Skip to main content

ചിലന്തിവല പോലെ

'അല്ലാഹുവിന് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ ഒരു എട്ടുകാലിയുടേതുപോലെയാകുന്നു. എട്ടുകാലി ഒരു വീടുണ്ടാക്കി. വീടുകളില്‍വെച്ച് ഏറ്റവും ദുര്‍ബലമായത് എട്ടുകാലിയുടെ വീടുതന്നെ. അവര്‍ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍' (29:41).

ഇസ്‌ലാം മതത്തെ ഇതര മതവിഭാഗങ്ങളില്‍നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്ന ഏറ്റവും പ്രധാന പ്രത്യേകതയാണ് ഏക ദൈവ വിശ്വാസം. ലോകത്തുള്ള ഏതൊരു മത വിശ്വാസിക്കും ദൈവ വിശ്വാസമുണ്ട്. എന്നാല്‍ തനിക്ക് കാണാന്‍ കഴിയാത്ത അദൃശ്യനും അരൂപിയുമായ സൃഷ്ടി കര്‍ത്താവിനെ മാത്രമേ ആരാധിക്കാവൂ എന്ന കടുത്ത വിശ്വാസ നിലപാട് പലര്‍ക്കും അസ്വീകാര്യവും അപ്രിയവുമാണ്. ഏതെങ്കിലും രൂപത്തിലുള്ള ഒരു രക്ഷാകവചം ദൈവത്തിനെ കൂടാതെ സ്വീകരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന പ്രവണതയാണ് വിശ്വാസ ലോകത്ത് അധികവും. അനുയായികളുടെ ഏറ്റക്കുറച്ചിലുകളുണ്ടാകാം. പക്ഷെ എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെ. ആഗ്രഹ സഫലീകരണവും കാര്യസാധ്യവും ക്ഷിപ്ര സാധ്യവുമാക്കുക തന്നെ. ഇത്തരത്തില്‍ സാക്ഷാല്‍ ദൈവത്തിന് പുറമെ രക്ഷാധികാരികളെ സ്വീകരിക്കുന്നവരുടെ ഒരു ഉപമയാണ് ഇവിടെ കുറിക്കുന്നത്. 29-ാം അധ്യായത്തിന്റെ പേരുതന്നെ 'എട്ടുകാലി' എന്നാണ്.  

അറിവുള്ളവരല്ലാതെ അവയെപ്പറ്റി അഥവാ ആ ഉപമകളെക്കുറിച്ച് ചിന്തിച്ച് മനസ്സിലാക്കുകയില്ല എന്നാണ് ശേഷം ഖുര്‍ആന്‍ പറഞ്ഞുവെക്കുന്നത്. വളരെ ചിന്തോദ്ദീപകമായ ഒരു ഉപമയാണിവിടെ ഖുര്‍ആന്‍ വരച്ചുവെച്ചത്. എട്ടുകാലി എന്നത് ഒരു ചെറിയ ജീവി വര്‍ഗമാണ്. വലുപ്പ വ്യത്യാസവും വിഷമുള്ളവയും അവയ്ക്കിടയിലുണ്ടെങ്കിലും ശരി, അവയ്ക്കുള്ള ഒരു പൊതുവായ പ്രത്യേകതയാണ് ഇരപിടിക്കാനും വസിക്കാനുമുള്ള വീടെന്ന എട്ടുകാലി വല. അതിന്റെ ശരീരത്തില്‍ നിന്നുതന്നെയുള്ള ഒരുതരം പശകൊണ്ടാണത് വല നെയ്യുന്നത്. ആ വലയാകട്ടെ അതീവ ദുര്‍ബലവും. ഒരു ചെറിയ കല്ലോ കമ്പോ വീണാല്‍ ഇല്ലാതാകുന്ന  ദുര്‍ബല വീട്. എന്നാല്‍ ആ വല നെയ്ത് തന്റെ ജീവിതോപാധി തേടുന്ന ഈ നിസ്സാരജീവിക്കും ഇരകളെ കിട്ടുന്നു. എട്ടുകാലിയേക്കാള്‍ വലിയ ഏതൊരു ജീവി വീണാലും പൊട്ടിപ്പോകുന്ന വലയില്‍ പക്ഷേ എട്ടുകാലിയേക്കാള്‍ ദുര്‍ബലരായ നിസ്സാര ജീവികള്‍ വന്ന് വീഴുമ്പോള്‍ അവ കുടുങ്ങിപ്പോകുന്നു. ആ ഇരയെ ഭക്ഷണമാക്കി അടുത്ത ഇരക്ക് വേണ്ടിയുള്ള കാത്തിരിപ്പുപോലെയാണ് അല്ലാഹു അല്ലാത്ത രക്ഷാധികാരികളെത്തേടി ചെല്ലുന്നിടത്ത് മനുഷ്യര്‍ക്ക് കാണാന്‍ കഴിയുക. എന്തൊരു ഉപമ.

