Skip to main content

നീതിയിലാണ് നിലനില്പ്

സമൂഹത്തിന്‍റെ ആരോഗ്യകരമായ നിലനില്‍പിന് അനിവാര്യമായ ഘടകങ്ങളിലൊന്നാണ് നീതി. ഭരണാധികാരികളും ഉത്തരവാദിത്വം ഏറ്റെടുത്തവരുമാണ് നീതി ചെയ്യേണ്ടത്. ഒരേ തരത്തില്‍ പരിഗണിക്കേണ്ടവരെ വിവേചനപരമായി കാണുകയും ചിലര്‍ക്ക് അവിഹിതമായി നല്‍കുകയും ചെയ്യുമ്പോള്‍ അവിടെ നീതിയില്ല.

43r


ഏതൊരു രാജ്യവും അതിന്‍റെ ഭരണഘടനയില്‍ തന്നെ പ്രജകള്‍ക്ക് നീതി ഉറപ്പു വരുത്തുന്നു. നീതിനിഷ്ഠമായ ഭരണമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. സമൂഹത്തിന്‍റെ ഏതെങ്കിലും തലത്തില്‍ നീതി നിഷേധിക്കപ്പെടുകയോ അര്‍ഹരായവര്‍ക്ക് നീതി ലഭിക്കാതിരിക്കുകയോ ചെയ്താല്‍ നീതി തേടി കോടതിയെ സമീപിക്കാനുള്ള അവകാശം പൗരന്‍മാര്‍ക്ക് നല്‍കുകയും അവര്‍ക്ക് നീതി ലഭ്യമാക്കുകയും ചെയ്യാനുള്ള നീതിന്യായവ്യവസ്ഥ എല്ലാ രാജ്യങ്ങളിലും നിലിവിലുണ്ട്.

നീതി നടപ്പാക്കുക എന്നത് ഭരണാധികാരികള്‍ക്കു മാത്രം ബാധകമായ കാര്യമല്ല. അടുക്കള തൊട്ട് അന്താരാഷ്ട്രതലം വരെ ഇത് ബാധകമാണ്. മാതാപിതാക്കള്‍ മക്കളോടും അദ്ധ്യാപകര്‍ പഠിതാക്കളോടും സ്ഥാപനമേധാവികള്‍ സഹപ്രവര്‍ത്തകരോടും വിവേചന രഹിതമായും നീതിനിഷ്ഠമായും പെരുമാറുമ്പോള്‍ മാത്രമേ സമൂഹം നന്നാവുകയുള്ളൂ.

എല്ലാ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും നീതിയെ ഉത്കൃഷ്ട ഗുണമായി കാണുന്നു. സമൂഹത്തിലെ അവശവിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നീതി നല്‍കുന്നതില്‍ വീഴ്ച വരുന്നതാണ് സാമൂഹിക അസമത്വം നടമാടാന്‍ പലപ്പോഴും കാരണമാകുന്നത്.

സാമൂഹിക നീതിക്ക് ഏറെ പ്രാധാന്യം കൊടുത്ത മതമാണ് ഇസ്ലാം. വെളുത്തവന്‍, കറുത്തവന്‍, സമ്പന്നന്‍, ദരിദ്രന്‍, ആണ്‍, പെണ്‍ തുടങ്ങി മനുഷ്യ സമൂഹത്തിലെ വൈജാത്യങ്ങള്‍ പ്രകൃതി സംതുലനത്തിന്‍റെ ദൈവിക സംവിധാനമാണെന്നും അത് ഉച്ചനീചത്വങ്ങള്‍ക്ക് മാനദണ്ഡമാക്കാവതല്ലെന്നും ഇസ്ലാം അനുശാസിക്കുന്നു. ഒരു മാതാവിന്‍റെയും പിതാവിന്‍റെയും സന്താനങ്ങളായ മനുഷ്യര്‍ക്കിടയില്‍ എന്ത് അസമത്വം, അനീതി. അത് ഉണ്ടാക്കാന്‍ ഒരിക്കലും പാടില്ല. വിശുദ്ധ ഖുര്‍ആനിന്‍റെ അധ്യാപനം ഇങ്ങനെയാണ്.

ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില് ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷജ്ഞാനിയുമാകുന്നു(49:13).

മനുഷ്യ സമൂഹത്തെ എക്കാലത്തും പിന്നോട്ടു വലിച്ചുകൊണ്ടിരിക്കുന്ന വര്‍ഗപരവും വംശപരവുമായ മേല്‍ക്കോയ്മക്കെതിരെ മുഹമ്മദ് നബി(സ്വ) തന്‍റെ ആദര്‍ശപ്രബോധനത്തില്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ജന്മാവസ്ഥയും ഗോത്രവും സമ്പത്തും രൂപവും നിറവുമെല്ലാം സാമൂഹിക അരികുവത്കരണത്തിന് മാനദണ്ഡമായിരുന്ന കാലമാണ് ഏഴാം നൂറ്റാണ്ട്. വെളുത്തവന് കറുത്തവനെക്കാള്‍, അറബിക്ക് അനറബിയെക്കാള്‍, യജമാനന് അടിമയെക്കാള്‍, സ്വരൂപവാന് ഭിന്നശേഷിക്കാരനെക്കാള്‍ യാതൊരു മഹത്ത്വവുമില്ലെന്ന് നബി പഠിപ്പിക്കുന്നു. വൈവിധ്യങ്ങളുടെ സഹകരണമാണ് മഹത്തായ മാനവികതയും മതവുമെന്ന് പഠിപ്പിക്കുന്ന ഹജ്ജ് വേളയില്‍ തന്നെ മുഹമ്മദ് നബി(സ്വ) ഇത് ജനങ്ങളെ പ്രത്യേകം ഉദ്ബോധിപ്പിച്ചതാണ്, ചരിത്രത്തില്‍ തുല്യതയില്ലാത്ത സാമൂഹിക നീതി പ്രഖ്യാപനമായ അറഫാ പ്രഭാഷണം വളരെ ശ്രദ്ധേയമാണ്. 

