Skip to main content
gf

പ്രതിസന്ധികളും പെരുന്നാളാഘോഷവും

എല്ലാ സഹോദരങ്ങള്‍ക്കും ഈദുല്‍ ഫിത്വ് ര്‍   ആശംസകള്‍ !

ഈദുല്‍ ഫിത്വ് ര്‍ ... ഒരു മാസത്തെ വ്രത പിറ്റേന്ന് മുസ്‌ലിംകൾ ആഘോഷിക്കുന്ന പെരുന്നാള്‍. തിരക്കുപിടിച്ച ജീവിതപ്പാതയില്‍ നിന്നല്‍പം മാറി, പിരിമുറുക്കം അനുഭവിക്കുന്ന മനസ്സുകള്‍ക്ക് ആശ്വാസം നല്‍കി, സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള ബാധ്യതകള്‍ നിറവേറ്റി വിശ്വാസികള്‍ക്ക് മനം കുളിര്‍പ്പേകുന്നതാണ് പെരുന്നാള്‍. ഒത്തുചേര്‍ന്ന് സന്തോഷം പങ്കുവെച്ച് ദുഃഖങ്ങള്‍ വിസ്മരിക്കുന്ന മനുഷ്യ പ്രകൃതിയുടെ അംഗീകാരമാണ് ആഘോഷം എന്ന സങ്കല്‍പം. 
മാനവതയെ പൂര്‍ണമായും അംഗീകരിക്കുന്ന ഇസ്‌ലാം നിര്‍ദ്ദേശിച്ച രണ്ട് ആഘോഷങ്ങളിലൊന്നാണ് ഈദുല്‍ ഫിത്വ് ര്‍ .
പക്ഷേ...
ആനന്ദത്തിന്‍റെ, ആഘോഷത്തിന്‍റെ നിറം കെടുത്തിയ കോവിഡ് 19 നമ്മെ വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പെരുന്നാള്‍. ആഘോഷമില്ല, ആള്‍ക്കൂട്ടമില്ല, ഒത്തുചേരാന്‍ പറ്റില്ല. എന്തിന്... പള്ളിയില്‍ പെരുന്നാള്‍ നമസ്കാരമില്ല, മൈതാനിയിലെ പെരുന്നാള്‍ നമസ്കാരങ്ങളില്ല.

എങ്ങും രോഗം, വേദന, ദൈന്യം, നിസ്സഹായത, മരണം, ഖബര്‍, ചിത.... നിസ്സഹായതയുടെ വിലാപമാണെങ്ങും. പ്രാണവായു കിട്ടാതെ, കൊടുക്കാന്‍ കഴിയാതെ മരണപ്പെടുന്ന ഉറ്റവര്‍, ഉടയവര്‍. ആംബുലന്‍സില്ല, അടക്കാന്‍ ശ്മശാനമില്ല, നൂറു കണക്കിന് മൃതദേഹങ്ങള്‍ നദിയില്‍ ഒഴുകി വന്ന ഭീതിത വാര്‍ത്ത...

സാരമില്ല. അല്ലാഹുവിന്‍റെ പരീക്ഷണം, കടുത്ത പരീക്ഷണം. അതിലും വിജയിക്കണം. വിശ്വാസിക്ക് നിരാശയില്ല. എന്നാല്‍ അവര്‍ നിസ്സംഗരല്ല. കടുത്ത പരീക്ഷണ ഘട്ടത്തിലും ധര്‍മം നിറവേറ്റുന്നവരാണ് വിശ്വാസികള്‍.

പള്ളികളോ ഈദുഗാഹുകളോ ഇല്ല. എന്നാല്‍ ഓരോ വീടും ഈദുഗാഹുകളായി മാറട്ടെ. അതിരാവിലെ തക്ബീര്‍ മുഴക്കി, കുളിച്ചൊരുങ്ങി, ഉടുത്തൊരുങ്ങി, ആബാലവൃദ്ധം പെരുന്നാള്‍ നമസ്കരിക്കുന്നു; വീടുകളില്‍.

ആശംസകള്‍ നേരാന്‍ സമ്പര്‍ക്കമില്ല, സന്ദര്‍ശനമില്ല. എന്നാല്‍ ഓണ്‍ലൈന്‍ സൗകര്യത്തില്‍ വേണ്ടപ്പെട്ടവരെയെല്ലാം ബന്ധപ്പെടണം. ബന്ധുക്കള്‍ വയോജനങ്ങള്‍, രോഗികള്‍, ക്വാറന്‍റീനില്‍ ഒറ്റപ്പെട്ടവര്‍, സുഹൃത്തുക്കള്‍ എല്ലാവരും പരസ്പരം വിളിക്കട്ടെ. സാമൂഹിക ശാരീരിക അകലങ്ങളിലും മാനസിക ആത്മീയ അടുപ്പം ബലപ്പെടുത്താന്‍ ഈയവസരം ഉപയോഗപ്പെടുത്തുകയാണ് വിശ്വാസി വേണ്ടത്.

സകാത്തുല്‍ ഫിത്വ് ര്‍ , റിലീഫ് പ്രവര്‍ത്തനങ്ങള്‍ എല്ലാം നടക്കുന്നു; ആള്‍ക്കൂട്ടമില്ലാതെ. സഹജീവികളെ സഹായിക്കുന്നു; പ്രോട്ടോക്കോള്‍ ലംഘനമില്ലാതെ.
നോമ്പിന്‍റെ ക്ഷീണമറിയാതെ, അത്താഴമോ നോമ്പുതുറയോ ഇല്ലാതെ കോവിഡുകേന്ദ്രങ്ങളിലും ശ്മശാനങ്ങളിലും കഴിച്ചു കൂട്ടിയ വിശ്വാസികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍... നാഥാ നീ മാത്രമാണവര്‍ക്ക് തുണ. പ്രത്യുപകാരം ചെയ്യാന്‍ ആര്‍ക്കും കഴിയാത്ത സേവനങ്ങള്‍. വീട്ടില്‍ പെരുന്നാളാഘോഷിക്കുമ്പോള്‍ അവര്‍ക്കു വേണ്ടിയും നാം പ്രാര്‍ത്ഥിക്കുക. ആരോഗ്യരംഗത്തെ സേവന വീഥിയില്‍ മരിച്ചു വീണവര്‍ ശഹീദുകളാണെന്നറിയുക. ആശുപത്രിയാക്കാന്‍ പള്ളി വിട്ടുകൊടുത്ത വിശ്വാസത്തിന്‍റെ ഔന്നത്യം വിലമതിക്കാന്‍ കഴിയില്ല.

അധികൃതരുമായി പൂര്‍ണ സഹകരണം. ആവശ്യമുള്ളേടത്ത് സേവനം ചെയ്യാന്‍ സന്നദ്ധത. സര്‍വ്വോപരി സര്‍വേശ്വരനോട് അകമഴിഞ്ഞ പ്രാര്‍ഥന. ഇങ്ങനെയാവട്ടെ 2021ലെ ഈദുല്‍ ഫിത്വ് ര്‍.. 

അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്

Feedback