Skip to main content

നോമ്പ് നിര്‍ബന്ധമായവര്‍

വിശ്വാസവും കര്‍മവുമെല്ലാം വെറും ആചാരങ്ങളല്ല. അവ ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും കഴിയുന്നവനേ അത് ആത്മീയമായി ഗുണകരവുമാകൂ. നോമ്പ് വെറും വ്യായാമമല്ല. ആരോഗ്യ സംരക്ഷണം മാത്രമാണ് വ്രതലക്ഷ്യമെങ്കില്‍ ഇതിലേറെ എളുപ്പമുള്ള മറ്റു മാര്‍ഗങ്ങള്‍ മനുഷ്യന് കണ്ടെത്താന്‍ കഴിഞ്ഞേക്കും. വ്രതത്തിന്റെ പ്രധാനലക്ഷ്യം മനുഷ്യന്റെ ആത്മീയ ഔന്നത്യമാണ്. നോമ്പ് നിര്‍ബന്ധമാക്കുന്ന ആദ്യ ദൈവികശാസന ഉള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ വചനം തന്നെ ഇതിന് തെളിവാണ്. "സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്"(2:183). ഇത് സാക്ഷാത്കരിക്കപ്പെടണമെങ്കില്‍ വ്രതം കൃത്യമായ ലക്ഷ്യത്തോടെ, അത് കല്പിച്ച പ്രപഞ്ചനാഥനില്‍ പൂര്‍ണമായി വിശ്വസിച്ച് അവന്റെ വിധിവിലക്കുകളില്‍ പൂര്‍ണ തൃപ്തനായി, ശരിയായ സത്യവിശ്വാസിയായി നിര്‍വഹിക്കണം. ഇതെല്ലാം പരിഗണിച്ചാണ് റമദാന്‍ വ്രതം നിര്‍ബന്ധമാകാന്‍ താഴെ പറയുന്ന നിബന്ധനകള്‍ വെച്ചത്.

ഇസ്‌ലാം: ഇസ്‌ലാമിലെ എല്ലാവിശ്വാസവും കര്‍മവും മുസ്‌ലിംകള്‍ക്കു മാത്രമേ ബാധകമാകൂ. മറ്റുള്ളവര്‍ അത് സ്വീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യട്ടെ. മുസ്‌ലിംകളല്ലാത്തവര്‍ സൗഹൃദത്തിന്റെയും ആരോഗ്യത്തിന്റെയും വീക്ഷണത്തില്‍ ഇസ്‌ലാമിന്റെ വ്രതരീതി സ്വീകരിക്കുന്നത് അവരുടെ ലക്ഷ്യപൂരണത്തിന് ഗുണകരമാകാം. അതിനെ ഇസ്‌ലാം എതിര്‍ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല.

ബുദ്ധി: ഏതൊരു നിയമവും ബുദ്ധിയുള്ളവര്‍ക്കുമാത്രമേ ഭൗതികമായിത്തന്നെ ബാധകമാകൂ. ഇതുതന്നെയാണ് ഇസ്‌ലാമിക നിയമ സംഹിതക്കും അടിസ്ഥാനമായിട്ടുള്ളത്. അതിനാല്‍ മാനസികമായി സംതുലനമുള്ളവര്‍ക്കു മാത്രമേ  വ്രതവും നിര്‍ബന്ധമാകുന്നുള്ളൂ.

പ്രായപൂര്‍ത്തി: കൊച്ചുകുട്ടികള്‍ മാനസിക പക്വത പ്രാപിക്കാത്തവരാണ്. അതിനാല്‍തന്നെ പ്രായപൂര്‍ത്തി എന്നതുകൊണ്ടുദ്ദേശിക്കുന്നത് വിവേചനശേഷി ലഭിക്കുന്ന പ്രായമെത്തുക എന്നാണ്. അത് വ്യക്തിനിഷ്ഠവും സാഹചര്യബന്ധിതവുമാണ്. ഇതിന് കൃത്യമായ പ്രായപരിഗണന നല്കാന്‍ കഴിയില്ല.

പുരുഷനാണെങ്കില്‍ മീശ, താടിരോമം മുളയ്ക്കുക, സ്ഖലനമുണ്ടാകുക, സ്ത്രീക്ക് ആര്‍ത്തവം ഉണ്ടാവുക എന്നിങ്ങനെ ചില ശാരീരിക അടയാളങ്ങള്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിഷ്‌കര്‍ഷി ച്ചിട്ടുണ്ടെങ്കിലും ഇത് മാത്രമോ ഇത്തന്നെയോ അടയാളങ്ങളായി പരിഗണിക്കാന്‍ കഴിയില്ല. മാനസിക പക്വത അളക്കാന്‍ ഇവ അപര്യാപ്തമാണ്. ഈ അടയാളങ്ങള്‍ ഉണ്ടായതുകൊണ്ട് പക്വത പ്രാപിച്ചു എന്നോ ഇവ സംജാതമാകാത്തവരെല്ലാം പക്വത ഇല്ലാത്തവരാണെന്നോ വിധിക്കാന്‍ പറ്റില്ലല്ലോ.

Feedback