Skip to main content

അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍

മുസ്‌ലിം ലീഗിന്റെയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പ്രമുഖ നേതാവും കേരളത്തിലെ ഐക്യമുന്നണി സംവിധാനത്തിന്റെ ശില്പികളില്‍ ഒരാളുമായിരുന്നു സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ (1905-1973). യമനില്‍ നിന്നും കേരളത്തിലെത്തിയ 'ബാ ഫഖീഹ്' കുടുംബം പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് കേരളത്തില്‍ സ്ഥിരതാമസമാക്കിയത്. കോഴിക്കോട് നഗരത്തിലെ പ്രമുഖ വ്യവസായ കുടുംബമായിരുന്നു തങ്ങളുടേത്.  1906 ഫെബ്രുവരി 19 ന് കൊയിലാണ്ടിയിലെ അബ്ദുല്‍ ഖാദര്‍ ബാഫഖി തങ്ങള്‍- ഫാത്വിമ മുല്ലബീവി ദമ്പതികളുടെ മകനായി ബാഫഖി തങ്ങള്‍ പുതിയ മാളിയേക്കല്‍ തറവാട്ടില്‍ ജനിച്ചു.

kk

പൊന്നാനിയിലെ പഠനത്തിനു ശേഷം 19ാം വയസ്സില്‍ അദ്ദേഹം കോഴിക്കോട്ടെ കയറ്റുമതി കച്ചവടത്തിലേക്കു തിരിഞ്ഞു. 1949-50  കാലഘട്ടത്തില്‍ ബര്‍മയിലെ റംഗൂണിലെ മുഗള്‍ സ്ട്രീറ്റില്‍ 'ബാഫഖി ആന്‍ഡ് കമ്പനി' ആരംഭിച്ചു. അക്കാലത്തെ വന്‍കിട കയറ്റുമതി സ്ഥാപനങ്ങളിലൊന്നായിരുന്നു ഇത്.  

മുപ്പതാമത്തെ വയസ്സില്‍ രാഷ്ട്രീയത്തിലേക്ക് കടന്നു. 1936 ല്‍ കോഴിക്കോട് കുറുമ്പ്രനാട് മണ്ഡലത്തിലെ ഒരു അഖിലേന്ത്യാ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിക്കെതിരെ പ്രചാരകനായാണ് ബാഫഖി തങ്ങള്‍ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. പിന്നീട് 1938 ല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. അബ്ദുസത്താര്‍ സേട്ട് പ്രസിഡണ്ടായിരുന്ന മലബാര്‍ മുസ്‌ലിം ലീഗിന്റെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തെക്കേ മലബാറിലെ സമുദായ നേതാവായിരുന്ന പാണക്കാട് പൂക്കോയ തങ്ങളെ ലീഗില്‍ ചേരാന്‍ പ്രേരിപ്പിക്കാനും സഹായിച്ചു. 

1956 ല്‍ കേരള സംസ്ഥാനം രൂപീകൃതമായപ്പോള്‍ സംസ്ഥാന മുസ്‌ലിം ലീഗ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ മരണത്തെ തുടര്‍ന്ന് അഖിലേന്ത്യാ പ്രസിഡണ്ടുമായി. മുസ്‌ലിം ലീഗിന്റെ ദേശീയ പ്രസിഡണ്ട് ആയ ആദ്യത്തെ മലയാളിയും ബാഫഖി തങ്ങളായിരുന്നു. ആദ്യമായി മുസ്‌ലിം ലീഗിന് കേരളത്തില്‍ ഭരണ പങ്കാളിത്തം നേടിക്കൊടുത്ത 1967 ലെ കമ്യൂണിസ്റ്റ് സഖ്യത്തിന്റെ മുഖ്യശില്പികളിലൊരാളുമാണ് ബാഫഖി തങ്ങള്‍. 

മത സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു തങ്ങള്‍.  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കീഴിലുള്ള വിദ്യാഭ്യാസ ബോഡിന് രൂപം നല്കുന്നതിലും പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക്കോളേജ് സ്ഥാപിക്കുന്നതിലും നേതൃപരമായ പങ്ക് വഹിച്ചു. കേരള വഖ്ഫ് ബോഡിന്റെ രൂപീകരണ കാലം മുതല്‍ വഖ്ഫ് ബോഡ് അംഗമായിരുന്നു. തിരൂരങ്ങാടി മുസ്‌ലിം യത്തീംഖാനയുടെ പള്ളിക്ക് തറക്കല്ലിട്ടത് ബാഫഖി തങ്ങളായിരുന്നു എന്നത് സ്മരണീയമാണ്. കേരള സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ പ്രഥമ പ്രസിഡണ്ടായി ബാഫഖി തങ്ങളെ നിര്‍ദേശിച്ചത് പണ്ഡിതനായ കെ.എം മൗലവിയായിരുന്നു. 

പയ്യോളിയിലും നടുവട്ടത്തും മണത്തലയിലും അങ്ങാടിപ്പുറത്തും തലശ്ശേരിയിലുമെല്ലാം വിവിധ കാലങ്ങളില്‍ സാമുദായിക സംഘര്‍ഷങ്ങളും കലാപങ്ങളുമുണ്ടായപ്പോള്‍ ശരിതെറ്റുകള്‍ വേര്‍തിരിക്കുന്നതിനപ്പുറം കലാപം ശമിപ്പിക്കുന്നതിന് മുഖ്യപരിഗണന നല്കി. അസാമാന്യ ധൈര്യത്തോടെ കലാപ മേഖലയില്‍ കയറിച്ചെന്ന് സമാധാനപ്രവര്‍ത്തനങ്ങള്‍ക്ക് ബാഫഖി തങ്ങള്‍ നേതൃത്വം കൊടുത്തിരുന്നു.
 
13 ആണ്‍ മക്കളും 7 പെണ്‍മക്കളുമുണ്ട്.
  
ഇരുപതിലേറെ തവണ ഹജ്ജു കര്‍മം നിര്‍വ്വഹിച്ച അദ്ദേഹം അവസാന ഹജ്ജുവേളയില്‍ 1973 ജനുവരി 19 ന് വെള്ളിയാഴ്ച്ച മക്കയില്‍ വെച്ചു മരണപ്പെട്ടു. 
 

Feedback