Skip to main content

ഭ്രാന്ത് പിടിച്ചവനെപ്പോലെ

''എന്നാല്‍ പലിശ തിന്നുന്നവരാരോ, അവരുടെ ഗതി ചെകുത്താന്‍ ബാധിച്ച് ഭ്രാന്ത് പിടിച്ചവന്റേതുപോലെയാകുന്നു. കച്ചവടവും പലിശപോലെത്തന്നെയല്ലേ എന്ന് വാദിച്ചതുകൊണ്ടത്രെ അവര്‍ക്കീ ഗതി വന്നത്. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും, പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്. ആര്‍ക്കെങ്കിലും തന്റെ നാഥനില്‍നിന്നുള്ള ഈ ഉപദേശം വന്നെത്തുകയും അങ്ങനെ പലിശ ഇടപാടില്‍നിന്ന് വിട്ടുനില്ക്കുകയും ചെയ്താല്‍ അവന്‍ നേരത്തെ അനുഭവിച്ചത് അനുഭവിച്ചു കഴിഞ്ഞു. ഇനി അവന്റെ കാര്യം അല്ലാഹുവിങ്കലാകുന്നു. ഈ വിധിക്ക് ശേഷം ഇതേ ഇടപാട് തുടരുന്നവരാരോ, അവര്‍ നരകാവകാശികളാകുന്നു. അവരതില്‍ നിത്യവാസികളുമായിരിക്കും (2:275).

പലിശ എന്ന മഹാപാപത്തിന്റെ ഗൗരവവും ശിക്ഷയും വിവരിക്കുകയാണിവിടെ. പലിശ ഭോജികള്‍ ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ അവരുടെ ഖബറിടങ്ങളില്‍ നിന്ന് നേരെ ചൊവ്വെ എഴുന്നേറ്റ് വരാന്‍ പോലും കഴിയാത്തവരാവും. അത്യന്തം സംഭ്രമചിത്തരായി, അസ്വസ്ഥതയോടെ, ഭ്രാന്തനെയും മനോരോഗിയെയും പോലെ ആടിയുലഞ്ഞും മറിഞ്ഞ് വീഴുന്ന രൂപത്തിലുമായിരിക്കും. അവരുടെ വരവ്. പലിശ തിന്നുന്നവര്‍ ഇഹലോകത്ത് അങ്ങേയറ്റത്തെ ആര്‍ത്തിയുടെയും മാനസിക പിരിമുറക്കത്തിന്റെയും ഉടമകളായിരിക്കും. അസ്വസ്ഥതയും അശാന്തിയും അവരെ വേട്ടയാടും. ധര്‍മാധര്‍മങ്ങള്‍ തമ്മിലും മനുഷ്യത്വവും മൃഗീയതയും തമ്മിലുമുള്ള അന്തരം അവരില്‍ കുറഞ്ഞുവരും.

ചെകുത്താന്‍ ദുഷ്ടാത്മാക്കളുടെ രൂപം പൂണ്ട് മനുഷ്യശരീരത്തില്‍ കയറി ഭ്രാന്തും ശാരീരിക രോഗങ്ങളുമുണ്ടാക്കുമെന്ന് പുരാതന അറബികള്‍ വിശ്വസിച്ചിരുന്നു. പലിശഭോജനത്തിന്റെ ഗൗരവം തുറന്ന് കാണിക്കുവാന്‍ അല്ലാഹു അറബികളുടെ പിശാചുബാധാസങ്കല്പത്തെ ഉപയോഗിച്ചിരിക്കുകയാണിവിടെ. 

അഗോചര യാഥാര്‍ത്ഥ്യങ്ങളെ സമകാലിക സമൂഹത്തിന് സുപരിചിതമായ സങ്കല്പങ്ങളിലൂടെ പരിചയപ്പെടുത്തുന്ന രീതി ഖുര്‍ആനില്‍ പലയിടങ്ങളിലും സ്വീകരിച്ചിട്ടുണ്ട്. ഉദാഹരണമായി 'സഖൂം' വൃക്ഷത്തെ അല്ലാഹു പരിചയപ്പെടുത്തുന്നു. ''അത് നരകത്തിന്റെ അടിത്തട്ടില്‍ വളരുന്ന വൃക്ഷമാകുന്നു. അതിന്റെ കുലകള്‍ ചെകുത്താന്മാരുടെ തലകളെന്നോണമായിരിക്കും.'' സക്കൂം പോലെതന്നെ ചെകുത്താന്മാരും മനുഷ്യര്‍ക്ക് അഗോചരമാണ്. എങ്കിലും ചെകുത്താന്മാരെക്കുറിച്ചും അവരുടെ തലകളെക്കുറിച്ചും എക്കാലത്തും ആളുകള്‍ക്ക് ചില വികൃത-ഭീകര സങ്കല്‍പങ്ങളുണ്ട്. അല്ലാഹുവും വൃക്ഷത്തെ ഉപമിക്കുന്നത് ഈ ഭാവനാചിത്രത്തോടാണ്.


 

Feedback