Skip to main content

മരണം ഉറപ്പായാല്‍

ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അവിടെ സന്നിഹിതരായവര്‍ നിര്‍വഹിക്കേണ്ട ചില കാര്യങ്ങളുണ്ട്.

കണ്ണുകള്‍ അടയ്ക്കുക

മരിച്ചയുടനെ മയ്യിത്തിന്റെ തുറന്നിരിക്കുന്ന കണ്ണുകള്‍ പൂട്ടുകയും ശേഷം അയാള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും വേണം. ഉമ്മുസലമയില്‍നിന്ന് മുസ്‌ലിം ഉദ്ധരിക്കുന്നു: നബി(സ്വ) അബൂസലമയുടെ അടുത്ത് ചെന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ തുറന്നുകിടന്നിരുന്നു. നബി(സ്വ) അത് അടച്ചുപിടിച്ചു. പിന്നീട് പറഞ്ഞു: ''ആത്മാവ് പിടിക്കപ്പെടുമ്പോള്‍ ദൃഷ്ടികള്‍ അതിനെ അനുധാവനം ചെയ്യുന്നതാണ്.'' ഇത് കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ ബന്ധുക്കളില്‍ ചിലര്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. ഉടനെ നബി(സ്വ) പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ സ്വന്തക്കാരുടെ കാര്യത്തില്‍ നല്ലതല്ലാതെ പ്രാര്‍ഥിക്കരുത്. ''നിങ്ങള്‍ പറയുന്നതിന് മലക്കുകള്‍ ആമീന്‍ ചൊല്ലുന്നതാണ്.'' അനന്തരം നബി(സ്വ) അബൂസലമക്ക് വേണ്ടി ഇപ്രകാരം പ്രാര്‍ഥിച്ചു:

അല്ലാഹുമ്മഗ്ഫിര്‍ ലി (അബീ സലമ) വര്‍ഫഅ് ദറജതഹു ഫില്‍ മഹ്ദിയ്യീന വഖ്‌ലുഫ്ഹു ഫീ അഖിബിഹി ഫില്‍ഗാബിരീന വഗ്ഫിര്‍ ലനാ വലഹു യാ റബ്ബല്‍ ആലമീന്‍ വഫ്‌സഹ് ലഹു ഫീ ഖബ്‌രിഹി വനവ്വിര്‍ ലഹു ഫീഹ്(57) (അല്ലാഹുവേ, (അബൂസലമക്ക്) പൊറുത്തുകൊടുക്കേണമേ. സന്മാര്‍ഗികളുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പദവി  ഉയര്‍ത്തേണമേ. അവശേഷിക്കുന്നവരില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമികളാല്‍ അദ്ദേഹത്തിന്റെ അഭാവം പരി ഹരിക്കേണമേ. അദ്ദേഹത്തിന് നീ ഖബ്‌റില്‍ വിശാലത നല്‌കേണമേ. അതില്‍ അദ്ദേഹത്തിന് നീ പ്രകാശം ചൊരിഞ്ഞുകൊടുക്കുകയും ചെയ്യേണമേ). (മുസ്‌ലിം)

മൃതദേഹം മൂടുക

ദേഹം മുഴുവന്‍ മറയുന്ന ഒരു വസ്ത്രം കൊണ്ട് മയ്യിത്ത് മൂടേണ്ടതാണ്. തന്മൂലം നഗ്നത മറയുന്നതിന്റെ പുറമെ മൃതദേഹത്തില്‍ വരുന്ന മാറ്റം പ്രത്യക്ഷമാകാതിരിക്കാനും ഉപകരിക്കും. ആഇശ(റ) പറയുന്നു: ''നബി(സ്വ) നിര്യാതനായപ്പോള്‍ വരകളുള്ള ഒരു പുതപ്പുകൊണ്ട് അദ്ദേഹത്തെ മൂടുകയുണ്ടായി'' (ബുഖാരി).

എന്നാല്‍ ഹജ്ജില്‍ പ്രവേശിച്ച വ്യക്തിയാണ് മൃതിയടയുന്നതെങ്കില്‍ അയാളുടെ മുഖവും തലയും മറയ്ക്കു ന്നത് നബി(സ്വ) നിരോധിച്ചിട്ടുണ്ട്. ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് മുസ്‌ലിം നിവേദനം ചെയ്യുന്നു: അറഫയില്‍ നില്ക്കുമ്പോള്‍ ഒരു ഹാജി വാഹനത്തില്‍ നിന്ന് താഴെ വീണു മരിച്ചു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ''താളിയും വെള്ളവും കൊണ്ട് അദ്ദേഹത്തെ കുളിപ്പിക്കുക. അദ്ദേഹത്തിന്റെ രണ്ടു വസ്ത്രത്തില്‍ 'കഫന്‍' ചെയ്യുക. സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കരുത്. തലയും മുഖവും മറയ്ക്കുകയും അരുത്. അദ്ദേഹം ഖിയാമത്ത് ദിനത്തില്‍ എഴുന്നേല്ക്കുന്നത് 'തല്‍ബിയത്ത്' ചൊല്ലിക്കൊണ്ടായിരിക്കും.''

