Skip to main content

മയ്യിത്ത് കുളിപ്പിക്കേണ്ടതെങ്ങനെ?

ആദ്യം മയ്യിത്തിന്റെ വയറിന്മേല്‍ ലഘുവായൊന്ന് തടവുന്നത് നല്ലതാണ്. ഇങ്ങനെ മാലിന്യം പുറത്തുക ളയുന്നത്, പിന്നീട് ബുദ്ധിമുട്ടാവാതിരിക്കാന്‍ ഉപകരിക്കും. ശേഷം തുണിചുറ്റിയ കൈ കൊണ്ട് ശൗച്യം ചെയ്തു കൊടുക്കണം. മയ്യിത്തിന്റെ പല്ലു തേക്കുകയും വുദൂവിന്റെ അവയവങ്ങള്‍ കഴുകുകയും വേണം. പിന്നീട് തണു ത്ത ശുദ്ധവെള്ളവും സോപ്പും ഉപയോഗിച്ചു മൂന്ന് തവണ ദേഹം മുഴുവന്‍ കഴുകുക. മയ്യിത്തിന്റെ വലതു ഭാഗത്തുനിന്നാണ് കഴുകല്‍ ആരംഭിക്കേണ്ടത്. മലര്‍ത്തിക്കിടത്തിയ മയ്യിത്തിന്റെ വലതുഭാഗവും ഇടതുഭാഗവും കഴുകിയ ശേഷം ചെരിച്ചു കിടത്തി പുറവും മൂന്ന് പ്രാവശ്യം കഴുകി വൃത്തിയാക്കുക. വേണ്ടത്ര ശുദ്ധിയാ കാത്തതു കൊണ്ടോ മറ്റോ മൂന്നിലധികം തവണ കഴുകേണ്ടതുണ്ടെങ്കില്‍ എത്രയും കഴുകാവുന്നതാണ്. പക്ഷേ അത് ഒറ്റയായ തവണകളായിരിക്കണം. സ്ത്രീയാണെങ്കില്‍ മെടഞ്ഞിട്ട മുടി കെട്ടഴിച്ചു കഴുകിയ ശേഷം മൂന്ന് ഭാഗമാക്കി മെടഞ്ഞു പിന്നിലേക്ക് ഇടേണ്ടതാണ്. പുരുഷന്റെ താടിയും മുടിയും ചീകുകയും വേണം. കുളിപ്പിച്ചു കഴിഞ്ഞാല്‍ വൃത്തിയുള്ള വസ്ത്രം കൊണ്ട് തോര്‍ത്തണം. അത് കഫന്‍പുടവ നനയാതിരിക്കാന്‍ നല്ലതാണ്.

''ഉമ്മു അത്വിയ്യ പറയുന്നു: പ്രവാചകന്റെ പുത്രി(സൈനബ്) നിര്യാതയായ ദിനം അദ്ദേഹം ഞങ്ങളുടെ അടുക്കല്‍ വന്നു. നിങ്ങള്‍ അവളെ മൂന്നോ അഞ്ചോ നിങ്ങള്‍ക്ക് വേണമെന്ന് തോന്നിയാല്‍ അതില്‍ അധികമോ പ്രാവശ്യം ഒറ്റയായിക്കൊണ്ടു വെള്ളവും താളിയും ഉപയോഗിച്ച് കുളിപ്പിക്കുക. അവസാനത്തേതില്‍ കുറച്ചു കര്‍പ്പൂരവും ചേര്‍ക്കുക. കുളിപ്പിച്ചുകഴിഞ്ഞാല്‍ എന്നെ അറിയിക്കുക. ഇപ്രകാരം ഞങ്ങളറിയിച്ചപ്പോള്‍ തന്റെ മേല്‍മുണ്ട് ഞങ്ങള്‍ക്ക് തന്നിട്ട് ''ഇത് അവള്‍ക്ക് അടിയില്‍ ഉടുപ്പിക്കുക'' എന്നു പറഞ്ഞു.

ഉമ്മു അത്വിയ്യയില്‍ നിന്നുള്ള മറ്റൊരു റിപ്പോര്‍ട്ടില്‍ ''അവളുടെ വുദൂഇന്റെ സ്ഥാനങ്ങളും വലതുഭാഗങ്ങളും കൊണ്ട് തുടങ്ങുക'' എന്നു വന്നിട്ടുണ്ട്.

