Skip to main content

ഗുലാം മഹ്മൂദ് ബനാത്ത്‌വാല

ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിനെ അഖിലേന്ത്യാ തലത്തില്‍ മൂന്നുപതിറ്റാണ്ടിലേറെക്കാലം നയിച്ച സമുന്നത നേതാവും ഇന്ത്യ കണ്ട മികച്ച പാര്‍ലമെന്റേറിയന്‍മാരില്‍ ഒരാളുമായിരുന്നു ഗുലാം മഹ്മൂദ് ബനാത്ത് വാല.

ഗുജറാത്തില്‍ നിന്ന് മുംബൈയിലേക്ക് കുടിയേറിയ കച്ചവട പ്രമുഖന്‍. ഹാജി നൂര്‍ മുഹമ്മദിന്റെ മകനായി 1933 ആഗസ്ത് 15ന് ഗുലാം മഹ്മൂദ് ജനിച്ചു. ആഇശയായിരുന്നു മാതാവ്. പഠനത്തിനും ഗവേഷണ പഠനത്തിനും ശേഷം സ്വകാര്യ കോളജില്‍ അധ്യാപകനായിരിക്കെ, അത് ഒഴിവാക്കി സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു.

സര്‍വേന്ത്യാ ലീഗിന്റെ ഭാഗമായ ഫോര്‍ത്ത് പാര്‍ട്ടിയാണ് മഹാരാഷ്ട്രയിലുണ്ടായിരുന്നത്. സ്വാതന്ത്ര്യാനന്തരം ഇത് പിരിച്ചുവിട്ട് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേക്കേറി. എന്നാല്‍ ബനാത്ത് വാല അതില്‍ തന്നെ ഉറച്ചുനില്ക്കുകയും മഹാരാഷ്ട്രയില്‍ മുസ്‌ലിം ലീഗ് കെട്ടിപ്പടുക്കുകയും ചെയ്തു. സംസ്ഥാന ലീഗ് ജനറല്‍ സെക്രട്ടറിയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു, 1959ല്‍.

മികച്ച പാര്‍ലമെന്റേറിയന്‍

1961ല്‍ മുംബൈ മുന്‍സിപ്പല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ബനാത്ത് വാലയുടെ പാര്‍ലമെന്ററി ജീവിതം തുടങ്ങുന്നത്. 1967ലും 71ലും ഉമര്‍ഖാദി മണ്ഡലത്തില്‍ നിന്നും മഹാരാഷ്ട്ര നിയമസഭയിലെത്തിയ ഇദ്ദേഹം 1977ല്‍ കേരളത്തിലെ പൊന്നാനി മണ്ഡലത്തില്‍ നിന്നും ആദ്യമായി ലോക്‌സഭയിലും അരങ്ങേറ്റം കുറിച്ചു. 1980, 84, 89, 96, 98, 99 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിലും പൊന്നാനിക്കാര്‍ ബനാത്ത് വാലയെ ലോക്‌സഭയിലെത്തിച്ചു.

ആറുതവണകളിലായി, 23 വര്‍ഷം ലോക്‌സഭയിലിരുന്ന ബനാത്ത്‌വാല തന്റെ ദൗത്യനിര്‍വഹണത്തില്‍ വിജയിച്ചിട്ടുണ്ട്. ശരീഅത്ത് വിഷത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ അദ്ദേഹം കൊണ്ടുവന്ന സ്വകാര്യ ബില്ല്, ആരാധനാലയങ്ങളുടെ കട്ട് ഓഫ് ഡേറ്റ് സംബന്ധിച്ച് അദ്ദേഹം അവതരിപ്പിച്ച സ്വകാര്യ ബില്ല് എന്നിവ സഭയുടെ ഔദ്യോഗിക ബില്ലായി അംഗീകരിക്കപ്പെടുകയുണ്ടായി. ഇത് ചരിത്രത്തിലാദ്യമായിരുന്നു.

ബാബരി മസ്ജിദ് പ്രശ്‌നം, അലിഗര്‍ മുസ്‌ലിം സര്‍വകലാശാല ന്യൂനപക്ഷ പദവി, മുസ്‌ലിം പിന്നാക്കാവസ്ഥ, പിന്നാക്ക വിഭാഗത്തിന്റെ സംരക്ഷണം, വര്‍ഗീയ കലാപങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കാനും അംഗങ്ങളെ ജാഗരം കൊള്ളിക്കാനും അദ്ദേഹത്തിന്റെ ഉറച്ചവാക്കുകള്‍ക്ക് കഴിഞ്ഞു.

2011,12 ലോക്‌സഭകളില്‍ മികച്ച പാര്‍ലമെന്റേറിയന്മാരില്‍ ഒരാളായി 'ദി പയനിയര്‍', 'ഡെക്കാന്‍ ഹെറാള്‍ഡ്' പത്രങ്ങള്‍ ഈ 'മലയാളി പ്രതിനിധി'യെ തെരഞ്ഞെടുക്കുകയുണ്ടായി. ഇന്ത്യ-അമേരിക്ക സംയുക്ത ആണവ കരാറിനെതിരെയും നന്ദിഗ്രാമിലെ കര്‍ഷകരെ കുടിയിറക്കിയ ബംഗാള്‍ സര്‍ക്കാറിനെതിരെയും ബനാത്ത് വാല ആഞ്ഞടിക്കുകയുണ്ടായി.

ആള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറ, ആള്‍ ഇന്ത്യ മുസ്‌ലിം സര്‍വകലാശാല കോര്‍ട്ട് എന്നിവയില്‍ അംഗമായിരുന്നു. നിരവധി മുസ്‌ലിം സന്നദ്ധസംഘങ്ങളിലും അംഗത്വമുണ്ടായിരുന്നു.

1973 മുതല്‍ 93വരെ മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും 93 മുതല്‍ 2008ല്‍ മരിക്കുന്നതുവരെ പ്രസിഡന്റുമായിരുന്നു. 'Religion and Politics in India' ഉള്‍പ്പെടെയുള്ള മൂന്ന് കൃതികള്‍ രചിച്ചു.

Feedback