Skip to main content
huh

മതത്തിന്‍റെ തണലില്‍ അവള്‍ സുരക്ഷിതയാണ്

മാനവ സമൂഹത്തിന്‍റെ അര്‍ധഭാഗമായ സ്ത്രീ ഈ പ്രപഞ്ചത്തിലെ അനുഗൃഹീതമായ ജന്മമാണ്. ജൈവ ലോകത്ത് മാതാവെന്ന പദവി അലങ്കരിക്കുക വഴി സ്ത്രീ പരിഗണനയുടെ പരമോന്നത പദവിയാണ് നേടുന്നത്. സാഹിത്യ മേഖലകളില്‍, കലാവിഷ്കാരങ്ങളില്‍ (അപമാനവീകരണതലം ഉള്ളത് വിസ്മരിക്കുന്നില്ല) പെണ്ണിന്‍റെ സ്ഥാനവും ചെറുതല്ല. ഒരു സമൂഹത്തിന്‍റെ രചനാത്മക മുന്നേറ്റത്തിന്‍റെ വഴിയില്‍ സ്ത്രീയുടെ പങ്ക് നിസ്തുലമാണ്.

ഇത്രയേറെ പരിഗണനയും മഹത്വവും സ്ത്രീ അര്‍ഹിക്കുന്നുവെങ്കിലും ലോകത്തിന്‍റെ മിക്കയിടങ്ങളിലും ഇത്രയേറെ അവമതിക്കപ്പെടുകയും സുരക്ഷിതത്വത്തിന് ഭീഷണി നേരിടുകയും ചെയ്യുന്നതും അവള്‍ തന്നെ!  

സ്ത്രീയോടുള്ള സമീപനത്തില്‍ മൂന്ന് തലങ്ങള്‍ കാണാം. ഒന്ന്, അവളെ ഇരുട്ടറകളിലും വീടകങ്ങളിലും തളച്ചിട്ട് പ്രകാശം തട്ടാത്തവളായി വളര്‍ത്തിയെടുക്കുന്ന ഓര്‍ത്തഡോക്സ് സമീപനം. മറ്റൊന്ന് സര്‍വ്വസ്വാതന്ത്ര്യവും നല്‍കി ആഭാസനൃത്ത നൃത്യങ്ങളിലും കാമകേളികളിലും നിറഞ്ഞാടുന്നതിന് അവസരമൊരുക്കുന്ന അവസ്ഥ. വിപണിയിലെ ചരക്കായി മെരുക്കുന്ന പെണ്ണുടല്‍. ഇവ രണ്ടും സ്ത്രീയുടെ വ്യക്തിത്വത്തെയും സദാചാര ജീവിതത്തെയും യുക്തിപരതയേയും തകര്‍ക്കുന്നതാണ്. മൂന്നാമത്തെ സമീപനം, അവളുടെ വ്യക്തിത്വവും അസ്തിത്വവും വ്യതിരിക്തതയും അംഗീകരിച്ച് ധാര്‍മ്മികതയില്‍ വിട്ടുവീഴ്ച കാണിക്കാതെ സുരക്ഷിതത്വം പ്രദാനം ചെയ്യുന്ന ഐഡിയല്‍ സമീപനമാണ്.

രാവും പകലും രണ്ട് വ്യത്യസ്ത അസ്തിത്വമാണെന്ന പോലെ സ്ത്രീയും പുരുഷനും വ്യത്യസ്തതയുള്ളവരാണ്. ജൈവ, സാമൂഹിക, കര്‍മ നിര്‍വ്വഹണ തലങ്ങളില്‍ ഈ വ്യതിരക്തതയാര്‍ന്ന സവിശേഷ തലത്തെയാണ് മതം അംഗീകരിക്കുന്നത്. ഇതൊരിക്കലും discrimination അല്ല. മറിച്ച് difference അംഗീകരിക്കലാണ്. അത്കൊണ്ട് തന്നെ സമത്വമെന്നത് സ്ത്രീയെയും പുരുഷനെയും എല്ലാ രംഗത്തും ഒരേ പോലെ അവതരിപ്പിക്കലും സമര്‍പ്പിക്കലുമല്ല അത് പ്രകൃതിവിരുദ്ധ അപമാനവീകരണവുമാണ്. പുരുഷന്‍റെ ജൈവഘടനയും ധര്‍മവുമല്ല സ്ത്രീയുടേത്. അതിനാല്‍ സ്ത്രീപുരുഷ സമത്വത്തിന് വേണ്ടി മുറവിളി കൂട്ടുമ്പോള്‍ ഈ ജൈവവൈവിധ്യം തിരിച്ചറിഞ്ഞ്, അവസരസമത്വം (Equity) അംഗീകരിക്കലാണ് സ്ത്രീ പരിഗണന മറിച്ച് തിരിച്ചറിവില്ലാത്ത Equalityക്ക് വേണ്ടി ശബ്ദിക്കുകയല്ല. രാവിനെ പകലാക്കാനാവില്ല. തിരിച്ചും. എന്നാല്‍ ആ രണ്ട് പ്രതിഭാസവും അതിന്‍റെ ധര്‍മം നിര്‍വ്വഹിക്കുകയും പരസ്പര പൂരകാശ്രിതത്വം നിര്‍വ്വഹിച്ച് ഒരു ദിവസത്തിന്‍റെ ഭാഗമായി പ്രതിനിധീകരിക്കുകയാണ് ചെയ്യുന്നത്. ഇതേ ധര്‍മ നിര്‍വ്വഹണമാണ് സ്ത്രീയുടെ കാര്യത്തിലും ഉണ്ടാവേണ്ടത്.