ഇത് മയ്യിത്തിന് വുദൂ ചെയ്തുകൊടുക്കാനുള്ള നിര്‍ദേശമാണെന്നാണ് അധികപണ്ഡിതന്മാരുടെയും അഭിപ്രാ യം. ഇമാം നവവി(റ) പറയുന്നു: ''മയ്യിത്തിന് വുദൂ എടുക്കുന്നത് അഭിലഷണീയമാണെന്ന് ഇതിലുണ്ട്. നമ്മുടെ യും മാലികിന്റെയും ഭൂരിപക്ഷത്തിന്റെയും അഭിപ്രായവും അതാണ്. എന്നാല്‍ അബൂഹനീഫ സുന്നത്തില്ലെന്ന് പറഞ്ഞിരിക്കുന്നു. ജനാബത്തുകാരന്റെ വുദൂ പോലെ ഇവിടെയും കുളിയുടെ ആരംഭത്തിലാണ് വുദൂ'' (ശര്‍ഹുമുസ്‌ലിം 4:8).

വുദൂഇന്റെ അവയവങ്ങള്‍ കഴുകിക്കൊണ്ടാരംഭിക്കണമെന്നു മാത്രമാണ് നിര്‍ദേശിക്കപ്പെട്ടതെന്നാണ് മറുപക്ഷ ത്തിന്റെ വീക്ഷണം. ഹാഫിദ് പറയുന്നു: വുദൂ അഭികാമ്യമാണെന്ന് നാം പറഞ്ഞാല്‍ അതൊരു യഥാര്‍ഥ വുദൂ തന്നെയാണോ? എങ്കില്‍ ആ അവയവങ്ങള്‍ കുളിപ്പിക്കുമ്പോള്‍ വീണ്ടും കഴുകേണ്ടിവരും. വുദൂഇന്റെ അവയ വങ്ങള്‍ കൊണ്ടാരംഭിക്കുന്നത് ആദരവ് പ്രകടിപ്പിക്കാന്‍ വേണ്ടിയാണോ? അപ്പോള്‍ അത് കുളിയുടെ ഭാഗമാ യിത്തീരും. ഈ രണ്ടാമത് പറഞ്ഞതാണ് ഹദീസിന്റെ സന്ദര്‍ഭത്തില്‍ നിന്ന് കൂടുതല്‍ വ്യക്തമാകുന്നത്'' (ഫത്ഹുല്‍ബാരി 3:131).  കുളിപ്പിച്ചതിന്റെ ശേഷം വുദൂ ഇല്ലെന്ന് കൂടുതല്‍ വ്യക്തമാണല്ലോ. ഉമ്മു അത്വിയ്യ തുടരുന്നു: ''ഞങ്ങള്‍ അവളുടെ മുടി മൂന്ന് ഭാഗമാക്കി മെടഞ്ഞു; രണ്ടു പാര്‍ശ്വങ്ങളിലും മൂര്‍ധാവിലും.''

മയ്യിത്ത് കുളിപ്പിക്കുമ്പോള്‍ നഖം മുറിച്ചോ താടിയും മുടിയുമൊക്കെ വെട്ടിക്കളഞ്ഞോ പ്രത്യേകം വൃത്തിയാ ക്കേണ്ടതില്ല. കാരണം നബി(സ്വ)യില്‍ നിന്നോ സ്വഹാബികളില്‍ നിന്നോ ഈ വിഷയത്തില്‍ ഒന്നും സ്വീകാര്യ മായി വന്നിട്ടില്ല'' (ശര്‍ഹുല്‍മുഹദ്ദബ് 5:179). ഇപ്രകാരം ചെയ്യുന്നത് കറാഹത്താണെന്നാണ് ഭൂരിപക്ഷ പണ്ഡിത ന്മാരുടെയും അഭിപ്രായം. എന്നാല്‍ ഇബ്‌നുഹസം ഇതൊക്കെ അനുവദനീയമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.

