Skip to main content

പാറപ്പുറത്തെ മണ്ണുപോലെ

''സത്യവിശ്വാസികളേ, നിങ്ങള്‍ കൊടുത്തത് എടുത്തു പറഞ്ഞും സ്വീകര്‍ത്താക്കളെ ശല്യം ചെയ്തും നിങ്ങളുടെ ദാനധര്‍മങ്ങളെ, പാഴാക്കാതിരിക്കുവിന്‍. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതെയും, ലോകമാന്യത്തിനും വേണ്ടി മാത്രം ധനം ചെലവഴിക്കുന്നവനെപ്പോലെ നിങ്ങളാവരുത്. അവനെ ഉപമിക്കാവുന്നത് മുകളില്‍ അല്പം മണ്ണുള്ള ഒരു പാറയോടാണ്. പെരുമഴ പെയ്തപ്പോള്‍ മണ്ണുമുഴുവന്‍ ഒലിച്ചുപോയി. പാറപ്പുറം മിനുത്ത പാറപ്പുറം മാത്രമായി അവശേഷിച്ചു. ഇതേപ്രകാരം ഇക്കൂട്ടര്‍ ധര്‍മങ്ങളെന്ന ഭാവേന ചെയ്തുകൂട്ടുന്നതൊന്നും ഇവര്‍ക്ക് അനുഭവിക്കുവാന്‍ കഴിയുന്നതല്ല. സത്യനിഷേധികളെ സത്പാന്ഥാവിലേക്ക് അല്ലാഹു നയിക്കുകയില്ല'' (2:264).

ദാനധര്‍മങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം മറന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുടെ നിരര്‍ത്ഥകത ബോധ്യപ്പെടുത്തുന്ന ഒരുപമയാണിത്. ദാനധര്‍മങ്ങളുടെ ഫലം നഷ്ടപ്പെടാന്‍ ഇടയാക്കുന്ന സാഹചര്യങ്ങളെ ഇവിടെ വിവരിക്കുന്നു. കൊടുത്തത് കൊട്ടിഘോഷിച്ചും വാങ്ങിയവരെ ശല്യം ചെയ്തും ധര്‍മഫലം നഷ്ടപ്പെടുത്തരുതെന്ന് വിശ്വാസികളെ ഉണര്‍ത്തുന്നു. അവിശ്വാസികളുടെ രീതിയാണ്, ദാനധര്‍മങ്ങള്‍ എടുത്ത് പറഞ്ഞ്, അത് സ്വീകരിച്ചവരെ അലോസരപ്പെടുത്തുക എന്നത്.

അല്പം മാത്രം മണ്ണുള്ള ഒരു പാറപ്പുറം, അവിടെ ശക്തമായ മഴ പെയ്യുന്നു. ആ മണ്ണത്രയും താഴോട്ട്  ഒലിച്ചു പോകുന്നു. ഒടുവില്‍ പാറപ്പുറം വെറും പാറയായി അവശേഷിക്കുന്നു. മനോഹരമായ ഒരു ഉപമ.

എന്നാല്‍ ആത്മാര്‍ഥമായി ദൈവപ്രീതി കാംക്ഷിച്ചുകൊണ്ട് തങ്ങളുടെ ധനം ചെലവഴിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലവും ആത്മനിര്‍വൃതിയും ഭൗതിക സമൃദ്ധിയും വളരെ ഹൃദ്യമായ ഒരു ഉപമയിലൂടെ തൊട്ടടുത്ത സൂക്തത്തില്‍ വിശുദ്ധഖുര്‍ആന്‍ വിശദീകരിക്കുന്നു. ''അല്ലാഹുവിന്റെ പ്രീതി നേടിക്കൊണ്ടും തങ്ങളുടെ മനസ്സില്‍ (സത്യവിശ്വാസം) ഉറപ്പിച്ചുകൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ഉയര്‍ന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന തോട്ടത്തോടാകുന്നു. അതിന്നൊരു കനത്ത മഴ  ലഭിച്ചപ്പോള്‍ അത് രണ്ടിരട്ടി കായ്കനികള്‍ നല്കി. ഇനി അതിന് കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറല്‍ മഴയേ ലഭിച്ചുള്ളൂ എങ്കില്‍ അതു മതിയാകുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു'' (2:265).

പുണ്യകര്‍മങ്ങള്‍ ചെയ്യുന്നത് മറ്റുള്ളവരെ കാണിക്കാനാവരുത്. ദൈവപ്രീതി പ്രതീക്ഷിച്ചുകൊണ്ടായിരിക്കണം. അങ്ങനെ ചെയ്യുന്ന ചെറിയ നന്‍മകള്‍ക്കും വലിയ പ്രതിഫലം ലഭിക്കുമെന്ന് വിശദമാക്കുകയാണ് ഈ ഉപമകളിലൂടെ.


 

Feedback
  • Monday Apr 29, 2024
  • Shawwal 20 1445