Skip to main content

ജീവിതത്തിന്റെ നൈമിഷികത

''നബിയേ, നീ അവര്‍ക്ക് ഐഹിക ജീവിതത്തിന്റെ ഉപമ വിവരിച്ചു കൊടുക്കുക. ആകാശത്ത് നിന്ന് നാം വെള്ളമിറക്കി. അത് മൂലം ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലർന്ന് വളര്‍ന്നു. താമസിയാതെ അത് കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീര്‍ന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു'' (18:45). 

ജീവിതത്തെ ഭൗതികജീവിതം, പാരത്രികജീവിതം എന്നിങ്ങിനെ വേര്‍തിരിക്കാം. ഭൗതികജീവിതത്തിന്റെ ക്ഷണികത, ആര്‍ക്കും മനസ്സിലാവുന്ന ലളിതമായ ഒരുദാഹരണത്തിലൂടെയാണ് ഇവിടെ അല്ലാഹു വിവരിക്കുന്നത്. വരണ്ടുണങ്ങിക്കിടക്കുന്ന മണ്ണില്‍ ഒരു സുപ്രഭാതത്തില്‍ മഴ പെയ്താല്‍ സസ്യലതാദികള്‍ മുളച്ചു പൊങ്ങി വളരുന്നത് കാണാം. ഏതാനും ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞാല്‍ അവ ഉണങ്ങിപ്പോവുകയും കാറ്റത്ത് പാറിപ്പോവുകയും ചെയ്യുന്നു. നാലു വെയിലേല്ക്കുമ്പോഴേക്കും അവ ഉണങ്ങാന്‍ തുടങ്ങുന്നു. വളര്‍ച്ചയും തളര്‍ച്ചയും വളരെ വേഗത്തില്‍ നടക്കുന്നു. ഇതുപോലെ ഭൗതികലോകത്ത് മനുഷ്യന്റെ ആയുസ്സും വളരെ കുറഞ്ഞതാണ്. അവന്റെ യഥാര്‍ഥ ജീവിതം അനന്തമായതും മരണമില്ലാത്തതുമായ പരലോകത്താണ്. അല്ലാഹു പറയുന്നു: ''നാം ആകാശത്തു നിന്ന് വെള്ളം ഇറക്കിയിട്ട്, അതു മൂലം മനുഷ്യനും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്നു. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിഞ്ഞു; അഴകാര്‍ന്നതായി. അതൊക്കെ നേടാന്‍ തങ്ങള്‍ കരുത്തരാണെന്ന് അതിന്റെ ഉടമസ്ഥര്‍ കരുതിയിരിക്കുമ്പോഴതാ, ഒരു രാത്രിയിലോ പകലോ നമ്മുടെ ശിക്ഷയുടെ കല്പന വരുന്നു, തലേദിവസം അവിടെ അങ്ങനെയൊന്ന് ഇല്ലാതിരുന്ന വിധം ഉന്‍മൂലനം ചെയ്യപ്പെടുന്നു. ഇതാകുന്നു ഐഹിക ജീവിതത്തിന്റെ ഉപമ. ഇപ്രകാരമാണ് ചിന്തിക്കുന്നവര്‍ക്ക് നാം തെളിവുകള്‍ വിവരിക്കുന്നത്.''

ഭൗതികജീവിതത്തിന്റെ നൈമിഷികതയെ നബി(സ്വ) ഉദാഹരിക്കുന്നത് ഇപ്രകാരമാണ്. ''പരലോകവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഐഹിക ജീവിതത്തിന്റെ സ്ഥിതി നിങ്ങളില്‍ ഒരാള്‍ തന്റെ കൈവിരല്‍ കടലില്‍ മുക്കുമ്പോള്‍ എത്ര വെള്ളമാണ് ആ കടലില്‍ നിന്ന് തന്റെ വിരലില്‍ തങ്ങുന്നത്, അത്രമാത്രമേ പരലോകത്തെ അപേക്ഷിച്ച് ഈ ലോകം പ്രസക്തമാവുന്നുള്ളൂ'' (മുസ്‌ലിം). അതിനാല്‍ നൈമിഷിക ജീവിതത്തെയല്ല ശാശ്വതജീവിതത്തെയാണ് ലക്ഷ്യമാക്കേണ്ടത്.

 
 

Feedback