Skip to main content

ഇബ്‌റാഹീം സുലൈമാന്‍ സേട്ട്

നിയമനിര്‍മാണ സഭയ്ക്കകത്തും പുറത്തും അരനൂറ്റാണ്ടിലേറെക്കാലം ന്യൂനപക്ഷങ്ങളുടെ ശബ്ദമായി നിറഞ്ഞുനിന്ന മുസ്‌ലിം രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനാണ് ഇബ്‌റാഹീം സുലൈമാന്‍സേട്ട്. 35 വര്‍ഷം എം പിയായിരിക്കുകയും പത്ത് പ്രധാനമന്ത്രിമാരുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുകയും ലോകമുസ്‌ലിം നേതൃനിരയില്‍ സ്ഥാനംപിടിക്കുകയും ചെയ്ത എക്കാലത്തെയും ഇന്ത്യന്‍ മുസ്‌ലിം നേതാവ് കൂടിയാണ് സേട്ട്.

ബാംഗ്ലൂരിലെ ധനാഢ്യ കുടുംബത്തില്‍, മുഹമ്മദ് സുലൈമാന്‍ സേട്ടിന്റെ മകനായി 1922 നവംബര്‍ മൂന്നിന് ജനനം. കുട്ടിക്കാലം ചെലവഴിച്ചത് മാതാവ്  സൈനബ് ബായിയുടെ സ്വദേശമായ തലശ്ശേരിയില്‍. പഠനം മംഗലാപുരത്തും ബാംഗ്ലൂരിലും. വിവാഹാനന്തരം 1950 മുതല്‍ മട്ടാഞ്ചേരിയിലും കൊച്ചിയിലുമായി പ്രവര്‍ത്തനമേഖല.

1941ല്‍ മദിരാശിയില്‍ നടന്ന സര്‍വേന്ത്യാ ലീഗ് സമ്മേളനത്തില്‍ മുഹമ്മദലി ജിന്ന, ലിയാഖത്തലിഖാന്‍ തുടങ്ങിയ മുന്‍നിര നേതാക്കളോടൊപ്പം വേദിയിലിരിക്കുമ്പോള്‍ സേട്ടിന്റെ പ്രായം, 20 വയസ്സ്!

മികച്ച പാര്‍ലമെന്റേറിയന്‍

വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മികച്ച പ്രസംഗകനായിരുന്നു സേട്ട്. 1956ല്‍ കേരള സംസ്ഥാന മുസ്‌ലിം ലീഗിന്റെ സ്ഥാപക ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു. വിമോചന സമരത്തിലും പങ്കെടുത്തു. രാഷ്ട്രീയത്തിനു പുറമെ മത-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലും നിറഞ്ഞുനില്‍ക്കവെയാണ് 1960 മാര്‍ച്ച് 24ന് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നരപ്പതിറ്റാണ്ടുകാലം നീണ്ടുനിന്ന പാര്‍ലമെന്ററി ജീവിതത്തിന്റെ തുടക്കമായിരുന്നു അത്.

1967ലും 71ലും കോഴിക്കോട് നിന്ന് ലോക്‌സഭയിലെത്തിയ സുലൈമാന്‍സേട്ട് പിന്നീട് നാലു തവണ തുടര്‍ച്ചയായി മലപ്പുറം ജില്ലയിലെ മഞ്ചേരിയെ പ്രതിനിധീകരിച്ചു. 1991ല്‍ പൊന്നാനിയില്‍ നിന്നും ജയിച്ചു. ഏറ്റവും കൂടുതല്‍ കാലം പാര്‍ലമെന്റിലിരുന്ന മുസ്‌ലിം രാഷ്ട്രീയ നേതാവെന്ന പെരുമയുമായാണ് 1996ല്‍ സേട്ട് നിയമനിര്‍മാണ സഭയുടെ പടിയിറങ്ങിയത്.

