Skip to main content
FDF

ഭരണഘടനയുടെ കാവലാളാവുക

സ്വതന്ത്ര ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പില്‍ നാഴികക്കല്ലായി ഗണിക്കപ്പെട്ട ഒരു ദിനമാണ് 1950 ജനുവരി 26. ഇന്ത്യ പരമാധികാര ജനാധിപത്യരാജ്യമായി പ്രഖ്യാപിക്കുകയും അതിനനുസൃതമായി ലിഖിതഭരണഘടന പ്രാബല്യത്തില്‍ വരികയും ചെയ്ത ദിനമായിരുന്നു അത്. തുടര്‍ന്ന് ഓരോ വര്‍ഷവും റിപ്പബ്ളിക് ദിനം ദേശീയപ്രാധാന്യത്തോടെ ആഘോഷിച്ചു വരികയാണ്. WE, THE PEOPLE OF INDIA, having solemnly resolved to constitute India into a SOVEREIGN SOCIALIST SECULAR DEMOCRATIC REPUBLIC and to secure to all its citizens എന്ന ഭരണഘടനയുടെ ആമുഖത്തിലെ പ്രഥമവാക്യത്തില്‍ നവഭാരത ശില്പികളായ മഹാമനീഷികളുടെ ദീര്‍ഘവീക്ഷണവും ഉത്തമ കാഴ്ചപ്പാടും ഉയര്‍ന്ന ചിന്തയും പ്രകടമാണ്.

ഇന്ത്യ അതിന്‍റെ 72ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍ തലസ്ഥാന നഗരിയില്‍ ജീവിക്കാനും ഭക്ഷിക്കുവാനും കൃഷിക്കുമുള്ള അവകാശങ്ങള്‍ക്ക് വേണ്ടി പതിനായിരങ്ങള്‍ സമരമുഖത്താണ്. മാസങ്ങളായി അവര്‍ പൊരുതുകയാണ്. കര്‍ഷക സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാതെ ഈ അഭിമാന സുദിനത്തെ സ്മരിക്കാന്‍ കഴിയില്ല. ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ, റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുമ്പോള്‍ രാഷ്ട്ര, ഭരണഘടന ശില്പ്പികള്‍ നിര്‍വഹിച്ചതും നിര്‍വചിച്ചതുമായ രാഷ്ട്ര മൂല്യങ്ങളെല്ലാം കടുത്ത വെല്ലുവിളി നേരിടുകയാണ്. 

ഭരണഘടനയുടെ ആമുഖത്തില്‍ 'നാം ഭാരതത്തിലെ ജനങ്ങള്‍' എന്ന് ഓരോ പൗരനും പ്രഖ്യാപിക്കുമ്പോള്‍, എന്‍റെ രാജ്യത്തിലെ പൗരനാണെന്ന നിര്‍വൃതിയുയരുന്നുണ്ട്. പക്ഷേ ഈ പ്രഖ്യാപനം ചിലരെങ്കിലും ഇനിമേല്‍ ഉരുവിടേണ്ടതില്ലെന്ന് ചില ഭരണഘടനാ സ്ഥാപനങ്ങളില്‍ നിന്ന് പോലും കേള്‍ക്കേണ്ടി വരുന്നു. പൗരത്വ പ്രക്ഷോഭങ്ങളുടെ ചരിത്രവും വര്‍ത്തമാനവും ഇതാണല്ലോ നമ്മെ ബോധ്യപ്പെടുത്തുന്നത്.

ജനാധിപത്യം, ജനങ്ങളുടെ മേലുള്ള ആധിപത്യമായും മതേതരത്വം, മതം തരം പോലെ ഇടപെടുന്നത് എന്നുമുള്ള തകിടം മറിയലുകളാണ് വര്‍ത്തമാന ഇന്ത്യയില്‍ കാണുന്നത്. ഏറെ പവിത്രമായി പരിഗണിക്കേണ്ട ഭരണഘടനാമൂല്യങ്ങളെ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് മുന്നില്‍ അടിയറ വെച്ച് പ്രജാക്ഷേമവും രാജ്യ വികസനവും ഉപരി വര്‍ഗങ്ങളില്‍ മാത്രം പരിമിതപ്പെടുത്തുന്ന കാഴ്ചകള്‍. സാധാരണ പൗരന്‍റെ കണ്ണുനീരിനും കിതപ്പിനും ഒട്ടും പ്രാധാന്യമില്ലാത്ത ഭരണക്രമം. ഇന്ത്യയെന്നത്, സാധാരണക്കാരന്‍റെയും കര്‍ഷകന്‍റെയുമാണെന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ശിലാഫലകങ്ങളില്‍ വിശ്രമിക്കുകയാണ്.

