Skip to main content

സി എച്ച് മുഹമ്മദ്‌കോയ

രാഷ്ട്രീയ ഭേദമെന്യേ കേരളീയ മുസ്‌ലിം മനസ്സുകളിലെ അവിസ്മരണീയ നാമധേയമാണ് സി എച്ച് എന്ന അക്ഷരദ്വയം കൊണ്ടറിയപ്പെടുന്ന സി എച്ച് മുഹമ്മദ്‌കോയ. കേരളത്തിലെ പ്രഥമ മുസ്‌ലിം മുഖ്യമന്ത്രിയും മുസ്‌ലിം ലീഗിന് അഭിമാനകരമായ അസ്തിത്വം നല്കിയ നേതാവുമായിരുന്നു സി എച്ച്.

പയ്യംപുനത്തില്‍ അലി മുസ്‌ലിയാരുടെയും ചെയാരന്‍കണ്ടി മറിയുമ്മയുടെയും മകനായി 1927 ജൂലായ് 15ന് അത്തോളിയില്‍ ജനിച്ചു. പ്രാഥമിക പഠനാനന്തരം കോഴിക്കോട് സാമൂതിരി കോളെജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നു.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ സി എച്ച് 1957ലാണ് നിയമസഭയില്‍ ആദ്യമായി കാലുകുത്തിയത്. 1961ല്‍, തന്റെ 34-ാം വയസ്സില്‍ നിയമസഭയുടെ സ്പീക്കര്‍ കസേരയിലെത്തി. തന്റെ രാഷ്ട്രീയ വഴികാട്ടി കൂടിയായിരുന്ന സീതിസാഹിബിന്റെ നിര്യാണത്തെത്തുടര്‍ന്നായിരുന്നു ഈ പദവി ലബ്ധി. താനൂര്‍, മലപ്പുറം, കൊണ്ടോട്ടി, മങ്കട, മഞ്ചേരി എന്നീ മണ്ഡലങ്ങളുടെ പ്രതിനിധിയായും നിയമസഭയിലിരുന്നു. ഇതിനിടെ 1963ല്‍ മഞ്ചേരിയെ പ്രതിനിധീകരിച്ച് ലോക്‌സഭയിലും സി എച്ച് എത്തി.

ആദ്യ മുസ്‌ലിം മുഖ്യമന്ത്രി

നിസ്വാര്‍ഥ പൊതുപ്രവര്‍ത്തനത്തിന്റെ പ്രതീകമായി തിളങ്ങിയ സി എച്ച് മുഹമ്മദ് കോയയെത്തേടി നിരവധി പദവികളെത്തി. അതില്‍ ഏറ്റവും മികച്ചത് 1979 ഒക്‌ടോബര്‍ 12 മുതല്‍ ഡിസംബര്‍ ഒന്നുവരെയുള്ള 50 ദിവസമിരുന്ന മുഖ്യമന്ത്രി പദവി തന്നെയാണ്.

നിയമസഭാ സ്പീക്കര്‍ (1961), ഉപമുഖ്യമന്ത്രി (1981,82), വിദ്യാഭ്യാസമന്ത്രി (1967), ആഭ്യന്തരമന്ത്രി (1969,1970), വ്യവസായ വകുപ്പുമന്ത്രി, പൊതുമരാമത്ത് വകുപ്പുമന്ത്രി തുടങ്ങി നിരവധി വകുപ്പുകള്‍ സി എച്ച് കൈകാര്യം ചെയ്തു.

ഇതില്‍ ഏറ്റവും കൂടുതല്‍ കാലം ഏറ്റെടുത്തത് വിദ്യാഭ്യാസ വകുപ്പാണ്. കേരളത്തില്‍ വിദ്യാഭ്യാസവിപ്ലവത്തിന് അടിത്തറയിട്ടത് യഥാര്‍ഥത്തില്‍ സി എച്ച് മുഹമ്മദ് കോയയാണ്.

കോഴിക്കോട് സര്‍വകാലാശാല, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല, മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല, കോഴിക്കോട്ട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജ്, ലോ കോളെജ് തുടങ്ങി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥാപിച്ച് മലബാറിന് ഉന്നത വിദ്യാഭ്യാസരംഗത്തെത്തിച്ചു.

ഹൈസ്‌കൂള്‍തലം വരെ സൗജന്യവിദ്യാഭ്യാസം നടപ്പാക്കിയും മുസ്‌ലിം, നാടാര്‍ പെണ്‍കുട്ടികള്‍ക്ക് പഠന സ്‌കോളര്‍ഷിപ്പ് നല്കിയും ഹൈസ്‌കൂള്‍ കോളെജ് സര്‍വകലാശാലാ തലങ്ങളില്‍ അറബി ഭാഷ വിഷയമാക്കിയും ന്യൂനപക്ഷ വിഭാഗങ്ങളെ വിദ്യാഭ്യാസപരമായി ശാക്തീകരിച്ചു. 

മുസ്‌ലിം സമുദായത്തെ ഒ ബി സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതും മലപ്പുറം ജില്ല രൂപീകരിച്ചതുമെല്ലാം സി എച്ചിന്റെ ശ്രമഫലമാണ്.

'ചന്ദ്രിക'യുടെ ചീഫ് എഡിറ്റര്‍ വരെയായ പത്രപ്രവര്‍ത്തകന്‍, സ്വാമി വാഗ്ഭടാനന്ദനും ലിയാഖത്ത് അലിഖാനുമൊത്ത് വേദി പങ്കിടുകയും നെഹ്‌റുവിന് വരെയുള്ള മറുപടി നല്‍കുകയും ചെയ്ത വാഗ്മി, ചിന്തയും നര്‍മവും സമഞ്ജസമായി ചേര്‍ത്ത് നിയമസഭകളെയും പൊതുവേദികളെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സമാജികന്‍, തന്നെ പദവികളില്‍ നിന്നും പദവികളിലേക്കുയര്‍ത്തിയ സമുദായത്തിനുവേണ്ടി രാപ്പകല്‍ അധ്വാനിച്ച സമുദായസ്‌നേഹി, 15 ഓളം ഗ്രന്ഥങ്ങള്‍ രചിച്ച എഴുത്തുകാരന്‍ - ഇതെല്ലാമായിരുന്നു സി എച് എന്ന രണ്ടക്ഷരം.

പ്രതിഭാവിലാസംകൊണ്ട് വിസ്മയം തീര്‍ത്ത് ഈ പച്ച മനുഷ്യന്‍ ഉപമുഖ്യമന്ത്രിയായിരിക്കെ 1983 സെപ്തംബര്‍ 28ന് ഹൈദരാബാദില്‍ വെച്ച് അന്ത്യയാത്രയായി.

ഡോ. എം കെ മുനീര്‍ ഉള്‍പ്പെടെ മൂന്ന് മക്കള്‍. ഭാര്യ ആമിന.

Feedback