Skip to main content

വ്രതത്തിന്റെ ആത്മാവ്

മനുഷ്യനെ ആത്മീയവും മാനസികവും ശാരീരികവുമായി സുരക്ഷിതനാക്കി നിലനിര്‍ത്തുക എന്നതാണ് ഇസ്‌ലാമിലെ വ്രതലക്ഷ്യം. വൈകല്യങ്ങളില്ലാത്ത ആത്മീയതയുടെ ഉടമയായി നോമ്പുകാരന്‍ മാറണം. എല്ലാ മൃഗീയചോദനകളെയും പരാജയപ്പെടുത്തി മാനവികതയുടെ മാതൃകയാകണം. പ്രത്യക്ഷമോ പരോക്ഷമോ ആയ ഏതുതരം പ്രയാസങ്ങളെയും നേരിടാനുള്ള ആയുധമായി നോമ്പിനെ ഉപയോഗിക്കാന്‍ കഴിയണം. ദൈവിക നിര്‍ദേശങ്ങള്‍ ഏതും ഏറ്റെടുക്കാന്‍ ശക്തിയുള്ള വിശ്വാസം നിലനിര്‍ത്തണം. ദൈവം നിഷിദ്ധമാക്കിയ തിന്മകളെ തന്നില്‍ പ്രവേശിക്കാതെ അകറ്റിനിര്‍ത്താന്‍ കഴിയണം. സര്‍വോപരി ആരോഗ്യമുള്ള മനസ്സും ശരീരവുമായി ഈ മണ്ണിലെ ജീവിതം ആസ്വാദ്യമാക്കണം. ക്ഷണിക വികാരങ്ങള്‍ക്കടിപ്പെട്ട് അവന്‍ ദുര്‍ബലനും പരാജിതനുമാകരുത്. പരലോകമെന്ന ശാശ്വതലോകം സ്വര്‍ഗീയമാക്കുന്ന ആത്മവിശുദ്ധിനേടുകയും വേണം. ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഉപയുക്തമായ ഏറ്റവും നല്ല ആയുധമാണ് നോമ്പ് എന്നത്രെ നബി(സ്വ) ഉണര്‍ത്തുന്നത്.

'അല്ലാഹു പറഞ്ഞിരിക്കുന്നു: ആദം സന്തതികളുടെ ഓരോ പ്രവര്‍ത്തനവും അവന്നുള്ളതാണ്, നോമ്പൊഴികെ. അതെനിക്കുള്ളതാണ്. ഞാനാണതിന് പ്രതിഫലം നല്കുക. നോമ്പ് ഒരു പരിചയാണ്. നിങ്ങളിലൊരാള്‍ നോമ്പുകാരനായാല്‍ അവന്‍ ശണ്ഠയും അസഭ്യവും ഒഴിവാക്കട്ടെ. ആരെങ്കിലും അവനോട് കയര്‍ക്കുകയോ ശണ്ഠക്ക് മുതിരുകയോ ചെയ്താല്‍, താന്‍ നോമ്പുകാരനാണെന്ന് അവന്‍ പറയട്ടെ' (ബുഖാരി 1894, മുസ്‌ലിം).

നബി(സ്വ) ഓര്‍മിപ്പിക്കുന്നു: ചീത്തവാക്കുകളും മോശം പ്രവര്‍ത്തനങ്ങളും ഉപേക്ഷിക്കാത്തവന്റെ വ്രതം വെറും പട്ടിണിയാണ്, അത് അല്ലാഹുവിന് ആവശ്യമില്ല (ബുഖാരി 1903). 

അസഭ്യവും പരദൂഷണവുംകൊണ്ട് തകര്‍ക്കപ്പെടാതിരുന്നാല്‍ നോമ്പൊരു പരിചയാണ് (ദാരിമി).

അക്രമകാരിയായ ഭക്ഷണ പ്രിയത്തെയും അനിയന്ത്രിത ലൈംഗിക വികാരങ്ങളെയും ഈ പരിച തടുത്തുനിര്‍ത്തുന്നു. വിവാഹം കഴിക്കാന്‍ ശേഷിയില്ലാത്തവനോട് ധാര്‍മികത സൂക്ഷിക്കാനായി നോമ്പെടുക്കാനാണ് നബി(സ്വ) ഉപദേശിക്കുന്നത് (ബുഖാരി 5065). 

ഒരു ദാസന് നരകത്തെ പ്രതിരോധിക്കാനുള്ള പരിചയാണ് നോമ്പ് (സവാജിര്‍ 1/197).

റമദാന്‍ മാസത്തിലെ ആദ്യരാത്രി സമാഗതമായാല്‍  പിശാചുക്കളും ധിക്കാരികളായ ജിന്നുകളും തടവിലാക്കപ്പെടും. നരക കവാടങ്ങള്‍ അടയ്ക്കപ്പെടും. അതില്‍നിന്ന് ഒരു കവാടവും പിന്നെ തുറക്കപ്പെടുകയില്ല. സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും ചെയ്യും (തിര്‍മിദി, ഇബ്‌നുമാജ). ഈ നബിവചനം നോമ്പ് വിശ്വാസിയിലുണ്ടാക്കുന്ന ആത്മീയ പരിവര്‍ത്തനത്തെ സൂചിപ്പിക്കുന്നതാണ്.


 

Feedback