"വെയില്‍ കൊണ്ടവര്‍ക്കേ തണലിന്‍റെ മഹത്വമറിയൂ" എന്ന വാക്യം പ്രസക്തമാണ്. ബ്രിട്ടീഷുകാരോട് പടപൊരുതി ജീവാര്‍പ്പണം നടത്തി നേടിയ ഇന്ത്യന്‍ സ്വാതന്ത്ര്യം. അതിന്‍റെ വിലയറിയുമ്പോഴേ സ്വാതന്ത്ര്യ-റിപ്പബ്ളിക് ദിനാചരണങ്ങള്‍ക്ക് പ്രസക്തിയുള്ളൂ. എന്നാല്‍ സ്വാതന്ത്ര്യ സമരങ്ങളോടും പോരാട്ടങ്ങളോടും എതിരു നിന്ന് ബ്രിട്ടീ്ഷ് സാമ്രാജ്യത്വത്തിന്‍റെ പാദസേവകരായി ചരിത്രത്തില്‍ അറിയപ്പെട്ടവരുടെ തുടര്‍ച്ചയാണ് വര്‍ത്തമാനകാല ഇന്ത്യയെ നയിക്കുന്നത്. സമകാല ഇന്ത്യയുടെ ദുരന്തങ്ങളുടെ മൂലകാരണം ഇതാണ്.

ഇന്ത്യയുടെ വൈവിധ്യമാണ് ലോകത്ത് ഉജ്ജ്വലമായി നില്‍ക്കുന്നത്. വൈവിധ്യങ്ങളിലും ഏകമാനവികതയും പൗരസമത്വവും അടിസ്ഥാനമാക്കിയാണ് ഭരണഘടന രൂപപ്പെടുത്തിയിട്ടുള്ളത്. ന്യൂനപക്ഷ പിന്നാക്ക അവശജനവിഭാഗങ്ങളുടെ ഉന്നമനവും അവകാശ സംരക്ഷണവും അത് ഊര്‍ജ്ജമായി പരിഗണിക്കുന്നു. അതാണ് ഇന്ത്യന്‍ ദേശീയത.

വര്‍ഗീയതയുടെ, മതഭ്രാന്തിന്‍റെ, വംശവെറിയുടെ അടിവേരറുക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. നീതിയും സമത്വവും മതനിരപേക്ഷതയും പവിത്രമായി സംരക്ഷിക്കുകയാണ് ഡോ. അംബേദ്കര്‍ നേതൃത്വം നല്‍കിയ ഭരണഘടനയില്‍ കാണുന്നത്. പ്രസ്തുത ഭരണഘടനയനുസരിച്ച് രാജ്യം ഭരിക്കുമ്പോഴാണ് ഇന്ത്യന്‍ റിപ്പബ്ലിക് അനുസ്മരണങ്ങള്‍ക്ക് ചൂടും ചൂരും ലഭ്യമാവുന്നത്.

ഫാസിസ്റ്റ് പ്രത്യയശാസ്ത്രം അപരവല്‍ക്കരണത്തെയും സങ്കുചിത ദേശീയതയെയും ഉദാത്തമായി കാണുന്നു. മതവൈരവും വിരോധവും വ്യത്യസ്ത കളറുകളില്‍ പകര്‍ന്ന് രാജ്യത്തെ പൗരന്മാരെ ഭിന്നതയുടെ പാളയത്തിലേക്ക് നയിക്കുകയാണ്.

