Skip to main content

ഇരുട്ടില്‍ തപ്പുന്ന കപടവിശ്വാസി

''അവരെ (കപടവിശ്വാസികളെ) ഉപമിക്കാവുന്നത് ഒരാളോടാകുന്നു. അയാള്‍ തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം എടുത്തുകളയുകയും അവരെ, ഒന്നുംകാണാനാവാത്ത വിധം ഇരുട്ടില്‍ തപ്പുവാന്‍ വിടുകയും ചെയ്തു. അവര്‍ ബധിരരും മൂകരും അന്ധരുമാകുന്നു. ഇനിയവര്‍ മടങ്ങുന്നതല്ല'' (2:17,18).

വിശ്വാസവുമായി ബന്ധപ്പെട്ട് പ്രധാനമായും മൂന്ന് വിഭാഗങ്ങളെ കാണാം. ഒന്ന്: യഥാര്‍ത്ഥ വിശ്വാസമുള്‍ക്കൊണ്ട് ജീവിക്കുന്ന സത്യവിശ്വാസികള്‍. രണ്ട്: വിശ്വാസം പാടെ നിരാകരിച്ച സത്യനിഷേധികള്‍. മൂന്ന്: മനസ്സില്‍ അവിശ്വാസം കൊണ്ടുനടന്ന് പുറമെ വിശ്വാസികളായി അഭിനയിക്കുന്ന കപട വിശ്വാസികള്‍.

കാപട്യം കടുത്ത പാപമായാണ് ഇസ്‌ലാം കാണുന്നത്. നരകത്തിന്റെ അടിത്തട്ടില്‍ വലിയ ശിക്ഷ അനുഭവിക്കേണ്ടി വരുന്ന ഒരു വിഭാഗമാണ് കപടന്മാര്‍. സത്യം വ്യക്തമായി ബോധ്യപ്പെടാന്‍ അവസരം ലഭിച്ചവരാണവര്‍. പക്ഷേ അതിന്റെ മാധുര്യം നുകരാനോ ശീതളച്ഛായ അനുഭവിക്കാനോ അവര്‍ക്ക് കഴിയാതെ പോയി.

ശക്തമായ അന്ധകാരത്തിലും അജ്ഞതയിലും കഴിഞ്ഞ് കൂടുകയായിരുന്നു അവര്‍. അനീതിയും അക്രമവും അവരുടെ കൂടപ്പിറപ്പായിമാറിയിരുന്നു. സമാധാനവും ശാന്തിയും അവര്‍ക്ക് നഷ്ടപ്പെട്ടിരുന്നു. ഈയവസരത്തിലാണ് മുഹമ്മദ് നബി(സ്വ) ഒരു പ്രാകാശദീപമായി അവരിലേക്ക് കടന്നു വരുന്നത്. പ്രവാചകന്‍ കത്തിച്ചുവെച്ച ഖുര്‍ആന്‍ ആകുന്ന പ്രകാശഗോപുരത്തിലൂടെ അവര്‍ക്ക് അവരുടെ പരിസരവും സാഹചര്യങ്ങളും വ്യക്തമായി തിരിച്ചറിയാനായി. മുന്നിലുള്ള ദുര്‍ഘടവും അപകടകരവുമായ വഴികള്‍ അവര്‍ മനസ്സിലാക്കി. വിജയപാതയും വിനാശവീഥിയും അവര്‍ കണ്ടറിഞ്ഞു. അതു മുഖേന നല്ലതും ചീത്തയും പാടുള്ളതും പാടില്ലാത്തതും അവര്‍ക്ക് ബോധ്യമായി. എന്നിട്ടും അന്ധവിശ്വാസത്തിലേക്ക് തന്നെ അവരുടെ മനസ്സ് തിരിച്ച് പോവുകയായിരുന്നു.

സത്യം കണ്‍മുമ്പിലുണ്ടായിട്ടും അന്ധവിശ്വാസത്തെ മനസ്സില്‍ കുടിയിരുത്തിയവര്‍ക്ക് സംഭവിച്ച  ഗുരുതരമായ ഒരു സ്ഥിതിവിശേഷത്തെ വളരെ മനോഹരമായാണ് അല്ലാഹു വരച്ച് കാണിക്കുന്നത്. മനസില്‍ മായാതെ നില്ക്കുന്ന ഉപമയിലൂടെ.


 

Feedback