Skip to main content

കര്‍മനഷ്ടവും കൃഷിനാശവും

''നിങ്ങളിലൊരാള്‍ക്ക്, ഈന്തപ്പനകളും മുന്തിരിവള്ളികളും നിറഞ്ഞ ഒരു തോട്ടമുണ്ട്. എല്ലാത്തരം  കായ്കനികളും  നിറഞ്ഞതാണത്. അവനാണെങ്കില്‍ വാര്‍ധക്യം ബാധിച്ചിരിക്കുന്നു. ഒന്നിനും പോരാത്ത കുറെ പിഞ്ചു മക്കളാണവനുള്ളത്. ഈ സാഹചര്യത്തില്‍ ഒരു തീക്കാറ്റ് വന്ന് ആ തോട്ടം കത്തിച്ചാമ്പലാകുന്നു. ഈ അവസ്ഥയിലാകാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? ഇപ്രകാരം നിങ്ങള്‍ ചിന്തിക്കുന്നതിനുവേണ്ടി അല്ലാഹു ദൃഷ്ടാന്തങ്ങള്‍ വിവരിക്കുകയാണ്, (ഖുര്‍ആന്‍ : 2:266).

മനുഷ്യന്‍ ചെയ്യുന്ന സത്കര്‍മങ്ങളുടെ ഫലം, കൃത്യമായി അവന് അനുഭവിക്കേണ്ട സമയത്ത്, അതിന് കഴിയാതായിത്തീരുന്ന അവസ്ഥയാണ് അല്ലാഹു ഉപമയിലൂടെ ഇവിടെ വിവരിക്കുന്നത്. ദാനധര്‍മങ്ങളിലും മറ്റു ഇബാദത്തുകളിലും ആത്മാര്‍ഥതക്ക് പകരം പ്രകടനപരത വന്നാല്‍, പരലോകമെന്ന ലക്ഷ്യത്തിന്നപ്പുറം ഭൗതിക താല്‍പര്യങ്ങളുണ്ടായാല്‍, ഉപകാരം ചെയ്ത് കൊടുത്തതിന്റെ പേരു പറഞ്ഞ് ശല്യം ചെയ്തു കഴിഞ്ഞാല്‍ മുഴുവന്‍ സത്കര്‍മങ്ങളും ഫലശൂന്യമായിത്തീരുന്ന കാര്യം അല്ലാഹു ഇവിടെ ഉണര്‍ത്തുകയാണ്.

വാര്‍ധക്യകാലത്ത്, തന്റെ സ്വത്ത് മുഴുവന്‍ അപ്രതീക്ഷിതമായി നശിച്ചു പോയാല്‍, അവ വീണ്ടെടുക്കാന്‍ തന്റെ ആരോഗ്യം അവനെ അനുവദിക്കുകയില്ല. ഇതുപോലെ സത്കര്‍മങ്ങളുടെ ഫലങ്ങള്‍ അനുഭവിക്കേണ്ട കാലത്ത് അവ നിഷ്ഫലമായിരുന്നുവെന്നറിയുമ്പോള്‍ അത് പരിഹരിക്കാനോ പ്രതിവിധികള്‍ കണ്ടെത്താനോ കഴിയാത്ത സ്ഥിതിയാണ് വന്നു ചേരുക.

ദാനധര്‍മങ്ങള്‍ ചെയ്ത ശേഷം അവ, കൊട്ടിഘോഷിച്ച് നടക്കുകയും ദാനം സ്വീകരിച്ചവരെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ സ്വന്തം കൈകൊണ്ട് ഒരു തീക്കാറ്റ് ഒരുക്കുകയാണ്. നാളെ സ്വന്തം കര്‍മങ്ങള്‍ നിങ്ങള്‍ക്ക് ഏറ്റവും അത്യാവശ്യമായി വരുന്ന നിര്‍ണായകമായ ആ സമയത്ത്, നിങ്ങള്‍ത്തന്നെ സൃഷ്ടിച്ച ആ തീക്കാറ്റ് നിങ്ങളുടെ ദാനധര്‍മങ്ങളില്‍ അടിച്ച് വീശുകയും അവ മുഴുവന്‍ ചാരമാവുകയും ചെയ്യുന്നു. സ്വന്തം കര്‍മഫലങ്ങള്‍ നിഷ്ഫലമാവാതിരിക്കാന്‍ സ്വീകരിക്കേണ്ട വളരെ കരുതലോടെയുള്ള ചില മുന്നൊരുക്കങ്ങളെക്കുറിച്ച് സൂചനകളാണ് അല്ലാഹു ഈ ഉപമയിലൂടെ അടിമകള്‍ക്ക് നല്‍കുന്നത്.


 

Feedback