Skip to main content

മയ്യിത്ത് കുളിപ്പിച്ചവന്റെ കുളി

 

മയ്യിത്ത് കുളിപ്പിച്ചവന്‍ കുളിക്കുന്നത് നല്ലതാണെന്ന് ഒരു വിഭാഗം പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. അതിനുള്ള തെളിവ് താഴെ പറയുന്ന ഹദീസാണ്. അഹ്മദും അബൂദാവൂദും തിര്‍മിദിയും ഇബ്‌നുഹിബ്ബാനും അബൂഹുറയ്‌റ യില്‍  നിന്നു നിവേദനം  ചെയ്യുന്നു: ''മയ്യിത്ത് കുളിപ്പിച്ചവന്‍കുളിക്കട്ടെ. അത് വഹിച്ചവന്‍ വുദൂ ചെയ്യട്ടെ.''

പ്രസ്തുത ഹദീസിന്റെ വിവിധ പരമ്പരകളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ബൈഹക്വി പറഞ്ഞു: ''ഇത് അബൂ ഹുറയ്‌റയില്‍ അവസാനിക്കുന്ന റിപ്പോര്‍ട്ടാണ്. ഈ വിഷയകമായി ഒന്നും നബി(സ്വ)യില്‍ നിന്ന് സ്വഹീഹായി വന്നിട്ടില്ലെന്ന് അഹ്മദുബ്‌നു ഹമ്പലും അലിയ്യുബ്‌നുല്‍മദീനിയും പറഞ്ഞതായി ബുഖാരിയില്‍നിന്ന് തിര്‍മിദി ഉദ്ധരിച്ചിട്ടുണ്ട്. ഈ കാര്യത്തില്‍ സ്ഥിരപ്പെട്ട ഒരുഹദീസും എനിക്കറിയില്ലെന്ന് ബുഖാരിയുടെ ഗുരുനാഥനായ മുഹമ്മദുബ്‌നു യഹ്‌യാ ദുഹലിയും പറഞ്ഞിരിക്കുന്നു. നബിയിലേക്ക് ചേര്‍ത്തുകൊണ്ടുള്ള ഒരു ഹദീസ് ബൈഹഖി ഉദ്ധരിച്ച ശേഷം, അതിന്റെ പരമ്പര ദുര്‍ബലമാണെന്ന് പ്രസ്താവിച്ചിരിക്കുന്നു'' (ശര്‍ഹുല്‍മുഹദ്ദബ് 5:185).

ഈ ഹദീസിലെ ശാസനാരൂപം (കുളിക്കട്ടെ) സുന്നത്തിനെയാണ് കുറിക്കുന്നതെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കി യിട്ടുണ്ട്. കാരണം സ്വഹീഹായ പരമ്പരയിലൂടെ ഉമറി(റ)ല്‍നിന്ന് ഖത്വീബ് നിവേദനം ചെയ്ത ഹദീസില്‍ ഇങ്ങനെ വന്നിരിക്കുന്നു: ''ഞങ്ങള്‍ മയ്യിത്ത് കുളിപ്പിച്ചിരുന്നു. ഞങ്ങളില്‍ കുളിക്കുന്നവരും കുളിക്കാത്തവരുമുണ്ടായിരുന്നു.''

അസ്മാഅ്(റ) തന്റെ ഭര്‍ത്താവ് അബൂബക്‌റിനെ കുളിപ്പിച്ച ശേഷം പുറത്തേക്കു വന്നു. അവിടെ സന്നിഹിത രായ മുഹാജിറുകളോട് ചോദിച്ചു: ''ഇന്ന് തണുപ്പ് കഠിനമാണ്. ഞാന്‍ വ്രതമനുഷ്ഠിക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ കുളിക്കാന്‍ ബാധ്യസ്ഥയാണോ?'' അവര്‍ പറഞ്ഞു: ''ഇല്ല.'' ഇത് ഇമാം മാലിക് ഉദ്ധരിച്ചതാണ് (മുവത്വഅ്).

ഇപ്രകാരമുള്ള ഹദീസുകളുടെ വെളിച്ചത്തില്‍ കുളി അഭിലഷണീയമാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കി. ഖ ത്ത്വാബി പറഞ്ഞു: ''ഇത് നിര്‍ബന്ധമാണെന്ന് പറഞ്ഞ ഒരാളെയും ഞാനറിയുന്നില്ല.'' ഇബ്‌നുഹജര്‍ പറഞ്ഞു: ''അബൂഹുയ്‌റയുടെ ഹദീസിലെ ശാസനക്രിയ സുന്നത്തിനെ കുറിക്കുന്നതാണ്. അതാണ് ഈ വിഷയകമായി വന്ന വ്യത്യസ്ത ഹദീസുകളെ സംയോജിപ്പിക്കുന്നതില്‍ ഏറ്റവും ശരിയായ വീക്ഷണം' (തല്‍ഖീസ്വ് 5:134).

ഇബ്‌നു ബുസൈ്വസ പറഞ്ഞു: കുളി അഭിലഷണീയമാണെന്ന് വ്യക്തമാണ്. ഇതിലെ തത്വം മയ്യിത്തുമായി ബന്ധപ്പെട്ടിരിക്കുന്നു. ശേഷം കുളിക്കാമെന്ന ഉദ്ദേശ്യത്തോടെ കുളിപ്പിക്കുന്നവന്‍ മൃതദേഹം ശുചീകരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. വല്ലതും തെറിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊണ്ടിരിക്കില്ല. കുളിപ്പിച്ചവന് തന്റെ ശരീരം വൃത്തിയായെന്ന് ഉറപ്പാവാനും ഇത്മൂലം സാധിക്കുന്നു; കുളിപ്പിക്കുമ്പോള്‍ തെറിക്കാനിടയാവുമല്ലോ (ഫത്ഹുല്‍ബാരി 3:125). ഇതിനു പുറമെ കുളിപ്പിക്കുന്നവന്നുണ്ടാകാവുന്ന മാനസികവിഷമം ലഘൂകരിക്കാനും ഇത് ഉപകരിക്കും.

ചുരുക്കത്തില്‍ മയ്യിത്ത് കുളിപ്പിച്ചവന് കുളിക്കല്‍ നല്ലതാണെന്നും അതിന് സൗകര്യമില്ലാത്തതിന്റെ പേരില്‍ പ്രയാസപ്പെടേണ്ടതില്ലെന്നും അതിന്റെ പേരില്‍ നമസ്‌കാരം ഉപേക്ഷിക്കാവതല്ലെന്നും ഇതില്‍ നിന്നൊക്കെ വ്യക്തമാണ്.

Feedback