ഇംഗ്ലീഷും ഉര്‍ദുവും അനായാസം കൈകാര്യം ചെയ്യുന്ന ഇദ്ദേഹം അക്ഷരാര്‍ഥത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിലെ സിംഹമായിരുന്നു. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുവേണ്ടി ഉറച്ച ശബ്ദമുയര്‍ത്തി അദ്ദേഹം. ജവഹര്‍ലാല്‍ നെഹ്‌റു, ലാല്‍ബഹദൂര്‍ശാസ്ത്രി, ഇന്ദിരാഗാന്ധി തുടങ്ങി നരസിംഹറാവു വരെയുള്ള പത്ത് പ്രധാനമന്ത്രിമാര്‍ക്കുനേരെ ആവശ്യഘട്ടങ്ങളില്‍ വിരല്‍ചൂണ്ടാന്‍ സേട്ട് മടി കാണിച്ചില്ല.

അലിഗര്‍ മുസ്‌ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷപദവി തിരിച്ചെടുക്കപ്പെട്ടപ്പോള്‍, ശാബാനുകേസില്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശരീഅത്ത് വിരുദ്ധ നയം സര്‍ക്കാര്‍ കൈക്കൊണ്ടപ്പോള്‍, ബാബരി മസ്ജിദ് വിഷയത്തില്‍ സര്‍ക്കാര്‍ അലസമായ നിലപാടെടുത്തപ്പോള്‍, ഒടുവില്‍ പള്ളി തകര്‍ക്കപ്പെട്ടപ്പോള്‍, ഭഗല്‍പൂര്‍ ഉള്‍പ്പെടെയുള്ള മുസ്്‌ലിം വിരുദ്ധ വര്‍ഗീയ കലാപങ്ങള്‍ അരങ്ങേറിയപ്പോള്‍, 'ടാഡ' നിയമത്തിന്റെ പേരില്‍ മുസ്‌ലിം യുവാക്കള്‍ ജയിലിലടക്കപ്പെട്ടപ്പോള്‍ എല്ലാം അതിന്നെതിരെ ശബ്ദിക്കാന്‍ നേതൃത്വം നല്‍കിയത് സേട്ട് സാഹിബായിരുന്നു. ആ ഉറച്ച, മുഴങ്ങുന്ന വാക്കുകള്‍ക്ക് മുന്നില്‍ പലപ്പോഴും സര്‍ക്കാറിന് മുട്ടുമടക്കേണ്ടിയും വന്നു.

എം പി എന്ന നിലയില്‍ പല പാര്‍ലമെന്ററി സമിതികൡും അംഗമാവുകയും ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി അന്താരാഷ്ട്ര വേദികളില്‍ സംബന്ധിക്കുകയും ചെയ്തു. പൊതുപ്രവര്‍ത്തനത്തില്‍ വിശുദ്ധിയും ലാളിത്യവും അന്ത്യം വരെ കാത്തുസൂക്ഷിച്ചു.

മുസ്‌ലിം നേതാവ്

താന്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെ വളര്‍ച്ചയ്ക്കും ക്ഷേമത്തിനും ഐക്യത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച ഇന്ത്യയിലെ അപൂര്‍വം രാഷ്ട്രീയ നേതാവിയുന്നു ഇബ്‌റാഹീം സുലൈമാന്‍ സേട്ട്.

ഇന്ത്യന്‍ മുസ്‌ലിംകളുടെ പുരോഗതിയ്ക്കായി രൂപംകൊണ്ട നിരവധി വേദികളുടെ പിറവിക്ക് പിന്നില്‍ ഈ സമുദായ സ്‌നേഹിയുമുണ്ടായിരുന്നു. ആള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസേ മുശാവറ(1964), ആള്‍ ഇന്ത്യ ഫലസ്തീന്‍ കോണ്‍ഫറന്‍സ് (1967), ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് (1973), ആള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍ (1993), ബാബരി മസ്ജിദ് മൂവ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (1986) എന്നിവ അവയില്‍ പ്രധാനപ്പെട്ടവയാണ്. ഇവയില്‍ പലതിന്റെയും കുഞ്ചിക സ്ഥാനങ്ങളില്‍ അദ്ദേഹം അവരോധിക്കപ്പെടുകയും ചെയ്തു.

