Skip to main content

മൃതദേഹം കിടത്തല്‍

മരണാസന്നനെയും മൃതദേഹത്തെയും കിടത്തേണ്ട രൂപം നബി(സ്വ) പ്രത്യേകം നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍ ഈ വിഷയകമായി ഒരു ഹദീസ് ബൈഹഖിയും ഹാകിമും അബൂഖതാദയില്‍നിന്നും ഉദ്ധരിക്കുന്നു: ''നബി(സ്വ) മദീനയില്‍ വന്നപ്പോള്‍ ബറാഉബ്‌നു മഅ്‌റൂറിനെ അന്വേഷിച്ചു. അവര്‍ പറഞ്ഞു: അദ്ദേഹം മരിച്ചുപോയിരി ക്കുന്നു. തന്റെ ധനത്തില്‍ മൂന്നിലൊരു ഭാഗം അങ്ങേക്ക് നല്കാനും മരണം ആസന്നമായാല്‍ ഖിബ്‌ലക്ക് അഭിമുഖമായി  കിടത്താനും  അദ്ദേഹം  വസ്വിയ്യത്ത്  ചെയ്തിരുന്നു.  അപ്പോള്‍ നബി(സ്വ) പറഞ്ഞു: ''അദ്ദേഹം ശുദ്ധപ്രകൃതി പ്രാപിച്ചിരിക്കുന്നു. സ്വത്തിന്റെ മൂന്നിലൊന്ന് ഞാന്‍ അദ്ദേഹത്തിന്റെ പുത്രന് തിരിച്ചു നല്കുന്നു.'' ഹാകിം പറയുന്നു: ''മരണാസന്നനെ ഖിബ്‌ലക്ക് നേരെ കിടത്തുന്നത് സംബന്ധമായി മറ്റൊരു ഹദീസും എന്റെ അറിവിലില്ല.''

ഇമാം ശൗകാനി പറയുന്നു: ''പ്രസ്തുത ഹദീസ് തല്‍ഖീസില്‍ ഇബ്‌നുഹജര്‍ ഉദ്ധരിച്ചിട്ടുണ്ട്'' (തല്‍ഖീസ് 5:106). എന്നാല്‍ അതിനെക്കുറിച്ച് അദ്ദേഹം മൗനം ദീക്ഷിക്കുകയാണ്. ഖിബ്‌ലക്ക് അഭിമുഖമാക്കേണ്ട രൂപത്തെ സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്.

ഈ വിഷയത്തില്‍ വന്ന തെളിവുകളില്‍ ഏറ്റവും പ്രബലമായത് ബറാഇന്റെ ഹദീസാണെങ്കിലും അതുതന്നെ ദുര്‍ബലതയില്‍നിന്ന് മുക്തമല്ല. പ്രമുഖ ഹദീസ് പണ്ഡിതനായ നാസ്വിറുദ്ദീന്‍ അല്‍ബാനി എഴുതുന്നു: ''രോഗിയെ ഖിബ്‌ലയ്ക്ക് നേരെ തിരിച്ചുകിടത്തേണ്ടത് സംബന്ധിച്ച ഒരു ഹദീസും 'സ്വഹീഹാ'യി(സ്വീകാര്യം) വന്നിട്ടില്ല. മാത്രമല്ല, സഈദുബ്‌നു മുസയ്യബ്(റ) അപ്രകാരം ചെയ്യുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. അദ്ദേഹം രോഗശയ്യയില്‍ കിടപ്പിലായപ്പോള്‍ സര്‍അത്തുബ്‌നു അബ്ദിര്‍റഹ്മാനും സലമത്തുബ്‌നു അബ്ദിര്‍റഹ്മാനും സന്നിഹിതരായിരുന്നു. സഈദിന് ബോധക്ഷയമുണ്ടായി. അപ്പോള്‍ അബൂസലമ അദ്ദേഹത്തിന്റെ വിരിപ്പ് കഅ്ബയിലേക്ക് തിരിക്കാന്‍ കല്പിച്ചു. പിന്നീട് ബോധം തെളിഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു: ''നിങ്ങള്‍ എന്റെ വിരിപ്പ് തിരിച്ചിട്ടോ?'' ''അതേ'' - അവര്‍ മറുപടി പറഞ്ഞു: അദ്ദേഹം അബൂസലമയെ നോക്കിക്കൊണ്ട് പറഞ്ഞു: ''ഇത് നിന്റെ അറിവോടെയായിരിക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു.'' അബൂസലമ പറഞ്ഞു: ''അങ്ങനെ നിര്‍ദേശിച്ചത് ഞാനാണ്.'' അനന്തരം സഈദ് തന്റെ വിരിപ്പ് പൂര്‍വസ്ഥിതിയില്‍ തന്നെ തിരിച്ചിടാന്‍ കല്പിച്ചു'' (തല്‍ഖീസു അഹ്കാമില്‍ ജനാഇസ്, പേ: 11).

പ്രസിദ്ധ പണ്ഡിതനും പ്രമുഖ താബിഈയുമായ സഈദുബ്‌നു മുസയ്യബിന്റെ ഈ പ്രവൃത്തി ഇവിടെ ശ്രദ്ധേ യമാണ്. ഇബ്‌നുറുശ്ദില്‍ ഖുര്‍തുബി പറയുന്നു: ഈ തിരിച്ചു കിടത്തല്‍ മതപരമായ വിധിയല്ല. ഇങ്ങനെ പ്രവാചകനെയോ പൂര്‍വിക സ്വഹാബികളെയോ ചെയ്തതായി റിപ്പോര്‍ട്ടില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ അത് ഉദ്ധരിക്കപ്പെടുമായിരുന്നു.'' ഇമാം മാലിക് പറഞ്ഞു: ''ഇത് പൂര്‍വിക അനുഷ്ഠാനമല്ല'' (അല്‍ബയാനു വത്തഹ്‌സ്വീല്‍ 2: 290).

ചുരുക്കത്തില്‍ പ്രയാസപ്പെട്ടുകൊണ്ട് രോഗിയെയും മൃതദേഹത്തെയും ഖിബ്‌ലയ്ക്ക് അഭിമുഖമാക്കി കിടത്തേണ്ടതില്ലെന്നും സൗകര്യപ്രദമായ രൂപത്തില്‍ കിടത്തുന്നത് നിഷിദ്ധമല്ലെന്നും ഉപര്യുക്ത തെളിവുകളില്‍ നിന്നും വ്യക്തമാണ്. തല വടക്കോട്ടും കാല്‍ തെക്കുഭാഗത്തേക്കുമായി ഖബ്‌റില്‍ കിടത്തുംപോലെ കിടത്തുന്നതാണ് ഏറ്റവും നല്ലത്.

Feedback
  • Thursday May 2, 2024
  • Shawwal 23 1445