ഇസ്‌ലാം സ്ത്രീയെ ഏറെ ആദരിക്കുകയും പരിഗണിക്കുകയും ചെയ്യുന്നു. സ്ത്രീ ജന്മം അപമാനമായി കണ്ട് പെണ്‍കുട്ടികളെ കുഴിച്ചുമൂടിയിരുന്ന ഒരു ജനതയെ, സ്ത്രീ സമുദ്ധാരണത്തിന്‍റെയും സാമൂഹിക പിന്തുണയുടേയും രംഗത്ത് അത്യുന്നത മാതൃകയുള്ള സമൂഹമാക്കി പരിവര്‍ത്തിപ്പിച്ച ഒരു ചരിത്രം ലോകത്തിന് പറയാനുണ്ട്. പത്തൊന്‍പത്, ഇരുപത് നൂറ്റാണ്ടുകളില്‍ മാത്രം ലോകം സ്ത്രീകള്‍ക്ക് വക വെച്ച് നല്‍കിയ പല അവകാശങ്ങളും തത്വങ്ങളും ഏഴാം നൂറ്റാണ്ടില്‍ തന്നെ ഇസ്‌ലാം വകവെച്ച് നല്‍കിയിട്ടുണ്ട്.

ആണധികാരത്തിന്‍റെ ന്യൂനവശങ്ങള്‍ പോലും ഇസ്‌ലാം സമര്‍പ്പിക്കുന്നില്ല. ആണിന് പെണ്ണിന്‍റെ മേല്‍ അധികാര അധീശത്വമൊന്നും മതം നല്‍കുന്നില്ല. സ്ത്രീ, ഇണയായി വരുമ്പോള്‍ അവളുടേയും കുടുംബത്തിന്‍റെയും സമഗ്രമായ സംരക്ഷണ ഉത്തരവാദിത്വം എന്ന ചുമതല ഭര്‍ത്താവില്‍ ബാധ്യതയായി നിശ്ചയിക്കുകയാണ് ചെയ്തിട്ടുള്ളത്. (ഖുര്‍ആന്‍ 4:34).

ജീവിക്കാനുള്ള അവകാശം, സ്വത്തവകാശം, അനന്തരാവകാശം, ആരാധനാ സ്വാതന്ത്ര്യം, വൈവാഹികാവകാശങ്ങള്‍, വിമര്‍ശനാവകാശം, സാമൂഹ്യ, രാഷ്ട്രീയ സ്വാതന്ത്ര്യങ്ങള്‍, ജ്ഞാനാര്‍ജനാവകാശങ്ങള്‍, തുല്യപ്രതിഫലത്തിനുള്ള അവകാശം, തുടങ്ങി ഇസ്‌ലാം സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക്, പുരുഷന് തുല്യമായി പരിഗണിക്കുകയാണ് ചെയ്യുന്നത്.

സ്ത്രീ സുരക്ഷയെ സമൂഹസുരക്ഷയായി പരിഗണിക്കുക വഴി ഇസ്‌ലാം സ്ത്രീക്ക് മഹോന്നതമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തെറ്റായ മനോവിചാരങ്ങളിലൂടെ പോലും ഒരു സ്ത്രീ വേട്ടയാടപ്പെടരുതെന്ന പാഠം വിശ്വാസികളെ പഠിപ്പിക്കുക വഴി അതിമഹത്തായ സംരക്ഷണകവചമാണ് സ്ത്രീക്ക് വേണ്ടി ഒരുക്കുന്നത്. സമകാല സ്ത്രീ പീഡനസംഭവങ്ങളില്‍ അസ്വസ്ഥരാകുന്നവര്‍ക്ക്, പ്രവാചകന്‍ മുഹമ്മദ്(സ്വ) നിര്‍വ്വഹിച്ച തുല്യതയില്ലാത്ത സാമൂഹിക സദാചാര സ്ത്രീ സുരക്ഷാ വഴികള്‍ വലിയ ഗുണപാഠം നല്‍കുന്നുണ്ട്. അത്കൊണ്ട് തന്നെയാണ് ലോകത്ത് തുല്യതയില്ലാത്ത വനിതാ പ്രബുദ്ധരാണവും ശാക്തികരണ വിപ്ലവം നിര്‍വ്വഹിച്ച മഹോന്നത വ്യക്തിത്വമായി മുഹമ്മദ് നബിയെ മിസിസ് ആനിബസന്‍റ് പരിചയപ്പെടുത്തിയത്. 

Feedback
  • Saturday Sep 7, 2024
  • Rabia al-Awwal 3 1446