Skip to main content

ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് (1919)

ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനകളിലൊന്നാണ് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അഥവാ ഇന്ത്യന്‍ മുസ്‌ലിം പണ്ഡിത സഭ. ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഉയര്‍ന്ന തലത്തിലുള്ള ദേശീയ ബോധമുണര്‍ത്തിക്കൊണ്ട് സ്വാതന്ത്ര്യസമരാവേശമുണ്ടാക്കിയെടുത്ത ദയൂബന്ദി പ്രസ്ഥാനമാണ് ജംഇയ്യത്തിന് ബീജാവാപം നല്‍കിയത്.

ദാറുല്‍ ഉലും ദയൂബന്ദ് പ്രിന്‍സിപ്പല്‍ ശൈഖുല്‍ ഹിന്ദ് മൗലാനാ മഹ്മൂദ് ഹസന്‍, മൗലാനാ സയ്യിദ് ഹുസൈന്‍ അഹ്മദ് മദനി, അഹ്മദ് സഈദ് ദഹ്‌ലവി, മുഫ്തി കിഫായത്തുല്ല ദഹ്‌ലവി, മുഫ്തി മുഹമ്മദ് നഈം ലുധിയാനവി, മൗലാനാ അഹ്മദലി ലാഹോരി തുടങ്ങിയവരാണ് ഈയൊരു സംഘടനക്ക് നേതൃത്വം നല്‍കിയത്. 1919 നവംബര്‍ 19ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് രൂപവല്‍ക്കരിക്കപ്പെട്ടു. മൗലാനാ ഹുസൈന്‍ അഹ്മദ് മദനി (1879-1957) ആയിരുന്നു പ്രഥമ അധ്യക്ഷന്‍. ദയൂബന്ദ് ദാറുല്‍ ഉലൂമിലെ ശൈഖുല്‍ ഹദീസ് കൂടിയായിരുന്ന മദനിക്ക് പിന്നീട് പരമോന്നത ദേശീയ പുരസ്‌കാരമായ പത്മഭൂഷണ്‍ ലഭിച്ചിട്ടുണ്ട്.

ബ്രിട്ടീഷുകാരുടെ കോളനിവാഴ്ചക്കെതിരെ ജംഇയ്യത്ത്, ദേശീയ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനോടൊപ്പം ചേര്‍ന്ന് സമരം നയിച്ചു. ജംഇയ്യത്തിന്റെ നിലപാട് ഇന്ത്യന്‍ മുസ്‌ലിംളെ സ്വാധീനിച്ചു. ഹിന്ദു വിശ്വാസികളോടൊപ്പം തോളോടു തോള്‍ ചേര്‍ന്ന് പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനായി രംഗത്തിറങ്ങാന്‍ പണ്ഡിതര്‍ ആഹ്വാനം നല്‍കി. ഹിന്ദുക്കളെ 'കാഫിര്‍' (സത്യനിഷേധി) എന്നല്ല അമുസ്‌ലിംകള്‍ എന്നാണ് വിളിക്കേണ്ടതെന്നും അവര്‍ ഫത്‌വ നല്‍കി.

ഇതിനിടെ, ഇന്ത്യാവിഭജനവാദവുമായി സര്‍വേന്ത്യാ മുസ്‌ലിം ലീഗ് രംഗത്തുവന്നു. ജിന്നയുടെ ഈ പാക്കിസ്താന്‍ വാദത്തെ ജംഇയ്യത്തിലെ ചിലരും അനുകൂലിച്ചു. ശബീര്‍ അഹ്മദ് നുഅ്മാനിയുടെ നേതൃത്വത്തില്‍ ചിലര്‍ 1945ല്‍ ജംഇയ്യത്തുല്‍ ഉലമായെ ഇസ്‌ലാം രൂപവല്‍ക്കരിച്ച് പിരിഞ്ഞുപോയി. എന്നാല്‍ ഹിന്ദു മുസ്‌ലിം ഐക്യത്തിലൂടെ മതേതര ഇന്ത്യയാക്കി സമര രംഗത്തിറങ്ങണമെന്ന പക്ഷക്കാരായ മഹാ ഭൂരിപക്ഷം ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദില്‍ ഉറച്ചുനിന്നു. (ജംഇയ്യത്തുല്‍ ഉലമയെ ഇസ്‌ലാം ഇപ്പോള്‍ പാക്കിസ്താനിലെ രാഷ്ട്രീയ പാര്‍ട്ടിയാണ്).

സ്വാതന്ത്ര്യത്തിന് ശേഷവും ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ ക്ഷേമത്തിനായി പ്രയത്‌നിച്ച ജംഇയ്യത്ത് പക്ഷേ, രാഷ്ട്രീയാതിപ്രസരത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന് 2008ല്‍ വീണ്ടും പിളര്‍ന്നു. മൗലാനാ അര്‍ശദ്മദനി, മൗലാനാ മഹ്മൂദ് മദനി എന്നിവരുടെ നേതൃത്വങ്ങളില്‍ രണ്ട് ജംഇയ്യത്തുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് 'അല്‍ജംഇയ്യത്ത്' എന്ന ഉര്‍ദു മുഖപത്രം പുറത്തിറക്കുന്നുണ്ട്.
 

Feedback
  • Tuesday Sep 17, 2024
  • Rabia al-Awwal 13 1446