Skip to main content

ജനാധിപത്യത്തിന്‍റെ കാവലാളാവുക

പതിനഞ്ചാമത് കേരള നിയമസഭയിലേക്കുള്ള 140 ജനപ്രതിനിധികള്‍ നിശ്ചയിക്കപ്പെട്ടു. ഏതാനും ദിവസങ്ങള്‍ക്കകം പുതിയ സര്‍ക്കാര്‍ നിലവില്‍ വരും. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് അഭിവാദനങ്ങള്‍. 

വളരെ ഗൗരവപൂര്‍വം സമീപിക്കേണ്ട ഒരു സംഗതിയാണ് തെരഞ്ഞെടുപ്പ്. ജനാധിപത്യ സംവിധാനത്തിന്‍റെ അടിസ്ഥാന ശിലയാണത്. രാഷ്ട്രീയപ്പാര്‍ട്ടികളോ പാര്‍ട്ടികള്‍ ചേര്‍ന്ന മുന്നണികളോ ആണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജനഹിതമനുസരിച്ച് ഭൂരിപക്ഷം നേടിയവര്‍ അടുത്ത അഞ്ചു വര്‍ഷം കേരളസംസ്ഥാനത്തിന്‍റെ ഭരണത്തിന് നേതൃത്വം വഹിക്കും. സാങ്കേതിക ഭൂരിപക്ഷത്തില്‍ കുറവു വന്ന കക്ഷി/മുന്നണി പ്രതിപക്ഷത്തായിരിക്കും. ഇതാണ് നമ്മുടെ ജനാധിപത്യ രീതിയുടെ ആകെത്തുക.

ചില യാഥാര്‍ഥ്യങ്ങള്‍ എല്ലാവരും ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. ഇവിടെ ഭരിക്കുന്നത് രാജാവല്ല. ഒരു ഏകാധിപതിയല്ല. ചൈന പോലെ പാര്‍ട്ടി എന്ന പേരില്‍ ചിലരല്ല. ജനങ്ങള്‍ തന്നെയാണ് ഭരിക്കുന്നത്. ജനങ്ങള്‍ തന്നെ ഭരണീയരും.Democracy of the people, for the people, by the people എന്നതാണ് നമ്മുടെ ആപ്തവാക്യം. ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്നതാണ് സര്‍ക്കാര്‍ എന്ന യാഥാര്‍ഥ്യം എത്ര പേര്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. മന്ത്രിയുടെ പദവി തന്നെയാണ് പ്രതിപക്ഷ നേതാവിനുള്ളത്. നന്മയില്‍ സര്‍ക്കാറിനൊപ്പം നില്‍ക്കുക, തെറ്റു വന്നാല്‍ ശ്രദ്ധയില്‍ പെടുത്തുക. ഇതാണ് പ്രതിപക്ഷധര്‍മം. പ്രതിപക്ഷ ബഹുമാനം എന്നത് സാമാന്യമര്യാദയുടെ ഭാഗം മാത്രമല്ല സര്‍ക്കാറിന്‍റെ ബാധ്യതയുമാണ്. നിയമനിര്‍മാണ സഭയില്‍ നിയമങ്ങള്‍ നിര്‍മിക്കുന്നതും മാറ്റങ്ങള്‍ വരുത്തുന്നതും ജനങ്ങള്‍ക്കു വേണ്ടിയാണ്. പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കു വേണ്ടിയല്ല.

ഓരോ പാര്‍ട്ടിക്കും അവരവരുടെ ആദര്‍ശങ്ങളും നയനിലപാടുകളും ഉണ്ടാവും. എല്ലാം ഒന്നാക്കാന്‍ കഴിയില്ല. എന്നാല്‍ വൈവിധ്യങ്ങള്‍ നില നില്‍ക്കെത്തന്നെ പ്രജാക്ഷേമ തത്പരത എന്ന ബിന്ദുവില്‍ എല്ലാവരും യോജിക്കണം. ജനസേവന രംഗത്ത് ജാതി മത പ്രദേശ വിവേചനമരുത്. പിന്നാക്കക്കാരെയും പ്രത്യേക പരിഗണനയര്‍ഹിക്കുന്നവരെയും പരിഗണിക്കണം. സംസ്ഥാനത്തിന്‍റെ പുരോഗതി എന്ന കാര്യത്തില്‍ ഭരണ പ്രതിപക്ഷ ഭേദമരുത്.

സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത് പൊതുമുതലാണ്. പൊതുമുതല്‍ പൊതു ആവശ്യത്തിനല്ലാതെ ഉപയോഗിച്ചു കൂടാ. പൊതുസംവിധാനങ്ങള്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടി വിനിയോഗിച്ചാല്‍ അഴിമതിയായി. അഴിമതി മുക്ത ഭരണമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ കസേരയിലിരുന്നു കൊണ്ട് പൊതുമുതല്‍ ദുര്‍വിനിയോഗം ചെയ്യുന്നതു പോലെത്തന്നെ ശിക്ഷാര്‍ഹമാണ് സര്‍ക്കാറിനെ എതിര്‍ക്കാന്‍ വേണ്ടി പൊതുമുതല്‍ നശിപ്പിക്കുന്നതും. അത് പ്രതിപക്ഷമായാലും പൊതുജനങ്ങളായാലും ശരി.

മെയ് രണ്ടിന് വോട്ടെണ്ണിക്കഴിയുമ്പോള്‍ തെരഞ്ഞെടുക്കപ്പെടുന്ന ആള്‍ അയാളുടെ പാര്‍ട്ടിയുടെ എം.എല്‍.എ. അല്ല. ആ മണ്ഡലത്തിലെ ജനങ്ങളുടെ പ്രതിനിധിയാണ്. രൂപീകരിക്കപ്പെടുന്ന സര്‍ക്കാര്‍ കേരളത്തിന്‍റേതാണ്. ഈ ബോധം സര്‍ക്കാറിനും ജനങ്ങള്‍ക്കും ഉണ്ടെങ്കില്‍ അത് ക്ഷേമരാജ്യത്തിലേക്കുള്ള വഴിയാണ്. സ്വജനപക്ഷപാതമോ ജാതി മത പാര്‍ട്ടി വിവേചനമോ ഒരു കാര്യത്തിനും മാനദണ്ഡമല്ല, അര്‍ഹതക്കാണ് മുന്‍ഗണന. ഭരണാധികാരികള്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് സമൂഹത്തിനിടയില്‍ കാണിക്കുന്ന വിവേചനവും അനീതിയുമാണ്.

ഏതു ഭരണത്തെയും ജനങ്ങള്‍ വെറുക്കാന്‍ കാരണം അവര്‍ കാണിക്കുന്ന കെടുകാര്യസ്ഥതയും അഴിമതിയുമാണ്. അധികാരം അലങ്കാരമല്ല, അഹങ്കാരത്തിനുള്ള കാരണവുമല്ല. അധികാരം ഉത്തരവാദിത്വമാണ്. അത് പരമാവധി നിര്‍വഹിക്കുന്നവരാണ് സത്യസന്ധര്‍, ഏതു പാര്‍ട്ടിക്കാരായാലും.

പ്രാപ്തമായിതു രാജ്യമെനിക്കെന്നകതാരി-
ലോര്‍ത്തു വര്‍ത്തിച്ചീടരുതുര്‍വീശനസാം വ്രതം.
 

Feedback