നമസ്‌കാരത്തിലെപ്പോലെ മയ്യിത്തിന് കൈ കെട്ടിക്കൊടുക്കുന്ന സമ്പ്രദായം ചിലേടങ്ങളിലുണ്ട്. ഇത് നബി( സ്വ)യുടെ ചര്യയായി വന്നിട്ടില്ല. ഭാരമുള്ള വല്ലതും മയ്യിത്തിന്റെ ഉദരത്തിന്മേല്‍ വെക്കുന്നതും വായ തുറന്നു പോവാതിരിക്കാന്‍ കെട്ടുന്നതും ഇപ്രകാരം തന്നെ നിര്‍ദേശിക്കപ്പെട്ട സുന്നത്തുകളില്‍ പെട്ടതല്ല. തന്റെ ഭൃത്യന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വയറിന്മേല്‍ ഭാരമുള്ള ഒരു വസ്തുവെക്കാന്‍ അനസ്(റ) നിര്‍ദേശിച്ചിരുന്നു. (ശര്‍ഹുല്‍ മുഹദ്ദബ് 5:120) ഇത് വയറ് വീര്‍ത്തുപൊട്ടാതിരിക്കാന്‍ ചിലപ്പോള്‍ ഉപകരിക്കും. മരിച്ചയുടനെ ആ വീട്ടില്‍നിന്ന് അശുദ്ധിയുള്ളവരും ഋതുമതികളും പുറത്താക്കപ്പെടുന്നത് ഇസ്‌ലാമിക സംസ്‌കാരമല്ല. ഇതര മതസ്ഥരുടെ ആചാരങ്ങളില്‍ നിന്ന് പകര്‍ന്നതായിരിക്കാമിത്.

സംസ്‌കരണക്രിയകള്‍ വേഗം നിര്‍വഹിക്കുക

മരണം സ്ഥിരീകരിക്കപ്പെട്ടാല്‍ അനന്തരകാര്യങ്ങളൊക്കെ വേഗം ചെയ്യേണ്ടതാണ്. അധികം താമസിപ്പിക്കുന്നത് മൃതദേഹം വികൃതമാവാനിടയാക്കിയേക്കും. അടുത്ത ബന്ധുക്കളുടെ ആഗമനത്തിന്നായി കാത്തിരിക്കുന്നതില്‍ വിരോധമില്ല; അതുതന്നെ മൃതദേഹത്തെ ബാധിക്കുകയില്ലെങ്കില്‍ മാത്രം. നബി(സ്വ) അലിയെ വിളിച്ചുകൊണ്ട് പറഞ്ഞു: ''അലീ, മൂന്നു കാര്യങ്ങള്‍ പിന്തിക്കരുത്. നമസ്‌കാരം-സമയമായാല്‍, ജനാസ-മരണം സംഭവിച്ചാല്‍, അവിവാഹിത-യോജിച്ച ഇണയെ കണ്ടെത്തിയാല്‍'' (അഹ്മദ്).

ഹുസൈനുബ്‌നു വഹബ് പ്രസ്താവിക്കുന്നു: ''ത്വല്‍ഹത്തുബ്‌നു ബര്‍റാഅ്(റ) രോഗബാധിതനായപ്പോള്‍ നബി (സ്വ)  അദ്ദേഹത്തെ സന്ദര്‍ശിച്ചു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ''ത്വല്‍ഹയ്ക്ക് മരണം ആസന്നമായതായിട്ടാണ് ഞാന്‍ കാണുന്നത്. മരിച്ചാല്‍ നിങ്ങളെന്നെ അറിയിക്കുക. ശേഷക്രിയകളൊക്കെ വേഗത്തില്‍ നിര്‍വഹിക്കുക. കാരണം, ഒരു മുസ്‌ലിമിന്റെയും ജഡം തന്റെ ബന്ധുക്കള്‍ക്കിടയില്‍ അധികസമയം വെച്ചുകൊണ്ടിരിക്കുന്നത് ഭൂഷണമല്ല'' (അബൂദാവൂദ്).  

Feedback
  • Wednesday May 1, 2024
  • Shawwal 22 1445