Skip to main content

മനുഷ്യനും പടക്കുതിരയും

''കിതച്ചു പായുകയും, അങ്ങനെ കുളമ്പടികളാല്‍ തീ പാറിക്കുകയും, പുലര്‍വേളകളില്‍ കടന്നാക്രമിക്കുകയും എന്നിട്ടവിടെ പൊടി പാറിക്കുകയും, അങ്ങനെ ജനമധ്യത്തിലേക്ക് തള്ളിക്കയറുകയും ചെയ്യുന്ന കുതിരകളാണ് സത്യം. മനുഷ്യന്‍ തന്റെ രക്ഷിതാവിനോട് വളരെ നന്ദികെട്ടവന്‍ തന്നെ. അവന്‍ തന്നെ അതിന് സാക്ഷിയാണ്. പണത്തോടുള്ള അവന്റെ സ്‌നേഹം അതിശക്തം തന്നെയാണ്'' (100:1-8).

അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങള്‍ അനുഭവിക്കുന്നവനാണ് മനുഷ്യന്‍. അടിസ്ഥാന വസ്തുവായ വായുവും വെള്ളവും മാത്രം എടുത്ത് നോക്കുക. അതിന് സമാനമായത് മറ്റാര്‍ക്കും തരാന്‍ കഴിയില്ല. ഈ ഭൂമുഖത്ത് മനുഷ്യന് ജീവിക്കാനാവശ്യമായ മുഴുവന്‍ സൗകര്യങ്ങളും സ്രഷ്ടാവ് ഒരുക്കിവെച്ചിട്ടുണ്ട്. ചൂടും തണുപ്പും മലകളും മരങ്ങളും മഴയും മഞ്ഞും തുടങ്ങി എല്ലാം സൗജന്യമായി പടച്ചതമ്പുരാന്‍ സംവിധാനിച്ചിരിക്കുന്നു. ഇതെല്ലാം മനുഷ്യന് അനുഭവിക്കാന്‍ അനുവാദവും നല്‍കിയിട്ടുണ്ട്. അതോടൊപ്പം ഈ അനുഗ്രഹ ദാതാവിനോട് നന്ദി കാണിക്കണമെന്ന് ഉണര്‍ത്തുകയും ചെയ്തിരിക്കുകയാണ്. പക്ഷേ ഈ അനുഗ്രഹങ്ങള്‍ ദിനേനെ ആസ്വദിക്കുന്ന മനുഷ്യന്‍ പൊതുവെ നന്ദി കാണിക്കുന്ന കാര്യത്തില്‍ പിന്നിലാണ്.

അതേസമയം ഒരു കുതിരയുടെ പ്രവര്‍ത്തനം ഒന്ന് നിരീക്ഷിച്ച് നോക്കൂ. അത് അതിരാവിലെ തന്നെ, തന്റെ യജമാനനെയും പുറത്തിരുത്തി, വെട്ടിത്തിളങ്ങുന്ന വാളുകള്‍ ഊരിപ്പിടിച്ച ശത്രുവിന്റെ മുന്നിലേക്ക് ചാടാന്‍ തയ്യാറാവുന്നു. അതിവേഗതയില്‍ ശത്രുവിന് നേരെ കുതിക്കുന്നു. അതിന്റെ കാലിലെ ലാഡം കല്ലില്‍ തട്ടുമ്പോള്‍ തീ പാറുന്നുണ്ട്. ശത്രുവില്‍നിന്ന് തനിക്കും വെട്ടേല്‍ക്കാമെന്നറിഞ്ഞിട്ടും തന്റെ യജമാനന്റെ വിജയത്തിന് വേണ്ടി, തന്നെത്തന്നെമറന്ന് പ്രവര്‍ത്തിക്കുകയാണ്. യജമാനന്‍ എല്ലാ ദിവസവും തനിക്ക് തരുന്നത് പുല്ലും വെള്ളവുമാണ്. തന്റെ യജമാനനോട് ഇത്രമാത്രം നന്ദി കാണിക്കാന്‍ ഒരു കുതിരക്ക് കഴിയുമ്പോള്‍ ജീവിതത്തിന്നാവശ്യമായതെല്ലാം ചെയ്ത അല്ലാഹുവിനോട് മനുഷ്യന്‍ നന്ദി കാണിക്കുന്നത് എത്ര കുറച്ചാണ്! അവന്‍ സമ്പത്തിന്റെ പിന്നാലെ പോയി സ്രഷ്ടാവിനെ മറക്കുന്ന കാഴ്ച എത്രമാത്രം നന്ദികേടിന്റെതാണ്!.
 

Feedback