കുളിപ്പിക്കുന്നതിനു മുമ്പ് മൃതദേഹത്തിലുള്ള വസ്ത്രം അഴിച്ചുമാറ്റേണ്ടതാണ്. ആഇശ(റ) പറയുന്നു: തിരുദൂത രെ കുളിപ്പിക്കാനൊരുങ്ങിയപ്പോള്‍ സ്വഹാബികള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ടായി. അവര്‍ പറഞ്ഞു: അല്ലാഹു വാണ സത്യം, നമ്മില്‍നിന്ന് മരിച്ചവരെ വിവസ്ത്രമാക്കുന്നതുപോലെ നബി(സ്വ)യെ വിവസ്ത്രനാക്കണോ, തന്റെ വസ്ത്രത്തിലായിക്കൊണ്ടു കുളിപ്പിക്കുകയാണോ വേണ്ടതെന്ന് നമുക്കറിയില്ല... അവസാനം നബി(സ്വ)യെ തന്റെ വസ്ത്രത്തിലായിക്കൊണ്ട്തന്നെ കുളിപ്പിച്ചു'' (അബൂദാവൂദ്, അഹ്മദ്).

നഗ്നത കാണാതിരിക്കാന്‍ വേണ്ടി ഗോപ്യഭാഗങ്ങള്‍ മറയ്ക്കുകയും അവിടെ സ്പര്‍ശിക്കാതിരിക്കാന്‍ കൈയില്‍ തുണി ചുറ്റുകയും മറ്റു ശരീരഭാഗങ്ങളൊക്കെ വിവസ്ത്രമാക്കുകയുമായിരുന്നു സ്വഹാബികളുടെ സമ്പ്രദായമെന്ന് ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം. കുപ്പായമിട്ട നിലയില്‍ കുളിപ്പിച്ചത് നബി(സ്വ)യെ മാത്രമാണെന്നാണ് പ്രമുഖാഭിപ്രായം. വെള്ളം ചേരുന്നതിന് തടസ്സമില്ലാത്ത നേരിയ വസ്ത്രത്തിലായി കുളിപ്പിക്കുന്നതിന് വിരോധമില്ലെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.

മയ്യിത്ത് കുളിപ്പിക്കാന്‍ ഒരു മറ ആവശ്യമാണ്. ''മയ്യിത്ത് കുളിപ്പിക്കാന്‍ മറ സ്വീകരിക്കല്‍'' എന്നൊരു അധ്യായം തന്നെ അബൂദാവൂദിലുണ്ട്. എന്നാല്‍ സൗകര്യപ്രദമായ ഒരു കുളിമുറിയുണ്ടെങ്കില്‍ അതാണ് നല്ലത്. അഴുക്കാവാനും ചെളി തെറിക്കാനും സാധ്യതയില്ലാത്ത ഒരുയര്‍ന്ന സ്ഥലത്തുവെച്ച് കുളിപ്പിക്കുന്നതാണ് സൗകര്യപ്രദം. കുളിപ്പിക്കാന്‍ വേണ്ടി പ്രത്യേകം ചൂടുവെള്ളം തയ്യാറാക്കേണ്ടതില്ല. തണുത്ത വെള്ളമാണ് കൂടുതല്‍ നല്ലത്. അത് മൃതശരീരത്തെ തണുപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഇത്തരം ഉദ്ദേശ്യങ്ങള്‍ കര്‍പ്പൂരം ചേര്‍ ക്കുന്നതിലുമുണ്ട്. മയ്യിത്തിന്റെ ഓരോ അവയവവും കഴുകുമ്പോള്‍ പ്രത്യേകം ദിക്‌റുകള്‍ ചൊല്ലപ്പെടാറുണ്ട്. നബി(സ്വ) യില്‍ നിന്ന് ഇത് സംബന്ധമായി ഒന്നും സ്വീകാര്യമായി നിവേദനം ചെയ്യപ്പെട്ടിട്ടില്ല.

കുളിപ്പിച്ചശേഷം ഹജ്ജിന് ഇഹ്‌റാം ചെയ്തവര്‍ ഒഴികെയുള്ളവരുടെ മൃതദേഹത്തിനു സുഗന്ധം ഉപയോഗിക്കാ വുന്നതാണ്. നബി(സ്വ) പറഞ്ഞു: ''നിങ്ങള്‍ മയ്യിത്തിന് സുഗന്ധം പുകയ്ക്കുമ്പോള്‍ തവണകള്‍ ഒറ്റയാക്കുക'' (ഹാകിം, അഹ്മദ്). അലി(റ) തന്റെ കൈയിലുണ്ടായിരുന്ന കസ്തൂരി ഉപയോഗിക്കാന്‍പ്രത്യേകം വസ്വിയ്യത്ത് ചെയ്തിരുന്നു'' (ഫിഖ്ഹുസ്സുന്ന 1:515).

 

Feedback