റ(റ) പറയുന്നു: ''നബി(സ്വ) പറഞ്ഞു: ഒരു വിശ്വാസിയുടെ ആത്മാവ് അവന്റെ കടവുമായി ബന്ധപ്പെട്ടിരിക്കുന്നു; അത് അവനുവേണ്ടി വീട്ടപ്പെടുവോളം' (തിര്‍മിദി, അഹ്മദ്).

മരണാവസരത്തില്‍ കടബാധ്യതകള്‍ വീട്ടാന്‍ മതിയായ ധനം അവശേഷിച്ചവരെ കുറിച്ചാണ് ഈ പറഞ്ഞത്. എന്നാല്‍ വീട്ടാന്‍ ആഗ്രഹമുണ്ടായിട്ടും മാര്‍ഗമില്ലാതെ മരണപ്പെട്ടവന് ഇത് ബാധകമല്ല. അവന്റെ ബാധ്യതകള്‍ അല്ലാഹു തന്നെ പരിഹരിക്കുന്നതാണ്.

നബി(സ്വ) പറഞ്ഞു: ജനങ്ങളുടെ ധനം മടക്കിക്കൊടുക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി ഒരാള്‍ കടം വാങ്ങിയാല്‍ അവനുവേണ്ടി അല്ലാഹു വീട്ടുന്നതാണ്. നശിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഒരാള്‍ വാങ്ങിയതെങ്കില്‍ അവനെ അല്ലാഹു നശിപ്പിക്കുന്നതുമാണ്'' (ബുഖാരി).

ഹാകിമിന്റെ ഒരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം വന്നിരിക്കുന്നു: ''ഒരാള്‍ കടം വാങ്ങി. അവന്റെ മനസ്സില്‍ അത് വീട്ടണമെന്നുണ്ടായിരിക്കെ മരിച്ചുപോയാല്‍ അല്ലാഹു അവന് മാപ്പുനല്കുകയും അയാള്‍ക്ക് കടം കൊടുത്തയാളെ അല്ലാഹു ഉദ്ദേശിച്ചവിധം തൃപ്തിപ്പെടുത്തുകയും ചെയ്യും.''

കടത്തിന്റെ കാര്യം ഗൗരവപൂര്‍വം പ്രവാചകന്‍(സ്വ) പരിഗണിച്ചിരുന്നു. കടബാധ്യതയുള്ളവരുടെ പേരില്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കാന്‍ ആദ്യകാലങ്ങളില്‍ നബി(സ്വ) വിസമ്മതിച്ചിരുന്നു. ഒരിക്കല്‍ രണ്ടുദീനാര്‍ മാത്രം കടമുണ്ടായിരുന്ന ഒരു മനുഷ്യന്റെ പേരില്‍ നമസ്‌കരിക്കാന്‍ അവിടുന്ന് തയ്യാറായില്ല. ''നിങ്ങളുടെ സഹോദരനുവേണ്ടി നിങ്ങള്‍ നമസ്‌കരിക്കുക'' എന്നു പറയുകയും ചെയ്തു. ആ കടം അബൂഖതാദ ഏറ്റെടുത്ത ശേഷമാണ് നബി(സ്വ) നമസ്‌കരിച്ചത്. പിന്നീട് അബൂഖതാദയോട് നബി(സ്വ) പറഞ്ഞു: ''താങ്കള്‍ അദ്ദേഹത്തെ നരകശിക്ഷയില്‍ നിന്ന് രക്ഷിച്ചു'' (ഹാകിം).

എന്നാല്‍ പില്‍ക്കാലത്ത് രാജ്യങ്ങളുടെ നേതൃത്വം ലഭിക്കുകയും ഖജനാവില്‍ ധനം വര്‍ധിക്കുകയും ചെയ്തപ്പോള്‍ പ്രവാചകന്‍(സ്വ) കടബാധ്യതയുള്ളവരുടെ പേരില്‍ നമസ്‌കരിക്കുകയും അവരുടെ കടം അവിടുന്ന് വീട്ടുകയും ചെയ്തിരുന്നു. നബി(സ്വ) പറഞ്ഞതായി ബുഖാരി ഉദ്ധരിക്കുന്നു: ''സത്യവിശ്വാസികളോട് അവരെക്കാള്‍ ബന്ധപ്പെട്ടവനാണ് ഞാന്‍.

ഒരാള്‍ കടക്കാരനായി മരണപ്പെടുകയും അത് വീട്ടാനുള്ള വക അവശേഷിക്കാതിരിക്കുകയും ചെയ്താല്‍ അത് വീട്ടേണ്ട ബാധ്യത നമുക്കാണ്. വല്ലവനും ധനം വിട്ടേച്ചുപോയാല്‍ അത് അയാളുടെ അനന്തരാവകാശികള്‍ക്കാണ്.'' ഒരാള്‍ കടബാധ്യതയുമായി മരിച്ചാല്‍ മുസ്‌ലിംകളുടെ പൊതുഖജനാവില്‍ നിന്ന് അത് വീട്ടേണ്ടതാണ്. ഋണബാധിതര്‍ക്ക് നിശ്ചയിക്കപ്പെട്ട സകാത്തിന്റെ വിഹിതം ഇതിന്നായി ഉപയോഗിക്കേണ്ടതാണ്. കടക്കാരന്റെ ഈ അവകാശം മരണം കൊണ്ട് നഷ്ടപ്പെടുകയില്ലെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കു വേണ്ടി കടം വാങ്ങുന്നവര്‍ ഈ ആനുകൂല്യത്തിലൂടെ രക്ഷപ്പെടുകയില്ല. അല്ലാഹുവിന്റെ മുമ്പില്‍ അവര്‍ കടക്കാരായി അവശേഷിക്കുക തന്നെചെയ്യും.

Feedback