ഇന്ന് നമ്മുടെ നാട്ടില്‍ കൂണുപോലെ മുളച്ച് പൊന്തുന്ന നിരവധി ധ്യാന കേന്ദ്രങ്ങളും ആത്മീയ വാണിജ്യ കേന്ദ്രങ്ങളും വ്യക്തി ദൈവങ്ങളും വെളിച്ചപ്പാടുകളും മന്ത്ര- തന്ത്രാദികളുമൊക്കെ ഒരു പരിശോധനക്ക് വിധേയമാക്കുക. ഇവരൊന്നും സാക്ഷാല്‍ ദൈവമല്ലെന്ന് സമ്മതിക്കും. എല്ലാ മതസ്ഥരുടെയും വേദഗ്രന്ഥങ്ങള്‍ അതിനെ സാക്ഷീകരിക്കുകയും ചെയ്യുന്നു.

എന്നാലും മിക്ക മനുഷ്യരും സാക്ഷാല്‍ ദൈവത്തെ വിട്ട് മിഥ്യയായതും വഞ്ചിക്കപ്പെടുന്നതുമായ ആത്മീയ വിപണന കേന്ദ്രങ്ങളെ സമീപിക്കുന്നു. അവരെ രക്ഷാധികാരികളായി സ്വീകരിക്കുന്നു. അപകടങ്ങളെ തരണം ചെയ്യാനും നന്മകളെ പ്രദാനം ചെയ്യാനും തിന്മകളെ തടുക്കാനും ഇവര്‍ക്ക് കഴിയുമെന്ന് വിശ്വസിച്ച് അവര്‍ പറയുന്നത് പോലെ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ അവര്‍ ആരാണ്, അവര്‍ക്ക് ഈ മനുഷ്യരില്‍ നിന്നുള്ള വ്യത്യാസങ്ങളെന്തൊക്കെയാണ് എന്നൊന്നും ആലോചിക്കാതെയാണ് അവര്‍ വിരിച്ച ആത്മീയ വ്യവസായത്തിന്റെ വലക്കണ്ണികളില്‍ ദുര്‍ബല വിശ്വാസികള്‍ ചെന്നു ചാടുന്നത്. എട്ടുകാലി വല നെയ്ത് കാത്തിരിക്കും പോലെ ഈ വിശ്വാസ വാണിഭക്കാര്‍ തങ്ങളുടെ ജീവിതോപാധി കഴിയാനുള്ള മാര്‍ഗ്ഗവുമായി സമൂഹത്തിന് മുന്‍പില്‍ വല വിരിക്കുന്നു. ഇത്തരം ആളുകളുടെ വലയില്‍ ചെന്ന് ചാടുന്നവര്‍ ചഞ്ചല ചിത്തരും ദുര്‍ബല വിശ്വാസികളും ആയിരിക്കും. അത്തരക്കാരെ ഇരയാക്കിയാണ് ഈ ആത്മീയ എട്ടുകാലികള്‍ ജീവിക്കുന്നത്. 

തന്നെ സൃഷ്ടിച്ച സൃഷ്ടാവിനെ അറിയുകയും അവനെ മാത്രം പേടിച്ച് അവന്റെ കല്‍പനകളെ സൂക്ഷിച്ച് ജീവിക്കുകയും ചെയ്യേണ്ട വിശ്വാസദൃഢതയ്ക്കു പകരം ദുര്‍ബല വിശ്വാസം കടന്നു വരുന്നിടത്താണ് ഇത്തരം വലകളില്‍ വീഴാനുള്ള സാധ്യത.

Feedback