Skip to main content

ധിക്കാരവും കൃഷിനാശവും

''പ്രവാചകരേ, അവര്‍ക്ക് രണ്ട് വ്യക്തികളുടെ ഉദാഹരണം പറഞ്ഞു കൊടുക്കുക, അവരിലൊരാള്‍ക്ക്  നാം രണ്ട് മുന്തിരിത്തോപ്പുകള്‍ നല്‍കി. അവ ഈന്തപ്പനകളാല്‍ പൊതിയുകയും അവക്കിടയില്‍ മറ്റു കൃഷികള്‍ ഉണ്ടാക്കുകയും ചെയ്തു. ഒട്ടും കുറവ് വരുത്താതെ, ഇരുതോട്ടങ്ങളും സമൃദ്ധമായി വിളവ് നല്‍കി. ഈ രണ്ട് തോട്ടങ്ങള്‍ക്കുമിടയിലൂടെ നാം ഒരു നദിയൊഴുക്കിക്കൊടുക്കുകയും ചെയ്തിരുന്നു'' (18:32,33).

ഭൗതികപ്രമത്തരായ ധനാഢ്യന്മാരുടെയും പാവങ്ങളായ വിശ്വാസികളുടെയും ജീവിത വീക്ഷണത്തെയും അവ തമ്മിലുള്ള അന്തരത്തെയും ചൂണ്ടിക്കാണിക്കുന്ന ഒരു ഉപമയാണിവിടെ വിവരിക്കുന്നത്. ഇത് ഒരേ സമയം ഉപമയും ഒരു സംഭവ വിവരണവുമാണ്.

ഭൗതിക വിഭവങ്ങള്‍  സ്രഷ്ടാവായ ദൈവത്തിന്റെ അനുഗ്രഹങ്ങളാണെന്ന് തിരിച്ചറിയുന്നവരുണ്ട്. തങ്ങളുടെ പ്രാപ്തികൊണ്ടും കൗശലം കൊണ്ടും നേടിയെടുക്കാനായതാണ് സമ്പത്ത് എന്ന് കരുതുന്നവരും ജനങ്ങളിലുണ്ട്.

ഈ ഉദാഹരണത്തില്‍, സമൃദ്ധമായ വിഭവങ്ങളും കായ്കനികളും സൗന്ദര്യവും നിറഞ്ഞു നില്‍ക്കുന്ന രണ്ട് വലിയ തോട്ടങ്ങളുടെ ഉടമയായ ഒരാള്‍ തന്റെ സുഹൃത്തിനോട്, അഹങ്കാരപൂര്‍വ്വം  സംസാരിക്കുകയാണ് ''ഞാന്‍ നിന്നെക്കാള്‍ സമ്പത്തും ആള്‍ബലവും ഉള്ളവനാണ്, ഈ തോട്ടവും വിളകളും ഞാന്‍ സംരക്ഷിക്കുന്നതിനാല്‍ നശിച്ച് പോകുന്ന പ്രശ്‌നമില്ല, മരണാനന്തരമുള്ള ഉയിര്‍ത്തെഴുന്നേല്പില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വസിക്കുന്ന നിന്നേക്കാള്‍ അനുഗൃഹീതനാണല്ലോ ഞാന്‍. എന്നിരിക്കെ പരലോകം ഉണ്ടെങ്കില്‍ പോലും അവിടെയും ഞാന്‍ തന്നെയായിരിക്കും, കേമന്‍''. ഇങ്ങനെ പോകുന്നു അവന്റെ ധിക്കാരം നിറഞ്ഞ വാക്കുകള്‍.

പക്ഷേ, വിനയവും വിശ്വാസവും കൈമുതലാക്കിയ തന്റെ കൂട്ടുകാരന്‍ അവനെ തിരുത്താന്‍ ശ്രമിക്കുന്നു. നന്ദികേടിന്റെയും ധിക്കാരത്തിന്റെയും അനന്തരഫലങ്ങളെക്കുറിച്ച് അവനെ ഓര്‍മപ്പെടുത്തുന്നു. സ്വന്തം അസ്തിത്വത്തെ മറന്നു പോകരുതെന്നും, അഹങ്കാരം മൂത്ത് ബഹുദൈവവിശ്വാസിയാവരുതെന്നും, അല്ലാഹുവിന്റെ ഇടപെടലുകളെക്കുറിച്ച് ഓര്‍മ വേണമെന്നും അവനെ ഉണര്‍ത്തുന്നു. നിന്റെ സമ്പത്ത് എനിക്കും എന്റെ ദാരിദ്ര്യം നിനക്കും നല്‍കാന്‍ സര്‍വശക്തനായ നാഥന് കഴിവുണ്ടെന്നും ബോധ്യപ്പെടുത്താനും ശ്രമിക്കുന്നു.

പക്ഷേ ധിക്കാരികള്‍ക്ക്, ഉപദേശികളെ ഉള്‍ക്കൊള്ളാനാവില്ലല്ലോ. ഉപദേശം അയാളുടെ മനോഗതിക്ക് ഒരു മാറ്റവും വരുത്തിയില്ല. തുടര്‍ന്ന് അല്ലാഹുവിന്റെ ശിക്ഷയിറങ്ങുകയും അവന്റെ തോട്ടങ്ങള്‍ അപ്രതീക്ഷിതമായി, പൂര്‍ണമായും നശിപ്പിക്കപ്പെടുകയുമുണ്ടായി. ആര്‍ക്കും അവ തടഞ്ഞു നിര്‍ത്താന്‍ കഴിഞ്ഞില്ല. ആള്‍ബലവും സമ്പത്തും പ്രയോജനം ചെയ്തില്ല. എല്ലാം നഷ്ടപ്പെട്ടപ്പോള്‍ അവന്ന് വീണ്ടുവിചാരമുണ്ടായി. ഞാന്‍ എന്റെ നാഥനെ ധിക്കരിച്ചില്ലായിരുന്നുവെങ്കില്‍ എനിക്ക് രക്ഷയുണ്ടാവുമെന്ന് അവന്‍ വിലപിച്ചു.

ധിക്കാരികളും അഹങ്കാരികളും ഓര്‍ത്തിരിക്കേണ്ട ഒരു വലിയ പാഠമാണ്, ഈ ഉദാഹരണത്തിലൂടെ അല്ലാഹു ഓര്‍മപ്പെടുത്തുന്നത്. നമ്മുടെ സിദ്ധികളും നേട്ടങ്ങളും എത്ര വലുതായാലും അത് നല്‍കിയത് അല്ലാഹു ആണെന്ന് മറന്നുകൂടാ. വിനയത്തോടെ, യഥാര്‍ഥ്യബോധത്തോടെ കാര്യങ്ങളെ സമീപിക്കാത്തവര്‍ക്ക് കടുത്ത ഖേദം അനുഭവിക്കേണ്ടിവരുമെന്ന യാഥാര്‍ഥ്യം നാം എപ്പോഴും ഓര്‍ക്കണം.


 

Feedback