Skip to main content

അവുക്കാദര്‍ കുട്ടി നഹ

പരപ്പനങ്ങാടിയിലെ കിഴക്കിനിയകത്ത് കുഞ്ഞിക്കോയാമുട്ടിയുടെ മകനായി 1920 ഫെബ്രുവരി യില്‍ ജനിച്ച അവുക്കാദര്‍ കുട്ടി നഹ കേരള രാഷ്ട്രീയത്തിലെ ധന്യമായ അധ്യായമാണ്. 

ഐക്യകേരളപ്പിറവിക്കു ശേഷം 1957ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ തിരൂരങ്ങാടിയുടെ പ്രതിനിധിയായി നഹ നിയമസഭയിലെത്തി. ഒരേ മണ്ഡലത്തില്‍ നിന്ന് ഏഴു തവണ തെരഞ്ഞെടുക്കപ്പെട്ട് മൂന്നു പതിറ്റാണ്ടുകാലം നാടിനു വേണ്ടി പ്രയത്‌നിച്ച അപൂര്‍വം പൊതു പ്രവര്‍ത്തകരിലൊരാളാണ് നഹ. എട്ടു തവണയായി ഒന്നരപ്പതിറ്റാണ്ടുകാലം മന്ത്രിയായിരിക്കാനും ഇദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു.

ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മന്ത്രിസഭയില്‍ തദ്ദേശ സ്വയം ഭരണം  ഫിഷറിസ് വകുപ്പ് മന്ത്രിയായാണ് തുടക്കം. എം.പി.എം അഹ്മദ് കുരിക്കളുടെ മരണത്തെ തുടര്‍ന്നായിരുന്നു 1968 നവംബര്‍ 9ന് മന്ത്രിസ്ഥാന ലബ്ധി.

സി.അച്യുതമേനോന്‍, കെ.കരുണാകരന്‍, എ.കെ ആന്റണി, പി. കെ വാസുദേവന്‍ നായര്‍ എന്നിവരുടെ മന്ത്രിസഭയിലും നഹ അംഗമായിരുന്നു. തുടര്‍ച്ചയായി അഞ്ചുവര്‍ഷം മന്ത്രിസ്ഥാനത്തിരുന്ന കേരളത്തിലെ ആദ്യ വ്യക്തിയും ഇദ്ദേഹമാണ്. ഉപമുഖ്യ മന്ത്രിയും പൊതുമരാമത്ത് വകുപ്പുമന്ത്രിയുമായിരിക്കെ സി. എച്ച് മുഹമ്മദ് കോയ മരിച്ചപ്പോള്‍ ആ പദവിയിലേക്ക് പാര്‍ട്ടി നിയോഗിച്ചതും നിസ്വാര്‍ഥനായ നഹയെത്തന്നെയായിരുന്നു.

കേരളത്തിലെ മുസ്‌ലിം നവോത്ഥാന സംരംഭങ്ങള്‍ക്ക് പിന്തുണ നല്കിയ നഹ, മുജാഹിദ് പ്രസ്ഥാനത്തിന്റെ സഹയാത്രികനായിരുന്നു. തിരൂരങ്ങാടി യതീംഖാന, പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജ്, കെ.എം.ഇ.എ എന്നിവയുടെ സമിതികളില്‍ അംഗമായിരുന്നു. 1988 അഗസ്ത് 11ന് നഹ ഓര്‍മയായി.  ഭാര്യ കുഞ്ഞിബീവി ഉമ്മ. 2011-16 സര്‍ക്കാരില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ പി.കെ അബ്ദുര്‍റബ്ബ് അടക്കം പത്തു മക്കളുണ്ട്. 

കറപുരളാത്ത രാഷ്ട്രീയ ജീവിതം കൊണ്ട് മാതൃകയായി വിരാജിച്ച അവുക്കാദര്‍ കുട്ടി നഹതന്റെ സമുദായത്തെ പിന്നാക്കാവസ്ഥയില്‍നിന്ന് മോചിപ്പിക്കാന്‍ അഹോരാത്രം പണിയെടുത്ത മഹാനായി ചരിത്രത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. 

 
 

Feedback