Skip to main content

റഹീം മേച്ചേരി

പത്രപ്രവര്‍ത്തകന്‍, ചരിത്രകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു റഹീം മേച്ചേരി. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും പാര്‍ട്ടിയുടെ സൈദ്ധാന്തികനും രാഷ്ട്രീയ ലേഖകനുമായിരുന്നു അദ്ദേഹം.

സി എച്ച് മുഹമ്മദ് കോയയുടെ ശിഷ്യത്വം രാഷ്ട്രീയത്തിലും പത്രപ്രവര്‍ത്തനത്തിലും ലഭിച്ച അദ്ദേഹം മുസ്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ പത്രാധിപര്‍ പദവിയില്‍ വരെയെത്തി.

മുസ്്‌ലിം രാഷ്ട്രീയം പ്രത്യേകിച്ച് ന്യൂനപക്ഷ രാഷ്ട്രീയമായിരുന്നു റഹീമിന്റെ ഇഷ്ടവിഷയം. മുസ്‌ലിംകള്‍ക്കെതിരെയും മുസ്്‌ലിം ലീഗിനെതിരെയും വിവിധ കോണുകളില്‍ നിന്നുയരുന്ന വിമര്‍ശനങ്ങളെ വസ്തുനിഷ്ഠമായ വിവരങ്ങള്‍വെച്ച് നേരിടുന്നതിലും കുറിക്കുകൊള്ളുന്ന ശൈലികളിലൂടെ പ്രതിരോധിക്കുന്നതിലും പ്രാഗത്ഭ്യം കാട്ടിയിരുന്നു.

1947 മെയ് 10ന് മലപ്പുറം ജില്ലയിലെ ഒളവട്ടൂരിലാണ് ജനനം. പിതാവ് മേച്ചേരി ആലിഹാജി. 1972ല്‍ ചന്ദ്രികയില്‍ സബ് എഡിറ്ററായി, 2004ല്‍ എഡിറ്ററായി. ഇതിനിടെ ഏതാനും വര്‍ഷം സുഊദി അറേബ്യയിലും ജോലി ചെയ്തു.

പത്രപ്രവര്‍ത്തന മേഖലയില്‍ നിന്നുള്ള അഞ്ചിലധികം അവാര്‍ഡുകള്‍ നേടി. ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ദേശീയ സമിതി അംഗത്വം ഉള്‍പ്പെടെ ഏതാനും സ്ഥാനങ്ങളും വഹിച്ചിരുന്നു.

ഇന്ത്യന്‍ മുസ്ലിംകള്‍-വസ്തുതകള്‍, ഖാഇദേ മില്ലത്തിന്റെ പാത, മുസ്്‌ലിംലീഗ്-വിമര്‍ശനങ്ങള്‍ക്ക് മറുപടി തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചു.

അതീവ ജീവിത ലാളിത്യം കാത്തുസൂക്ഷിച്ച ഇദ്ദേഹം ചന്ദ്രിക പത്രവുമായി പോകുന്ന ജീപ്പില്‍ സഞ്ചരിക്കവേയുണ്ടായ അപകടത്തില്‍ 2004 ആഗസ്ത് 21ന് മരണപ്പെട്ടു.
 

Feedback