ഇവയ്ക്ക് പുറമെ, കേന്ദ്ര ഹജ്ജ് ഉപദേശക സമിതി, കേന്ദ്ര വഖ്ഫ് കൗണ്‍സില്‍, അലിഗര്‍ മുസ്‌ലിം സര്‍വകലാശാല കോര്‍ട്ട് എന്നീ ഔദ്യോഗിക സമിതികളിലും സേട്ട് ഉണ്ടായിരുന്നു. കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായും സേവനം ചെയ്തു. 

കേരളത്തിലെ പല അനാഥശാലകളുടെയും സംരക്ഷകനായിരുന്ന സേട്ട് തിരൂരങ്ങാടി യതീംഖാനയുടെ പ്രസിഡന്റായി മൂന്ന് പതിറ്റാണ്ടിലേറെക്കാലം ഇരുന്നു. കേരള മുസ്‌ലിം എജ്യുക്കേഷനല്‍ അസോസിയേഷന്റ (KMEA) സ്ഥാപക ജനറല്‍ സെക്രട്ടറിയുമായിരുന്നു.

മുസ്‌ലിം ലോകത്തും സുലൈമാന്‍സേട്ട് പരിചിതനായിരുന്നു. ഖുമൈനിയും ഫൈസല്‍ രാജാവും യാസര്‍ അറഫാത്തും അന്‍വര്‍സാദത്തും സിയാഉല്‍ഹഖുമെല്ലാം സേട്ടിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. 1993ല്‍ അമേരിക്കയിലെ ചിക്കാഗോ ലോക മതസമ്മേളനത്തില്‍ സേട്ട് ഇന്ത്യന്‍ മുസ്‌ലിംകളെ പ്രതിനിധീകരിച്ച് സംസാരിച്ചു. ഇറാന്‍-ഇറാഖ് യുദ്ധം അവസാനിപ്പിക്കുന്നതിന് മധ്യസ്ഥാനം വഹിക്കാന്‍ ലോക മുസ്‌ലിം രാഷ്ട്രങ്ങള്‍ തെരഞ്ഞെടുത്തയച്ച പ്രതിനിധി സംഘത്തിലും സേട്ട് ഉണ്ടായിരുന്നു.

'മെഹ്ബൂബെ മില്ലത്ത്' എന്ന് മലയാളി മുസ്‌ലിംകള്‍ സ്‌നേഹപൂര്‍വം വിളിച്ചിരുന്ന സേട്ട് ബാബരി മസ്ജിദ് തകര്‍ച്ചയ്ക്കുശേഷം കോണ്‍ഗ്രസുമായി കേരളത്തില്‍ അധികാരം പങ്കിടുന്ന ലീഗ് നയത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗുമായി വഴിപിരിഞ്ഞു.

പിന്നീട് 1994 ഏപ്രില്‍ 23ന് രണ്ട് പതിറ്റാണ്ടുകാലം മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന സേട്ട് ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. 2005ല്‍ സംഭവബഹുലമായ ആ ജീവിതത്തിന് തിരശ്ശീല വീഴുകയും ചെയ്തു.

മര്‍യം ബായിയായിരുന്നു ഭാര്യ. സുലൈമാന്‍ ഖാലിദ്, സിറാജ് ഇബ്‌റാഹീം സേട്ട് എന്നിവരുള്‍പ്പെടെ അഞ്ചു മക്കള്‍. ഹസന്‍ ചെറൂപ്പയും ടി പി ചെറൂപ്പയും ചേര്‍ന്ന് തയ്യാറാക്കിയ 'കനല്‍പഥങ്ങളിലൂടെ ഒരാള്‍' ആ ധന്യജീവിതത്തിന്റെ ചരിത്രമാണ്.
 

Feedback