Skip to main content

ഉപ്പി സാഹിബ്

മുസ്‌ലിം ലീഗിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു ഉപ്പി സാഹിബ്. സ്വരാജ് പാര്‍ട്ടിയിലൂടെയാണ് ഉപ്പി സാഹിബ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്.

1891ല്‍ കണ്ണൂര്‍ ജില്ലയിലെ കോട്ടയം താലൂക്കില്‍ കോട്ടാല്‍ എന്ന ജന്‍മി കുടുംബത്തിലാണ് ജനിച്ചത്. തലശ്ശേരി ബ്രണ്ണന്‍ കോളജ്, മദിരാശി മുഹമ്മദന്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മദിരാശിയില്‍ പഠിച്ചുകൊണ്ടിരിക്കെ ഖിലാഫത് നിസ്സഹകരണ പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടനായി പഠനമുപേക്ഷിച്ച് പൊതുരംഗത്തിറങ്ങി. മാപ്പിളമാരെ തെരഞ്ഞുപിടിച്ച് അന്തമാനിലേക്ക് നാടുകടത്തുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കിരാത നടപടിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു. പാവപ്പെട്ട കര്‍ഷക കുടിയാന്‍മാരുടെയും  തൊഴിലാളികളുടെയും അവകാശ സംരക്ഷണത്തിന് വേണ്ടിയും അദ്ദേഹം പ്രവര്‍ത്തിച്ചു. 

1920ലും 1926ലും സ്വരാജ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മദിരാശി ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1930ല്‍ രൂപീകൃതമായ കേരള മുസ്‌ലിം മജ്‌ലിസിന്റെ നേതൃനിരയില്‍ ഇ മൊയ്തു മൗലവി, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് തുടങ്ങിയവരോടൊപ്പം ഉപ്പി സാഹിബുമുണ്ടായിരുന്നു. എന്നാല്‍ അധികനാള്‍ കഴിയും മുമ്പേ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും ഇ മൊയ്തു മൗലവിയും മജ്‌ലിസില്‍ നിന്ന് പിന്‍വാങ്ങിയപ്പോള്‍ ഉപ്പി സാഹിബും മജ്‌ലിസ് വിട്ട് ലീഗില്‍ സജീവമായി. ലീഗിനെ ജനകീയ അടിത്തറയുള്ള സംഘടനയാക്കി മാറ്റുന്നതില്‍ ഉപ്പി സാഹിബ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. തലശ്ശേരി, കൂത്തുപറമ്പ്, കണ്ണൂര്‍ പ്രദേശങ്ങളില്‍ ലീഗിന്റെ നേതൃത്വം പൂര്‍ണമായും അദ്ദേഹത്തിന്റെ കൈകളിലായിരുന്നു. 1935ല്‍ അദ്ദേഹം സര്‍വേന്ത്യാ മുസ്‌ലിം ലീഗ് കൗണ്‍സിലംഗമായി. മദിരാശി ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കും സെന്‍ട്രല്‍ അസംബ്ലിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1952ല്‍ മദ്രാസ് നിയമസഭയില്‍ മുസ്‌ലിം ലീഗ് പാര്‍ട്ടി നേതാവായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1952ല്‍ തിരൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എതിരാളികളുടെ മുമ്പില്‍ എപ്പോഴും തലയുയര്‍ത്തി നിലകൊള്ളുകയും കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുകയും ചെയ്യുന്ന സ്വഭാവക്കാരനായിരുന്നു. 

1972 മെയ് 11ന് ഉപ്പി സാഹിബ് മരണപ്പെട്ടു. മായന്‍, മുഹമ്മദലി, ഇബ്രാഹിം കുട്ടി, കുഞ്ഞാമിന, കുഞ്ഞിപ്പാത്തുമ്മ എന്നിവര്‍ മക്കളാണ്.

Feedback