രാജ്യം ഇത്രമേല്‍ ഭീതിതമായി മുന്നോട്ട് പോവുമ്പോഴും പ്രതീക്ഷയുടെ നിലക്കാത്ത പ്രവാഹമാണ് ഇന്ത്യന്‍ ഭരണഘടന. ഫാസിസ്റ്റ് വര്‍ഗീയ വിരുദ്ധമനസ്സാണ് ഇന്ത്യയുടെ ആത്മാവും പൗരന്മാരുടെ ഹൃദയങ്ങളും. മതത്തെ ശരിയായി തിരിച്ചറിഞ്ഞവരുടെ മതമൈത്രിയും ഞങ്ങള്‍ ഇന്ത്യക്കാര്‍ എന്ന ദേശീയബോധവും കൈമോശം വന്നിട്ടില്ല. ഭൂരിപക്ഷ ജനവിഭാഗങ്ങള്‍ ഫാസിസ്റ്റ് കോര്‍പ്പറേറ്റ് വല്‍കൃത ഭരണക്രമത്തെ ഉള്‍ക്കൊള്ളുന്നവരുമല്ല. ഇന്ത്യയുടെ ഗ്രാമങ്ങളില്‍ ഞങ്ങള്‍ ഇന്ത്യക്കാര്‍ എന്ന് പച്ചയായി പ്രഖ്യാപിക്കുന്ന മനുഷ്യര്‍ ഇവിടെയും പ്രതീക്ഷയുടെ പറുദീസകള്‍ നല്‍കുന്നു.

ഒരു മതമെന്ന നിലക്ക് ഇസ്ലാം, പിറന്ന നാടിനോടും ജീവിക്കുന്ന രാജ്യത്തോടും അടര്‍ത്തി മാറ്റാനാവാത്ത കടപ്പാടും ബാധ്യതയും വിശ്വാസികള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. രാജ്യസ്നേഹത്തെ വിശ്വാസത്തിന്‍റെ താത്പര്യമായി വീക്ഷിക്കുന്നു. രാജ്യനിയമങ്ങളോട് ബഹുമാനവും ആദരവും പുലര്‍ത്തേണ്ടത് മതപരമായ ബാധ്യതയാണ്.

പൗരന്‍ എന്ന നിലയ്ക്ക് ഓരോ വ്യക്തിയും രാജ്യസുരക്ഷയും സ്നേഹവും അടങ്ങാത്ത കരുത്തായി സ്വീകരിക്കേണ്ടതുണ്ട്. നിയമം കൈയിലെടുക്കാനോ അഭ്യന്തര ശൈഥില്യങ്ങള്‍ക്ക് പിന്തുണയേകാനോ പാടില്ല. വര്‍ഗീയ തീവ്രവാദ പ്രവണതകളെ മൗനം കൊണ്ട് പോലും പിന്തുണക്കാന്‍ പാടില്ലാത്തതാണ്. മതമൈത്രിയും നീതിനിര്‍വ്വഹണവും വിശ്വാസത്തിന്‍റെ സദ്ഫലമായി പിന്തുടരണം. 

പ്രതിഷേധങ്ങള്‍ക്ക് മതവികാരത്തിന്‍റെ ഛായ നല്‍കി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനെ മതം അപലപിക്കുന്നു. എരിതീയില്‍ എണ്ണയൊഴിക്കലാണ് വര്‍ഗീയതയെ പ്രതിവര്‍ഗീയത കൊണ്ട് നേരിടുന്നത്.

നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുകയെന്ന മൗലികമായ ആശയത്തെ മുറുകെ പിടിച്ച് മനസ്ഥിതിയുടെ പരിവര്‍ത്തനത്തിലൂടെ സാമൂഹ്യവിപ്ലവം സാര്‍ത്ഥകമാക്കാനാവുമെന്നാണ് ഇസ്ലാമും പഠിപ്പിക്കുന്നത്. ചരിത്രത്തില്‍ നാം ദര്‍ശിച്ചതും അതാണ് (ഖുര്‍ആന്‍ 8:53, 13:11). റിപ്പബ്ലിക് ദിന ചിന്തയില്‍ പൗരാവകാശത്തെ പവിത്രമായി കണ്ട്, ഈ സമൂഹ്യവിപ്ലവത്തിന് ഇമചിമ്മാതെ നാം കാവലാളാവുക.  

Feedback