പ്രകൃതിപരമായ പ്രത്യേകതകള്‍ ചിലപ്പോള്‍ അത്തരം വ്യക്തികളുടെ മനുഷ്യാവകാശങ്ങള്‍ക്ക് ഊനം തട്ടിച്ചേക്കാമെന്നതിനാല്‍ നീതിമാനായ സ്രഷ്ടാവ് ഇത്തരം അവശതയനുഭവിക്കുന്നവരെ ശാക്തീകരിക്കുന്നതിനായി യുക്തവും പ്രായോഗികവുമായ സംവിധാനങ്ങള്‍ മതശാസനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് അതാണ് അഗതി, അനാഥ, വിധവ, രോഗി, ഭിന്നശേഷിക്കാരന്‍ തുടങ്ങി പ്രത്യക്ഷത്തില്‍ സാമൂഹിക അസമത്വത്തിന് വിധേയരാക്കപ്പെട്ടേക്കാവുന്ന വിഭാഗങ്ങള്‍ക്ക് ഇസ്ലാം നല്കുന്ന കരുതലും പരിഗണനയും. ഇവരുടെ ഈ അവസ്ഥകള്‍ കാരണം അവര്‍ക്ക് അര്‍ഹമായതൊന്നും നഷ്ടപ്പെട്ടുകൂട. അവരെ മുഖ്യധാരയില്‍ എത്തിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്‍റെയും അതിന് നേതൃത്വം നല്കുന്ന ഭരണകൂടത്തിന്‍റെയും ബാധ്യതയായാണ് ഇസ്‌ലാം കാണുന്നത്.

അഗതിക്ക് വിഭവം നല്കാതിരിക്കുന്നത് മാത്രമല്ല അതിന് മറ്റുള്ളവരെ പ്രേരിപ്പിക്കാത്തത് പോലും മതനിഷേധമായി ഖുര്‍ആന്‍ പഠിപ്പിക്കുന്നു. അനാഥയെ പരിഗണിച്ചാല്‍ പോരാ, അവനെ ആദരിക്കേണ്ടതുണ്ടെന്നും അവന്‍റെ വിഭവം തട്ടിയെടുത്തവനാകട്ടെ നരകത്തീയാണ് ആഹരിക്കുന്നത് എന്നും ഖുര്‍ആന്‍ താക്കീതുചെയ്യുന്നു (4:10). വിധവക്ക് വേണ്ടി അധ്വാനിക്കുന്നവന്‍ ദൈവമാര്‍ഗത്തിലെ യോദ്ധാവാണെന്നാണ് മുഹമ്മദ് നബി(സ്വ)യുടെ അധ്യാപനം (ബുഖാരി:5355). രോഗിക്കും ഭിന്നശേഷിക്കാരനും വിവേചനമില്ലാത്ത അവകാശങ്ങളുണ്ട് അവ അടുത്ത ബന്ധുക്കളില്‍ മാത്രമല്ല സമൂഹത്തിന്‍റെ മൊത്തം ബാധ്യതയാണ്. (ബുഖാരി:239, വിശുദ്ധ ഖുര്‍ആന്‍ അധ്യായം 80:സൂറ അബസ) അതിനാല്‍ തന്നെ ഒരു മനുഷ്യന്‍റെയും ജന്മാവകാശങ്ങള്‍ നിഷേധിക്കപ്പെടാനോ അതുവഴി അനീതിക്കോ വിവേചനത്തിനോ വിധേയനാകാനോ പാടില്ല.

സാമൂഹിക നീതി പൊതു സമൂഹത്തിന്‍റെയും ഭരണകൂടത്തിന്‍റെയും ഔദാര്യമല്ല. നിഷേധിക്കപ്പെട്ടവരുടെ അവകാശമാണെന്ന കാഴ്ചപ്പാട് ആധുനിക സമൂഹങ്ങള്‍ക്ക് പരിചിതമായിത്തുടങ്ങിയത് ഈ അടുത്ത കാലത്താണ്. നീതിയുടെ പര്യായമായി ചരിത്രം രേഖപ്പെടുത്തിയ രണ്ടാം ഖലീഫ ഉമറുബ്നുല്‍ ഖത്താബ് (റ) ന്‍റെ കാലത്ത് സാമൂഹ്യനീതി വകുപ്പിന് വ്യവസ്ഥാപിതമായ രൂപമുണ്ടാക്കിയിരുന്നുവെന്ന് കാണാം. ജനിച്ച കുഞ്ഞിനുള്ള റേഷന്‍ അവകാശം മുതല്‍ അമുസ്‌ലിം  പൗരന്മാര്‍ക്കുള്ള വാര്‍ധക്യകാല പെന്‍ഷന്‍ വരെ അദ്ദേഹം നടപ്പാക്കുകയുണ്ടായി.

Feedback
  • Friday Jun 14, 2024
  • Dhu al-Hijja 7 1445