Skip to main content

മരുഭൂമിയില്‍ അന്ധാളിച്ച് അലയുന്നവനെപ്പോലെ

''പ്രവാചകരേ, അവരോട് ചോദിക്കുക; അല്ലാഹുവിനെ കൂടാതെ, ഞങ്ങള്‍ക്ക് ഗുണമോ, ദോഷമോ ചെയ്യാനാവാത്തതിനെ ഞങ്ങള്‍ വിളിച്ച് പ്രാര്‍ഥിക്കണമെന്നോ? അല്ലാഹു സന്മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക് മടക്കപ്പെടുകയോ? ഞങ്ങള്‍ ചെകുത്താന്‍ വഴിതെറ്റിച്ച് ഭൂമിയില്‍ അന്ധാളിച്ച് അലയുന്നവനെപ്പോലെ ആയിത്തീരുകയോ! നേര്‍വഴിയിതാ, ഇങ്ങോട്ടു വാ എന്ന് വിളിച്ചുകൊണ്ടിരിക്കുന്ന കൂട്ടുകാര്‍ അവന്നുണ്ടായിരിക്കെ. നീ പ്രഖ്യാപിക്കുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ഥവഴി. സര്‍വലോകനാഥന് കീഴ്‌പ്പെടാന്‍ ഞങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു'' (6:71).

സത്യവിശ്വാസികളെ അവരുടെ വിശ്വാസത്തില്‍നിന്ന് പിന്തിരിപ്പിച്ച്, ബഹുദൈവ വിശ്വാസത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും തിരികെ കൊണ്ടുപോകാനുള്ള ചില വ്യക്തികളുടെ ഉദ്യമത്തെ, ശക്തമായ ചില ചോദ്യങ്ങളിലൂടെ പരിചയപ്പെടുത്തുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. അല്ലാഹു നല്‍കിയ ഹിദായത്തില്‍ പൂര്‍ണ സംതൃപ്തിയും സമാധാനവും ലഭിച്ച ഞങ്ങളെ നിങ്ങള്‍ ക്ഷണിക്കുന്നത്, ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത വ്യക്തികളെയും ശക്തികളെയും ആരാധിക്കുന്നതിലേക്കാണോ? ഞങ്ങള്‍ ഈ മാര്‍ഗം ഉപേക്ഷിച്ചാല്‍, വിശാലമായ മരുഭൂമിയില്‍ കൂട്ടം തെറ്റി, വഴിയറിയാതെ, തളര്‍ന്ന്, നിരാശരായി, അസ്വസ്ഥതകളോടെ നിമിഷങ്ങള്‍ തള്ളി നീക്കുന്നവരെപ്പോലെയായി മാറും.

ചെകുത്താന്‍ മരുഭൂമിയില്‍ വഴിതെറ്റിക്കും എന്ന ഒരു സങ്കല്‍പം ജാഹിലിയ്യ സമൂഹത്തില്‍ നിലനിന്നിരുന്നു. പൊട്ടിച്ചൂട്ട് എന്നോ പൊട്ടിച്ചെകുത്താന്‍ എന്നോ പണ്ട് നമ്മുടെ നാട്ടില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്ന അന്ധവിശ്വാസത്തിന് സമാനമാണിത്.

സഞ്ചാരികളെ പിശാച് വഴിതെറ്റിക്കും എന്ന വിശ്വാസത്തെ ഖുര്‍ആന്‍ അംഗീകരിക്കുന്നു എന്ന് ഇതിനര്‍ഥമില്ല. ഗൂല്‍ അഥവാ പൊട്ടിച്ചെകുത്താന്‍ എന്നൊന്നില്ല എന്ന് നബി(സ്വ) പറഞ്ഞതായി ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇമാം റശീദ് റിള വിശദീകരിക്കുന്നു. ജിന്നുകളും പിശാചുകളും പല രൂപത്തില്‍ വന്ന് മനുഷ്യരെ ദ്രോഹിക്കുമെന്ന് അറബികള്‍ വിശ്വസിച്ചിരുന്നു. അവരില്‍ ചിലര്‍ക്ക് മരുപ്രദേശങ്ങളില്‍ ഭയം മൂലം ചില വസ്തുക്കള്‍ കാണുന്നതായി തോന്നും. മരുഭൂമിയില്‍ കാനല്‍ അഥവാ മരീചിക കണ്ടാല്‍ അത് ജലമാണെന്ന് ഏതാണ്ടെല്ലാവര്‍ക്കും തോന്നും. അത് ശരിയാണെന്ന് കരുതി കാനലിന് നേരെ ചെല്ലുകയും സഞ്ചാരി നടന്നടുക്കുംതോറും ജലം അകന്നകന്ന് പോയിക്കൊണ്ടിരിക്കുകയും അങ്ങനെ അയാള്‍ വഴിതെറ്റുകയും മരുഭൂമിയില്‍ നടന്ന് വലയുകയും ചെയ്യുന്നു. ചിലപ്പോള്‍ ഇത്തരക്കാര്‍ ചില ജീവികളെത്തന്നെ കണ്ടെന്നിരിക്കും. അവയെ ജിന്നോ പിശാചോ ആയി തെറ്റിദ്ധരിക്കും. അങ്ങനെ അവര്‍ തങ്ങള്‍ ചെകുത്താന്റെ വലയിലകപ്പെട്ടിരിക്കുന്നു എന്ന് കരുതി വിഹ്വലരായി അലഞ്ഞ് നടക്കുകയും നാശത്തില്‍ പതിക്കുകയും ചെയ്യുന്നു.

സത്യം തിരിച്ചറിഞ്ഞ് സ്വീകരിച്ച ശേഷം അതില്‍നിന്ന് അസത്യത്തിലേക്ക് മടങ്ങിപ്പോകുന്നവര്‍ക്ക് സ്വസ്ഥതയും സമാധാനവും അപ്രത്യക്ഷമാകുന്നു എന്നാണീ ഉപമയിലൂടെ അല്ലാഹു വെളിപ്പെടുത്തുന്നത്. ഏകദൈവ വിശ്വാസമാകുന്ന ബലിഷ്ഠമായ പിടിവള്ളി വിട്ടവര്‍ക്ക്, ലക്ഷ്യമില്ലാതെ അലയേണ്ടിവരും ഇതവരുടെ നാശത്തിലേക്ക് നയിക്കുകയും ചെയ്യും.

മരീചിക തേടിപ്പോകുന്നവരെ, കൂട്ടുകാര്‍ വിലക്കിയാലും അവര്‍ അതിന്റെ പിന്നാലെ പോയെന്ന് വരും. ഇത് അവന്റെ നാശത്തിന് വഴിയൊരുക്കുന്നത് പോലെ തൗഹീദ് വിട്ടവനും നശിക്കും.


 

Feedback